വിള്ളൽ രൂപപ്പെട്ട കന്യാകുമാരി കണ്ണാടിപ്പാലം
നാഗർകോവിൽ: കന്യാകുമാരി വിവേകാനന്ദപ്പാറയെയും തിരുവള്ളുവർ പ്രതിമയെയും ബന്ധിപ്പിക്കാനായി പണിത കണ്ണാടിപ്പാലത്തിന്റെ ഒരു പാളിയിൽ വിള്ളൽ രൂപപ്പെട്ടത് വിനോദ സഞ്ചാരികൾക്കിടയിൽ പരിഭ്രാന്തി പടർത്തി. വിള്ളൽ കണ്ടതിനെ തുടർന്ന് പൂം പുകാർ ഷിപ്പിങ് കോർപറേഷൻ അധികൃതർ ആ ഭാഗം അതിര് തിരിച്ച് ആ ഭാഗം വഴി സഞ്ചാരികൾ നടന്നു പോകുന്നത് തടഞ്ഞു.
എന്നാൽ കണ്ണാടിപ്പാലത്തിലെ ഒരു ഗ്ലാസിൽ ഉണ്ടായ വിള്ളൽ ആഗസ്റ്റ് മാസം നടന്ന അറ്റകുറ്റ പണികൾക്കിടയിൽ ചുറ്റിക വീണ് ഉണ്ടായ വിള്ളൽ ആണെന്നും ഇതിൽ വിനോദ സഞ്ചാരികൾ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. വിള്ളൽ കണ്ടയുടൻ കേടായ ഗ്ലാസ് മാറ്റുന്നതിനായി ചെന്നൈയിലെ ബന്ധപ്പെട്ട കമ്പനിയുമായി സംസാരിച്ചു. തുടർന്ന് അവർ ഗ്ലാസ് അയച്ചു തന്നിട്ടുണ്ട്. ഇത് ഉറപ്പിക്കാൻ മതിയായ ത്രിഫേസ് വൈദ്യുത ലൈൻ പാലമുള്ള സ്ഥലത്ത് ലഭ്യമില്ലാത്തതിനാൽ ജനറേറ്റർ എത്തിച്ച് താമസിയാതെ ഗ്ലാസ്‍ മാറ്റി സ്ഥാപിക്കുമെന്നും അറിയിച്ചു.
കണ്ണാടിപ്പാലം 2025 ജനുവരിയിൽ ഉദ്ഘാടനം കഴിഞ്ഞ ശേഷം ഇതുവരെ 17.50 ലക്ഷം പേർ വിവേകാനന്ദപ്പാറയും തിരുവള്ളുവർപ്പാറയും കാണാൻ കണ്ണാടിപ്പാലം വഴി കടന്നു പോയതായാണ് കണക്കുകൾ പറയുന്നത്. ഓണാവധിക്കാലത്ത് അഞ്ച് മുതൽ ഏഴുവരെ 38000 പേർ കണ്ണാടിപ്പാലം കടന്ന് പോയിട്ടുണ്ട്. അതിൽ പതിനായിരത്തോളം പേർ ഓൺലൈൻ ബുക്കിങ് ഉപയോഗിച്ചാണ് ബോട്ട് യാത്ര നടത്തിയതെന്ന് പൂംപുകാർ ഷിപ്പിങ്ങ് കോർപറേഷൻ അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.