സഹയാത്രിക'യാമീ' സഞ്ചാരി

'ഇന്ന് ദുബൈയിലാണെങ്കിൽ നാളെ മലേഷ്യയിൽ... നാളെ മലേഷ്യയിലാണെങ്കിൽ മറ്റന്നാൾ സിംഗപ്പൂരിൽ... ഇങ്ങനെ കറങ്ങിക്കറങ്ങി നടക്കുകയാണ് പണി...' ഏതോ പഴയ കോമഡി സിനിമയിലെ ഹാസ്യനടന്റെ ഡയലോഗ് ആണെന്നു കരുതേണ്ട. ആമിയെന്ന യുവതിയുടെ ജീവിതയാത്രകളെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. വെറും യാത്രികയല്ല, ഒരുപാട് പെണ്ണുങ്ങളുടെ സ്വപ്നയാത്രകളുടെ സാരഥിയാണീ ആമി. അതിൽ 83 വയസ്സുകാരി മുതൽ നാലുവയസ്സുകാരി വരെയുണ്ട്.

നമ്മുടെ നാട്ടിലെ ഭൂരിഭാഗം പെൺകുട്ടികളും യാത്രകളെന്നത് ഒരിക്കലും നടക്കാത്ത മോഹങ്ങളായി കണ്ടിരുന്ന കാലത്ത് തുടങ്ങിയ സോളോ ട്രിപ്പുകളിലൂടെ തുടങ്ങിയ ആമിയുടെ യാത്ര ഇന്ന് 'മൈ ട്രാവൽമേറ്റ്' എന്ന പേരിൽ സ്ത്രീകൾ മാത്രമുള്ള യാത്രാസംഘങ്ങളുടെ കോഓഡിനേറ്ററായി മുന്നേറുകയാണ്.മലപ്പുറം ജില്ലയിലെ ഒരു സാധാരാണ, യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ച ആമിക്ക് ആദ്യമെല്ലാം വീട്ടിനു പുറത്തേക്കുള്ള യാത്രകൾതന്നെ ദുഷ്കരമായിരുന്നു.

എന്നാലിന്ന്, തുടക്കത്തിൽ പറഞ്ഞതുപോലെ ദുബൈ, മലേഷ്യ തുടങ്ങിയ വിദേശരാജ്യങ്ങളിലേക്കും ലക്ഷദ്വീപ്, കശ്മീർ, ഡൽഹി, രാജസ്ഥാൻ തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും നിരവധി പെണ്ണുങ്ങൾക്കൊപ്പം ഇടക്കിടെ പറന്നുപോകുന്ന, അവരെ അന്നാടുകളിലെ സുന്ദരക്കാഴ്ചകൾ കാണിക്കുന്ന മികച്ചൊരു ട്രാവൽ ഗൈഡും കോഓഡിനേറ്ററുമാണിവർ.

തായ്‍ലൻഡിലേക്കുൾപ്പെടെയുള്ള സോളോ ട്രിപ്പുകളിലൂടെ യാത്രയുടെ ഹരം നുകർന്ന ആമി ഒരു സുഹൃത്തിനൊപ്പം ചേർന്നാണ് ഈ പ്രഫഷനിലേക്കിറങ്ങിയത്. നാലരവർഷം മുമ്പ് ഡൽഹി, ആഗ്ര, ജയ്പുർ യാത്രയിലൂടെയാണ് ആമി മൈ ട്രാവൽമേറ്റ് എന്ന സംരംഭത്തിന് തുടക്കമിട്ടത്. 18 പേരായിരുന്നു യാത്രയിലുണ്ടായിരുന്നത്. സംഘാടനമികവിനെ തുടർന്ന് യാത്രക്കാരിൽ പലരും സ്ഥിരയാത്രക്കാരായി, അവർ പറഞ്ഞറിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും ഒപ്പം ചേർന്നു.

ആമി


തുടക്കത്തിൽ പല  ടെൻഷനുകളുമുണ്ടായിരുന്നുവെങ്കിലും ജീവിതത്തിന് ഒരു റിഫ്രഷ്മെൻറ് വേണമെങ്കിൽ ‍യാത്രയാണ് നല്ലതെന്ന് തിരിച്ചറിഞ്ഞതാണ് ആമിയുടെ ജീവിതത്തെ മാ‍റ്റിമറിച്ചത്. യാത്രകൾക്കിടയിൽ കണ്ടുമുട്ടുന്ന വിദേശികളുടെ ജീവിതത്തോടുള്ള മനോഭാവം ആമിയെ ഏറെ സ്വാധീനിച്ചു. നമ്മുടെ നാട്ടുകാരിൽനിന്ന് ഏറെ വ്യത്യസ്തമായി ആറു മാസം കഷ്ടപ്പെട്ട് ജോലിചെയ്യുകയും ബാക്കി ആറുമാസം സ്വന്തം സന്തോഷത്തിനായി ലോകംചുറ്റുകയും മറ്റും ചെയ്യുന്നവരാണ് വിദേശികളേറെയും എന്നാണ് ആമിയുടെ നിരീക്ഷണം.

