ശൈത്യകാലത്തെ 'ചൂട്' പിടിപ്പിക്കാൻ ദുബൈ എക്സ്പോ സിറ്റി

ദുബൈ: ശൈത്യകാലം പടിവാതിലിൽ എത്തിനിൽക്കവെ, 50ദിവസത്തെ ആഘോഷത്തിന് ഒരുക്കങ്ങൾ പൂർത്തിയാക്കി എക്സ്പോ സിറ്റി. നവംബർ 23മുതൽ ജനുവരി എട്ടുവരെ നീണ്ടുനിൽക്കുന്ന രീതിയിലാണ് മൊബിലിറ്റി ഡിസ്ട്രിക്റ്റ്, സർറിയൽ വാട്ടർ ഫീച്ചർ, അൽ വാസൽ പ്ലാസ എന്നിവ വിന്‍റർ സിറ്റിയായി മാറുന്നത്. യു.എ.ഇ ദേശീയദിനം, പുതുവൽസരം തുടങ്ങിയ ആഘോഷങ്ങൾക്ക് കൂടി സാക്ഷ്യം വഹിക്കുന്ന സന്ദർഭമായിരിക്കുമിത്. കുടുംബങ്ങൾക്ക് വിനോദത്തിന് പലവിധങ്ങളായ സൗകര്യങ്ങളാണ് ഈ സമയത്ത് ഒരുക്കുക. പരമ്പരാഗത ശൈലിയിലുള്ള ക്രിസ്മസ് മാർക്കറ്റ്, പൈൻ മരങ്ങൾ, രസകരമായ ഫെയർഗ്രൗണ്ട് ഗെയിമുകൾ എന്നിവയും 'ലെറ്റർ ടു സാന്താ' സ്റ്റേഷനും സിറ്റിയിൽ ഉൾപെടുത്തും.

നവംബർ 30 മുതൽ ഡിസംബർ രണ്ടുവരെ ദേശീയദിന അനുസ്മരണങ്ങളും ഡിസംബർ രണ്ടിന് പ്രത്യേക സംഗീതക്കച്ചേരിയും ഒരുക്കിയാണ് വിന്‍റർ സിറ്റി യു.എ.ഇ സ്ഥാപിതമായതിന്‍റെ 51ാം വാർഷികം ആഘോഷിക്കുക. ക്രിസ്മസുമായി ബന്ധപ്പെട്ട പരിപാടികൾക്ക് ഡിസംബർ ഒമ്പതിനാണ് അൽ വസ്ൽ പ്ലാസയിൽ തുടക്കം കുറിക്കപ്പെടുന്നത്. ആറു മുതൽ 12 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് എക്‌സ്‌പോ സിറ്റി ദുബൈയുടെ വിന്‍റർ ക്യാമ്പിൽ ചേരാനും ഇൻഡോർ ഔട്ട്‌ഡോർ പ്രവർത്തനങ്ങൾ ആസ്വദിക്കാനും അവസരമുണ്ട്.

വർണവിസ്മയങ്ങളും സംഗീതവും നിറഞ്ഞ എക്സ്പോ സിറ്റി സെപ്റ്റംബർ ഒന്നു മുതൽ ഭാഗികമായി തുറന്നിരുന്നു. പിന്നീട് ഒക്ടോബർ മുതൽ കൂടുതൽ പവലിയനുകളും അനുഭവങ്ങളും സഞ്ചാരികൾക്കായി തുറന്നു. എക്സ്പോ 2020ദുബൈയിൽ നിന്ന് വ്യത്യസ്തമായി സിറ്റിയിലേക്ക് പ്രവേശനം സൗജന്യമാണ്. എന്നാൽ വിവിധ പവലിയനുകളിലും വിനോദ സംവിധാനങ്ങളിലും പ്രവേശിക്കാൻ പ്രത്യേക പാസുണ്ട്. ടെറ, അലിഫ്, വിഷൻ, വുമൺ എന്നീ നാലു പവലിയനുകളിലേക്ക് പ്രവേശിക്കാൻ സാധിക്കുന്ന ഒരു ദിവസത്തേക്കുള്ള പ്രത്യേക പാസിന് 120ദിർഹമാണ് നിരക്ക്.

ഈ പാസുപയോഗിച്ച് പ്രവേശിക്കാനാവുന്നവയിൽ കൂടുതൽ പവലിയനുകളും മറ്റും ഉൾപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ടെറ, അലിഫ് പവലിയനുകളിൽ ഓരോന്നിൽ പ്രവേശിക്കുന്നതിന് 50ദിർഹമിന്‍റെ പാസും നിലവിലുണ്ട്. ഈ പാസെടുത്താൽ അതത് പവലിയനിൽ മാത്രമാണ് പ്രവേശനം അനുവദിക്കുക.

സന്ദർശകരെ എക്സ്പോ സിറ്റിയുടെ മുഴുവൻ കാഴ്ചകളും കാണിക്കുന്ന കറങ്ങുന്ന നിരീക്ഷണ ഗോപുരമായ 'ഗാർഡൻ ഇൻ ദ സ്കൈ' പ്രവേശനത്തിന് 30ദിർഹമാണ് നിരക്ക്. 5 വയസിൽ കുറഞ്ഞ പ്രായമുള്ള കുട്ടികൾക്കും ഭിന്നശേഷിക്കാർക്കുമാണ് ഇവിടെ സൗജന്യം. 12വയസിൽ കുറഞ്ഞ പ്രായമുള്ള കുട്ടികൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് പവലിയനുകളിൽ പ്രവേശിക്കാനും പണമടക്കേണ്ടതില്ല. എന്നാൽ ഇവർ ടിക്കറ്റ് ബൂത്തുകളിൽ നിന്ന് പ്രത്യേക പാസ് വാങ്ങണം.

നിലവിൽ പവലിയനുകളും മറ്റു ചില ആകർഷകങ്ങളും ആഴ്ചയിൽ എല്ലാ ദിവസവും രാവിലെ പത്തു മുതൽ വൈകുന്നേരം ആറു വരെയാണ് കാഴ്ചക്കാർക്ക് പ്രവേശനം നൽകുന്നത്. എന്നാൽ ചില സംവിധാനങ്ങളിലേക്ക് ദിവസം മുഴുവൻ പ്രവേശനമുണ്ടാകും.കാഴ്ചക്കാരെ ആകർഷിക്കുന്ന സർറിയൽ വാട്ടർ ഫീച്ചർ, അൽ വസ്ൽ പ്ലാസ എന്നിവ ഇക്കൂട്ടത്തിൽ പെട്ടതാണ്. അൽ വസ്ൽ പ്ലാസയിലെ വിഷ്വൽ പ്രദർശനങ്ങൾ ആഴ്ചയിൽ അഞ്ചുദിവസം, ബുനൻ മുതൽ ഞായർ വരെ, മാത്രമാണുണ്ടാവുക. ഈ പ്രദർശന സമയത്തും ഇവിടേക്ക് പ്രദർശനം സൗജന്യമായിരിക്കും.

Tags:    
News Summary - Dubai Expo City to beat winter with heat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.