കനത്ത മഴ; വയനാട് ടൂറിസ്റ്റ് കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചു

കൽപറ്റ: ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചു. ദുരന്ത സാധ്യത നേരിടുന്ന ദുർബല പ്രദേശങ്ങളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾക്കാണ് നിരോധനം.

ക്വാറികൾക്കും യന്ത്രസഹായത്തോടെ മണ്ണ് നീക്കംചെയ്യുന്നതിനും ഏർപ്പെടുത്തിയ നിരോധനം തുടരുമെന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു.

സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കൻ ആന്ധ്രപ്രദേശിന്റെയും തെക്കൻ ഒഡിഷ തീരത്തിനും മുകളിലായുള്ള ചക്രവാതച്ചുഴി 24 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി ശക്തി പ്രാപിച്ചേക്കും. വ്യാഴാഴ്ച ഒറ്റപ്പെട്ട അതിശക്തമായ മഴക്കും ശനിയാഴ്ചവരെ ഒറ്റപ്പെട്ട ശക്തമായ മഴക്കുമാണ് സാധ്യത.

24 മണിക്കൂറിൽ 115.6 മി.മീ മുതൽ 204.4 മി.മീ വരെ മഴ ലഭിക്കാനുള്ള സാധ്യതയാണുള്ളത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ടായിരിക്കും. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ. മലയോര മേഖലയിലുള്ളവരും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

Tags:    
News Summary - Heavy rains; Wayanad tourist centers temporarily closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.