ഗോവൻ ബീച്ചുകളിൽ മദ്യപാനം ഇനി ഹാനികരം; പിടിക്കപ്പെട്ടാൽ വലിയ വില നൽകേണ്ടി വരും

ഗോവൻ ബീച്ചുകളിൽ സഞ്ചാരികൾ മദ്യപിച്ച്​ കുപ്പികൾ അലക്ഷ്യമായി വലിച്ചെറിയുന്നത്​ പതിവായതോടെ നടപടിക്കൊരുങ്ങി അധികൃതർ. ബീച്ചുകളിൽ മദ്യപിച്ചാൽ 10,000 രൂപ വരെ പിഴ ചുമത്താൻ ഗോവ ടൂറിസം വകുപ്പ് തീരുമാനിച്ചു.

പുതുവത്സരാഘോഷത്തിന്​ ശേഷം നിരവധി ബീച്ചുകൾ മദ്യക്കുപ്പികളാൽ നിറഞ്ഞതോടെയാണ്​ പുതിയ നീക്കം. ബീച്ചുകളിൽ മദ്യപിക്കുന്നതിനെതിരെ ബോർഡുകൾ സ്ഥാപിച്ചുകഴിഞ്ഞു. മദ്യപിക്കുന്നത്​ കണ്ടെത്തിയാൽ വ്യക്​തിക്ക്​ 2000 രൂപ പിഴ ഈടാക്കും. അതേസമയം, ഒരുകൂട്ടം ആളുകൾ ചേർന്നാണ്​ മദ്യപിക്കുന്നതെങ്കിൽ 10,000 രൂപയാണ്​ പിഴ.


ഇത്തരക്കാർ വലിച്ചെറിയുന്ന കുപ്പികൾ പൊട്ടി സഞ്ചാരികൾക്ക്​ പരിക്കേൽക്കുന്നുണ്ട്​. ഇതിന്​ പരിഹാരം കാണാനാണ്​ പുതിയ നിയമം. മദ്യപിക്കുന്നവരെ നിയന്ത്രിക്കാൻ ടൂറിസ്റ്റ് പൊലീസ് സേനയുണ്ടാക്കാനാും സർക്കാർ ഒരുങ്ങുന്നുണ്ട്​.

ബീച്ചുകൾ ദിവസവും മൂന്ന്​ തവണ അധികൃതർ വൃത്തിയാക്കുന്നുണ്ട്​. എന്നാൽപോലും മണലിനിടയിൽ പൊട്ടിക്കിടക്കുന്ന കുപ്പിച്ചില്ലുകൾ പലപ്പോഴും കണ്ടെത്താൻ സാധിക്കാറില്ല. ബീച്ച് ശുചീകരണത്തിനായി ഗോവൻ സർക്കാർ ഓരോ വർഷവും 10 കോടി രൂപയാണ്​ ചെലവഴിക്കുന്നത്​.

നേരത്തെ മയക്കുമരുന്നുകൾ ഉപയോഗിക്കുന്നതിലും വഴിയരികിൽ ഭക്ഷണം പാകം ചെയ്യുന്നതിലും കർശന നിയ​ന്ത്രണം ഏർപ്പെടുത്തി ഗോവൻ സർക്കാർ ഉത്തരവിറക്കിയിരുന്നു. പുതിയ വിനോദ സഞ്ചാര നയത്തിൻെറ ഭാഗമായിട്ടായിരുന്നു തീരുമാനം. ഗോവയുടെ പ്രകൃതിഭംഗി സംരക്ഷിക്കാനാണ്​ പുതിയ വിനോദസഞ്ചാര നയത്തിൽ ഊന്നൽ നൽകുന്നത്​.

Tags:    
News Summary - Drinking on goan beaches to attract INR 10000 fine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.