file photo

മൂന്നിടങ്ങളിൽ ആംഫിബിയൻ വാഹനസൗകര്യം; ടൂറിസം മേഖലക്ക്​ പ്രതീക്ഷകളുമായി ബജറ്റ്​

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വിനോദസഞ്ചാര മേഖലയുടെ തിരിച്ചുവരവ് സാധ്യമാക്കുന്ന രീതിയിലുള്ള പ്രഖ്യാപനങ്ങളാണ്​​ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിലുള്ളത്​. വിനോദ സഞ്ചാര മേഖലയുടെ പുനരുജ്ജീവനത്തിന്​ സമഗ്ര പാക്കേജ്​ പ്രഖ്യാപിച്ചു​. ഇതിന്​ സർക്കാർ വിഹിതമായി 30 കോടി രൂപ വകയിരുത്തി.

ടൂറിസം വകുപ്പിൻെറ മാർക്കറ്റിങ്ങിന് നിലവിലെ 100 കോടി രൂപക്ക്​ പുറമെ 50 കോടി രൂപ ബജറ്റിൽ അധികമായി അനുവദിച്ചിട്ടുണ്ട്​. ടൂറിസം മേഖലയിൽ കൂടുതൽ പ്രവർത്തനമൂലധനം ലഭ്യമാക്കാൻ കെ.എഫ്​.സി 400 കോടി രൂപ വായ്​പ നൽകും.

കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ, മനോഹരമായ ജലാശയങ്ങളിലും കരയിലും സഞ്ചരിക്കുന്ന ആംഫിബിയൻ വാഹന സൗകര്യം ഒരുക്കും. അഞ്ച്​ കോടി രൂപയാണ് ഇതിന്​ അനുവദിച്ചത്. ആദ്യഘട്ടമായി കൊല്ലം, കൊച്ചി, തലശ്ശേരി മേഖലകളിലാണ് ഈ വാഹന സൗകര്യം ഒരുക്കുക.


കേരളത്തിൻെറ സാഹിത്യവും ജൈവ വൈവിധ്യവും സംരക്ഷിച്ച് ആകർഷകമാക്കാനുള്ള രണ്ട് സർക്യൂട്ട് ടൂറിസം പദ്ധതികൾ കൂടി ബജറ്റിൽ പ്രഖ്യാപിച്ചു. മലബാർ ലിറ്റററി സർക്യൂട്ട്, ബയോഡൈവേഴ്സിറ്റി സർക്യൂട്ട് എന്നിവ ഈ മേഖലയിലെ പുതുമയാർന്ന പദ്ധതികളായി മാറുമെന്നാണ്​ പ്രതീക്ഷ. രണ്ട് പദ്ധതികൾക്കും 50 കോടി രൂപ വകയിരുത്തി.

തുഞ്ചത്ത് എഴുത്തച്​ഛൻ, വൈക്കം മുഹമ്മദ് ബഷീർ, ഒ.വി. വിജയൻ, എം.ടി. വാസുദേവൻ നായർ എന്നിവരിലൂടെ പ്രശസ്തി നേടിയ ഇടങ്ങളിലൂടെയാണ് മലബാർ ലിറ്റററി സർക്യൂട്ട് ഒരുക്കുക. ബേപ്പൂർ, തുഞ്ചൻ സ്മാരകം, പൊന്നാനി, തസ്രാക്ക്, ഭാരതപ്പുഴയുടെ തീരങ്ങൾ, തൃത്താല എന്നീ പ്രദേശങ്ങളെ ഇതിൽ കോർത്തിണക്കും.

കൊല്ലം ജില്ലയിലെ അഷ്​ടമുടി കായൽ, മൺട്രോതുരുത്ത്, കൊട്ടാരക്കര മീൻപിടിപ്പാറ, മുട്ടറമരുതിമല, ജടായുപാറ, തെന്മല, അച്ചൻകോവിൽ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതാണ് ബയോഡൈവേഴ്സിറ്റി ടൂറിസം സർക്യൂട്ട്.

Tags:    
News Summary - Amphibian vehicle facilities at three locations; Budget with expectations for the tourism sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.