ചിറക്കൽ ചിറ
കണ്ണൂർ: കേരളത്തിലെ ഏറ്റവും വലിയ മനുഷ്യനിർമിത ജലാശയമായ ചിറക്കൽ ചിറ സഞ്ചാരികളെ ആകർഷിക്കാനായി സൗന്ദര്യവത്കരിക്കുന്നു. ഇതിനായി സംസ്ഥാന സർക്കാർ 50 ലക്ഷം രൂപ അനുവദിച്ചു. നേരത്തേ ഹരിതകേരളം ടാങ്ക്സ് ആൻഡ് പോണ്ട്സ് പദ്ധതിയിൽ ഉൾപ്പെടുത്തി ചിറ നവീകരിച്ചിരുന്നു.
14 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ചിറ മണ്ണും ചളിയും നീക്കിയും പടവുകൾ പുനർനിർമിച്ചും സംരക്ഷണഭിത്തി കെട്ടിയുമാണ് 2022ൽ നവീകരിച്ചത്. ചിറക്ക് ചുറ്റും ഇന്റർലോക്ക് ചെയ്യുകയും സന്ദർശകർക്ക് ഇരിപ്പിടങ്ങൾ ഒരുക്കുകയും ചെയ്യും. ഇന്റർലോക്ക് പതിക്കുന്നതോടെ വെള്ളംകെട്ടി നിൽക്കുന്നത് ഒഴിവാക്കാനാവും. പ്രവൃത്തി വേഗത്തിൽ ആരംഭിക്കുമെന്നും പൂർത്തിയായാൽ സായാഹ്നം ചെലവഴിക്കാൻ ഇവിടെയെത്തുന്നവർക്ക് ഉപകാരപ്പെടുമെന്നും കെ.വി. സുമേഷ് എം.എൽ.എ പറഞ്ഞു.
2020 ജനുവരിയിൽ തുടങ്ങിയ നവീകരണത്തിന് 2.30 കോടി രൂപയാണ് ചെലവിട്ടത്. ചളിയും മാലിന്യവും നിറഞ്ഞ 53949 ക്യുബിക് മീറ്റർ മണ്ണാണ് കഴിഞ്ഞ വർഷം നവീകരിച്ചപ്പോൾ ചിറയിൽനിന്ന് നീക്കം ചെയ്തത്. ഇതോടെ ചിറയുടെ ജലസംഭരണ ശേഷി 799.93 ലക്ഷം ലിറ്ററിൽനിന്ന് 1339.42 ലക്ഷം ലിറ്ററായി ഉയർന്നു.
പ്രദേശത്തെ ഭൂഗർഭജലനിരപ്പ് വർധിക്കുകയും ചെയ്തു. ഒക്ടോബറിൽ നവീകരിച്ച ചിറയുടെ ഉദ്ഘാടനത്തിന് എത്തിയ മന്ത്രി റോഷി അഗസ്റ്റിൻ സൗന്ദര്യവത്കരണത്തിന് തുക അനുവദിക്കുന്ന കാര്യം പ്രഖ്യാപിച്ചിരുന്നു. കെ.വി. സുമേഷ് എം.എൽ.എയുടെ നിവേദനത്തെ തുടർന്നാണ് തുക അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.