ദോഹ: പ്രമുഖ മലയാളി യാത്രാ വ്ലോഗർ ദിൽഷാദ് യാത്രാ ടുഡേക്ക് ഖത്തറിലെ മരുഭൂമിയിൽ വെച്ച് റേസിങ്ങിനിടെ പരിക്ക്. ബുധനാഴ്ച വൈകുന്നേരം ഇൻലാൻഡ് മരുഭൂമിയിൽ ഓഫ് റോഡ് ബൈക്കിൽ നടത്തിയ റേസിനിടയിലാണ് പരിക്കേറ്റത്. ഉടൻ തന്നെ ആംബുലൻസ് എത്തി അടിയന്തര ചികിത്സ നൽകിയ ശേഷം, എയർ ആംബുലൻസ് വഴി ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമല്ല.
ആഫ്രിക്കൻ രാജ്യങ്ങളിലെ ഗ്രാമങ്ങളിലൂടെ നടത്തിയ വേറിട്ട യാത്രകളിലൂടെ ശ്രദ്ധേയനാണ് മലപ്പുറം ചേലേമ്പ്ര സ്വദേശിയായ ദിൽഷാദ്. ‘യാത്രാ ടുഡേ’ എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ യാത്രാനുഭവങ്ങൾ പങ്കുവെച്ച് ലോകമെങ്ങും ആരാധകരുള്ള ട്രാവൽ േവ്ലാഗർ കൂടിയാണ് ഇദ്ദേഹം. കഴിഞ്ഞ വർഷം ഥാറുമായി ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് നടത്തിയ യാത്രക്കിടയിൽ കെനിയ, താൻസാനിയ തുടങ്ങിയ രാജ്യങ്ങളിലായി 13 കിണറുകൾ കുഴിച്ച് കുടിവെള്ള ക്ഷാമത്തിന് പരിഹാരമൊരുക്കി ലോകസഞ്ചാരത്തെ വേറിട്ട അനുഭവമാക്കി ശ്രദ്ധ നേടി. നേരത്തെ ബുള്ളറ്റുമായും വിവിധ ആഫ്രിക്കൻ രാജ്യങ്ങളിൽ യാത്ര ചെയ്തിരുന്നു.
ചൊവ്വാഴ്ച ഖത്തറിലെത്തിയ ദിൽഷാദ് തൃശൂർ സ്വദേശിയായ സുഹൃത്തിനൊപ്പം ബുധനാഴ്ച രാവിലെയോടെയാണ് ഓഫ് റോഡ് ബൈക്കിൽ ഡെസേർട്ട് റേസിന് പുറപ്പെട്ടത്. മരുഭൂമിയിലെ ഡ്യൂണുകളിലൂടെയുള്ള റേസിനിടെ നിയന്ത്രണം തെറ്റിയായിരുന്നു അപകടം. ഉടൻ ആംബുലൻസ് സഹായം തേടി പ്രഥമ ശുശ്രൂഷ ഉറപ്പാക്കി, വേഗത്തിൽ തന്നെ എയർആംബുലൻസ് വഴി ഹമദ് ആശുപത്രിയിലെത്തിച്ചതായി സുഹൃത്ത് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.