സന്ദർശകരെ മാടിവിളിച്ച് അൽ-ഹരാബ ബീച്ച്

യാംബു: തബൂക്കിന് സമീപം അൽ-വജ്ഹ് ഗവർണറേറ്റ് പരിധിയിലെ അൽ-ഹരാബ ബീച്ച് കടൽത്തീര ടൂറിസത്തിന്റെ പറുദീസയായി മാറുകയാണ്. വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ഈ ചെങ്കടൽ തീരത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും വശ്യമനോഹരമായ പ്രകൃതിഭംഗിയുമാണ് സന്ദർശകരെ ഇങ്ങോട്ട് ആകർഷിക്കുന്നത്. ശാന്തമായ കടൽജലത്തിന്റെ അഗാധ നീലിമയും പവിഴപ്പുറ്റുകളും അങ്ങിങ്ങായി ദൃശ്യമാകുന്ന പാറകളും വിവിധ നിറത്തിലുള്ള മണലും വേറിട്ട കാഴ്ചയൊരുക്കുന്നു.

ഏതു കാലത്തും മിതമായ കാലാവസ്ഥയും ഇവിടത്തെ കന്യാതീരങ്ങളിൽ കുളിക്കുവാനും നീന്തൽ പരിശീലിക്കുവാനും സൂര്യാസ്തയം ആസ്വദിക്കാനുമുള്ള സൗകര്യം സന്ദർശകരെ ഇങ്ങോട്ട് മാടിവിളിക്കുന്ന ഘടകങ്ങളാണ്.പകൽ മുഴുവൻ സ്വദേശികളും വിദേശികളുമായ സഞ്ചാരികളെ അൽ-ഹരാബ ബീച്ചിൽ കാണാം. സൗദി വിനോദ സഞ്ചാര മേഖലയുടെ വാതായനങ്ങൾ തുറന്നതോടെ വിദേശികളും ധാരാളമായി ഇങ്ങോട്ട് വരുന്നുണ്ട്. ലോകത്തെ ഏത് മനോഹര തീരത്തെയും വെല്ലുവിളിക്കുന്ന ഇവിടുത്തെ സൗന്ദര്യം രാജ്യാന്തര സഞ്ചാരികളുടെ ശ്രദ്ധയിൽ പതിഞ്ഞു കഴിഞ്ഞു.

സൗദിയിലെ വടക്കുപടിഞ്ഞാറ് ഭാഗത്തെ തീരദേശ നഗരമായ അൽ-വജ്ഹിന്റെ തെക്ക് ഭാഗത്തായി 15 കിലോമീറ്റർ അകലെയാണ് അൽ-ഹരാബ ബീച്ച് .മരുഭൂയാത്രയുടെ വരൾച്ചയിൽനിന്ന് ചെങ്കടലിൽനിന്ന് വീശുന്ന തണുത്ത കാറ്റ് തീർക്കുന്ന ഓളങ്ങളാണ് സന്ദർശകരെ വരവേൽക്കുന്നത്. കടലോര പ്രദേശത്തെ തലയെടുപ്പുള്ള ഈന്തപ്പനകളും ഉല്ലാസകേന്ദ്രങ്ങളും പ്രദേശത്തെ നല്ലൊരു വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റിയിട്ടുണ്ട്. അൽ-ദഹ്റ, അൽ-മർദൂന എന്നീ പേരുകളിൽ അറിയപ്പെടുന്ന ദ്വീപുകളുടെ വിദൂര കാഴ്ചകളും ഇവിടത്തെ സവിശേഷതയാണ്.

ഡൈവിങ് കമ്പക്കാർക്ക് പ്രിയങ്കരമായ മുങ്ങാംകുഴിയിട്ട് കളിക്കാവുന്ന ഭാഗങ്ങളും ചെങ്കടലിന്റെ ഈ ഭാഗത്തുണ്ട്. ഇവിടെ മത്സ്യബന്ധനവും സജീവമാണ്. എല്ലാ വിഭാഗത്തിലുംപെട്ട വിനോദസഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കുന്നതിന് കൂടുതൽ വിനോദ ഉല്ലാസ പദ്ധതികളും വാട്ടർ സ്പോർട്സ്, സ്‌കൂബാ ഡൈവിങ് സംവിധാനങ്ങളും കൂടുതൽ ഏർെപ്പടുത്തുന്നതിനുള്ള തയാറെടുപ്പിലാണ് അധികൃതർ.തബൂക്ക് പ്രവിശ്യയിലെ ഉംലജ് മുതൽ അൽ-വജ്ഹ് പ്രദേശത്തങ്ങൾക്കിടയിലുള്ള 50 ചെറുദ്വീപുകളെ കേന്ദ്രീകരിച്ചു നടക്കുന്ന ചെങ്കടൽ ടൂറിസം പദ്ധതിയുടെ പ്രവർത്തനങ്ങൾ ഇപ്പോൾ ഊർജിതമായി നടക്കുകയാണ്.

Tags:    
News Summary - Al-Haraba Beach Welcoming visitors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.