യാത്രക്കിടെ മൂത്രമൊഴിക്കാൻ ഇറങ്ങി; ഭാര്യയെ വഴിയിൽ മറന്ന് മധ്യവയസ്കൻ കാറോടിച്ചത് 160 കിലോമീറ്റർ!

കാറിൽ യാത്രക്കിറങ്ങിയ ദമ്പതികളുടെ കഥകേട്ട് അമ്പരന്നിരിക്കുകയാണ് ലോകം. യാത്രക്കിടെ ഭാര്യയെ വഴിയിൽ മറന്ന് മധ്യവയസ്കൻ കാറോടിച്ചത് 160 കിലോമീറ്ററിനടുത്താണ്. വഴിയിൽ പൊതുടോയ്‍ലറ്റുകൾ ഇല്ലാത്തതിനാൽ മൂത്രമൊഴിക്കാൻ വനപ്രദേശത്ത് ഇറങ്ങിയതായിരുന്നു ഭർത്താവ്. ഇതിന് പിന്നാലെ ഭാര്യയും ഇറങ്ങി മൂത്രമൊഴിക്കാൻ മറ്റൊരിടത്തേക്ക് പോയി. ഭാര്യ ഇറങ്ങിയതറിയാതെ ഭർത്താവ് കാറെടുത്ത് യാത്ര തുടരുകയായിരുന്നു.

തായ്‍ലൻഡിലെ ബൂൺടോം ചൈമൂൺ (55) ഭാര്യ അംന്വായ് ചൈമൂൺ (49) എന്നിവരുടെ യാത്രയാണ് ലോകമെങ്ങും വൈറലായത്. അവധി ആഘോഷിക്കാൻ ഞായറാഴ്ച യാത്ര തിരിച്ചതായിരുന്നു ഇരുവരും. പുലർച്ചെ മൂന്നോടെയാണ് ഭർത്താവ് മൂത്രമൊഴിക്കാൻ കാർ നിർത്തിയത്. ഇതിന് പിന്നാലെ ഭാര്യയും ഇറങ്ങിയത് അയാളറിഞ്ഞില്ല. ഭാര്യ തിരിച്ചു കയറും മുമ്പ് അദ്ദേഹം കാറെടുത്ത് യാത്ര തുടർന്നു. ഇതോടെ കാട്ടുവഴിയിൽ ഒറ്റപ്പെട്ട ഭാര്യ പരിഭ്രാന്തയായി. മൊബൈൽ ഫോൺ കാറിലുള്ള ബാഗിലായതിനാൽ ഭർത്താവുമായി ബന്ധപ്പെടാനും വഴിയില്ലായിരുന്നു.

കൂരിരുട്ടിൽ മറ്റു വഴിയില്ലാതെ അവർ നടത്തം തുടങ്ങി. പുലർച്ചെ അഞ്ചു മണിയോടെ ഒരു പൊലീസ് സ്റ്റേഷൻ കണ്ടെത്തി. അപ്പോഴേക്കും 19.31 കിലോമീറ്റർ നടന്നുതീർത്തിരുന്നു. ഭർത്താവിന്റെ നമ്പർ ഓർമയില്ലാത്തതിനാൽ പൊലീസ് സ്റ്റേഷനിൽനിന്ന് തന്റെ ഫോണിലേക്ക് 20 തവണയോളം വിളിച്ചുനോക്കി. എന്നാൽ, ഒരു പ്രതികരണവും ഉണ്ടായില്ല. രാവിലെ എട്ട് മണിയോടെ പൊലീസ് സഹായത്തോടെ ഭർത്താവുമായി ബന്ധപ്പെടാനായി. ഭാര്യ പിൻസീറ്റിൽ ഉറങ്ങുക​യാണെന്ന് ധരിച്ച് കാർ ഓടിച്ച അയാൾ അപ്പോഴേക്കും 159.6 കിലോമീറ്റർ പിന്നിട്ടിരുന്നു. വിവരമറിഞ്ഞയുടൻ കാർ തിരിച്ച ഭർത്താവ് ഭാര്യയുടെ അടുത്തെത്തി ക്ഷമാപണം നടത്തി വീട്ടിലേക്ക് തിരിക്കുകയായിരുന്നു. 27 വർഷം മുമ്പ് വിവാഹിതരായ ദമ്പതികൾക്ക് 26 വയസ്സുള്ള മകനുണ്ട്.  

Tags:    
News Summary - Descended to urinate while traveling; Forgetting his wife on the road, the middle-aged man drove 160 km!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.