ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് സമയത്തിൽ നാളെ മുതൽ മാറ്റം; രണ്ട് സ്​പെഷൽ ട്രെയിനുകൾ സ്ഥിരമാക്കി

ആലപ്പുഴ: ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനിന്റെ സമയത്തിൽ നാളെ മുതൽ മാറ്റം. ഉച്ച 2.50ന് ആലപ്പുഴയിൽനിന്ന് പുറപ്പെട്ട് രാത്രി 11.10ന് കണ്ണൂരിലെത്തുന്ന 16307 ട്രെയിനിന്റെ സമയത്തിലാണ് മാറ്റം.

ഞായറാഴ്ച മുതൽ ഈ ട്രെയിൻ ആലപ്പുഴയിൽ നിന്ന് ഒരു മണിക്കൂർ വൈകി 3.50നായിരിക്കും പുറപ്പെടുക. എറണാകുളത്ത് 3.50ന് എത്തിയിരുന്ന ട്രെയിൻ ഇനി 5.20നാണ് എത്തുക. ഷൊർണൂരിൽ 7.47 ആണ് പുതുക്കിയ സമയം. നേരത്തെ 7.12നായിരുന്നു എത്തിയിരുന്നത്.

പുതുക്കിയ സമയം: ആലപ്പുഴ (15.50), ചേർത്തല (16.10), തുറവൂർ (16.21), എറണാകുളം ജംഗ്ഷൻ (17.20), എറണാകുളം ടൌൺ (17.33), ആലുവ (17.56), അങ്കമാലി (18.10), ചാലക്കുടി (18.25), ഇരിഞ്ഞാലക്കുട (18.34) , പുതുക്കാട് (18.47), തൃശ്ശൂർ (19.02), വടക്കാഞ്ചേരി (19.24), ഷൊർണ്ണൂർ (19.47), പട്ടാമ്പി (20.04), കുറ്റിപ്പുറം (20.10), തിരുന്നവായ (20.19), തിരൂർ (20.29), താനൂർ‌ (20.38), പരപ്പനങ്ങാടി (20.45), ഫറൂക് (20.59), കോഴിക്കോട് (21.13), കൊയിലാണ്ടി (21.38), വടകര (21.59), മാഹി (22.11), തലശേരി(22.23), കണ്ണൂര്‍ (00.05)

എന്നാൽ കണ്ണൂരിൽ നിന്ന് രാവിലെ പുറപ്പെടുന്ന കണ്ണൂർ- ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ സമയത്തിൽ മാറ്റമില്ല.

എറണാകുളം വേളാങ്കണ്ണി ബൈവീക്ക്‌ലി, കൊല്ലം-തിരുപ്പതി ബൈവീക്ക്‌ലി ട്രെയിനുകള്‍ക്ക് അംഗീകാരം

എറണാകുളം വേളാങ്കണ്ണി ബൈവീക്ക്‌ലി, കൊല്ലം-തിരുപ്പതി ബൈവീക്ക്‌ലി ട്രെയിനുകള്‍ക്കു റെയില്‍വേ ബോര്‍ഡ് അംഗീകാരം നല്‍കുകയും ചെയ്തിട്ടുണ്ട്. പാലക്കാട്-തിരുനെല്‍വേലി പാലരുവി എക്സ്പ്രസ് തുത്തൂക്കുടിയിലേക്കു നീട്ടാനും ഉത്തരവായിട്ടുണ്ട്.

എറണാകുളത്ത് നിന്നു തിങ്കള്‍, ശനി ദിവസങ്ങളിലാണു വേളാങ്കണ്ണി സര്‍വിസ്. തിരിച്ച് ചൊവ്വ, ഞായര്‍ ദിവസങ്ങളിലാണ് എറണാകുളത്തേക്ക് വരിക. ഏതാനും വര്‍ഷങ്ങളായി സ്പെഷലായി ഈ ട്രെയിന്‍ ഓടിക്കുന്നുണ്ട്. 06361 എന്ന നമ്പറില്‍ ഓടിയിരുന്ന ഈ ട്രെയിന്‍ സ്ഥിരമാക്കിയതോടെ 16361 എന്ന നമ്പറിലേക്ക് മാറി. ഉച്ചയ്ക്കു 12.35ന് പുറപ്പെടുന്ന ഈ ട്രെയിന്‍ പിറ്റേദിവസം രാവിലെ 5.50ന് വേളാങ്കണ്ണിയില്‍ എത്തും. തിരിച്ച് വൈകീട്ട് 6.30 ഓടെ 16362 എന്ന നമ്പറില്‍ വേളങ്കണ്ണിയില്‍ നിന്ന് പുറപ്പെടും. പിറ്റേന്ന് ഉച്ചയ്ക്ക് 12 മണിയോടെ എറണാകുളത്തെത്തും.

തിരുപ്പതി-കൊല്ലം ബൈവീക്ക്‌ലി ചൊവ്വ, വെള്ളി ദിവസങ്ങളിലും മടക്ക ട്രെയിന്‍ ബുധന്‍, ശനി ദിവസങ്ങളിലും സര്‍വിസ് നടത്തും. തിരുപ്പതിയില്‍ നിന്നു ഉച്ചയ്ക്കു 2.40ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 6.20ന് കൊല്ലത്ത് എത്തും. കോട്ടയം, തൃശൂര്‍, പാലക്കാട്, സേലം വഴിയാണു സര്‍വിസ്. മടക്ക ട്രെയിന്‍ കൊല്ലത്ത് നിന്നു രാവിലെ 10ന് പുറപ്പെട്ട് പിറ്റേന്ന് പുലര്‍ച്ചെ 3.20ന് തിരുപ്പതിയിലെത്തും. രണ്ട് ട്രെയിനുകളും സര്‍വിസ് ആരംഭിക്കുന്ന തീയതി റെയില്‍വേ വൈകാതെ പ്രഖ്യാപിക്കും.

ഓണക്കാലത്ത് നാഗര്‍കോവിലില്‍ നിന്ന് കോട്ടയം, കൊങ്കണ്‍ വഴി പനവേലിലേക്ക് പ്രത്യേക ട്രെയിൻ സര്‍വിസ് നടത്താനും തീരുമാനിച്ചിട്ടുണ്ട്. നാഗര്‍കോവിലില്‍ നിന്ന് ആഗസ്റ്റ് 22, 29, സെപ്റ്റംബര്‍ 5 തീയതികളില്‍ പകല്‍ 11.35-ന് പുറപ്പെടുന്ന ട്രെയിൻ (നമ്പര്‍ 06071) പിറ്റേന്ന് രാത്രി 10.45-ന് പനവേലിലെത്തും. പനവേലില്‍ നിന്ന് 24, 31, സെപ്റ്റംബര്‍ 7 തീയതികളില്‍ പുലര്‍ച്ചെ 12.10-ന് മടക്കയാത്ര ആരംഭിക്കുന്ന ട്രെയിൻ (06072) പിറ്റേന്ന് രാവിലെ 10-ന് തിരുവനന്തപുരത്തെത്തും.

Tags:    
News Summary - Alappuzha kannur executive express 16307 time change

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.