പല പല ജീവിതങ്ങളും അനുഭവങ്ങളുമാണ് ഓരോ യാത്രയിലും ഓരോ സംഘാംഗത്തിലും അനുഭവിക്കാനാവുകയെന്ന് ആമി പറയുന്നു. യുവയാത്രികരേക്കാൾ മധ്യവയസ്കരും പ്രായമായവരുമാണ് ആമിയുടെ യാത്രികർ. അതുകൊണ്ടു തന്നെ സൗകര്യങ്ങളിലും സജ്ജീകരണങ്ങളിലും കോംപ്രമൈസ് വരുത്താനാവില്ല, മികച്ച രീതിയിലുള്ള സൗകര്യങ്ങൾതന്നെ ചെയ്തുകൊടുക്കാറുമുണ്ട്. ഇതിനിടയിൽ ബുക്ക് ചെയ്ത ഹോട്ടലിൽ നേരിട്ടുചെല്ലുമ്പോൾ മുറിയില്ലെന്നു ൈകമലർത്തുക, ഇതല്ലല്ലോ ഞങ്ങൾ യൂട്യൂബിൽ കണ്ട സ്ഥലം എന്ന യാത്രക്കാരുടെ പരാതി കേൾക്കുക, ഹർത്താലോ മറ്റെന്തെങ്കിലും കാരണത്താലോ വാഹനസൗകര്യവും മറ്റും ഇല്ലാതാവുക...

ഇങ്ങനെ പ്രതിസന്ധികളും ദുർഘടങ്ങളും ഓരോ യാത്രയിലും കാത്തിരിപ്പുണ്ടാകും. ഇതിനെല്ലാം കണ്ണുപൊട്ടുന്ന ചീത്തയും കേൾക്കാറുണ്ട്. ഇൻസ്റ്റഗ്രാം വിഡിയോയിൽ കണ്ട എവിടെയോ കിടക്കുന്ന സ്ഥലം എവിടെയെന്ന് ചോദിച്ച് ബഹളംെവച്ചവർപോലുമുണ്ട്. ഇങ്ങനെ പല െടൻഷനും അനുഭവിക്കാറുണ്ടെങ്കിലും അതിനുമപ്പുറം ഒാരോ യാത്രാസംഘവും ഒരു കുടുംബംപോലെയായി കളിചിരികളും സന്തോഷവർത്തമാനങ്ങളുമായി നീങ്ങുമ്പോൾ കിട്ടുന്ന ആത്മസംതൃപ്തി ഒന്നു വേറെതന്നെയാണ്. പലരും പിന്നീട് വീട്ടിലെ പരിപാടികൾക്കുപോലും ആമിയെ വിളിക്കാറുണ്ട്. ഒരുവട്ടം വന്ന് പിന്നീട് സ്ഥിരം യാത്രാസംഘത്തിലെ അംഗമായി മാറിയവരുമുണ്ട്.കശ്മീരാണ് മൈ ട്രാവൽമേറ്റിന്റെ പ്രധാന ലക്ഷ്യസ്ഥാനങ്ങളിലൊന്ന്.

കശ്മീർ എന്നാൽ എല്ലാവരുടെയും ഡ്രീം ഡെസ്റ്റിനേഷനാണെങ്കിലും പലർക്കും ഈ നാടിനെക്കുറിച്ച് കേൾക്കുമ്പോൾ ഉള്ളിലൊരു ഭീതി ഉണ്ടാകാറുണ്ട്. എന്നാൽ, അതിന്റെ ആവശ്യമില്ലെന്നും എല്ലാവരും ഒരിക്കലെങ്കിലും പോയി കാണേണ്ട സ്ഥലമാണ് ഭൂമിയിലെ സ്വർഗമായ കശ്മീർ എന്നും ആമി പറയുന്നു.യാത്രക്കാരുടെ സന്തോഷങ്ങളും അനുഭവങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കാറുമുണ്ട്. മാസങ്ങൾക്കുമുമ്പ് ദുബൈ യാത്രക്കിടെ ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിൽവെച്ച് സംസ്ഥാന ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ കണ്ട് സംസാരിച്ചതും ഫോട്ടോ എടുത്തതുമെല്ലാം ഏറെ സന്തോഷം നൽകിയ നിമിഷമായിരുന്നു.

മലപ്പുറം തിരൂർ സ്വദേശിയായ ആമി കൊച്ചിയിലാണ് താമസം. നാട്ടിൽ ഉമ്മയും രണ്ട് ഇളയ സഹോദരന്മാരുമുണ്ട്. ചെറുതോ വലുതോ ആവട്ടെ, ലോക്കലോ ഇൻറർനാഷനലോ ആവട്ടെ എല്ലാ മനുഷ്യരും ആവുംപോലെ യാത്രകൾ ചെയ്യണമെന്നാണ് ഈ യുവതിയുടെ പക്ഷം. യാത്രയോളം മാനസികോല്ലാസംതരുന്ന മറ്റൊന്നില്ലെന്നും എല്ലാം നാളത്തേക്കായി സ്വരുക്കൂട്ടി വെക്കാതെ അവനവനുവേണ്ടി കുറച്ചു നിമിഷങ്ങളെങ്കിലും ചെലവഴിക്കണമെന്നും ആമി ചൂണ്ടിക്കാട്ടുന്നു.

പാരിസിലെ ഈഫൽ ടവറിനു കീഴിൽ 50 സ്ത്രീകൾക്കൊപ്പം പോവുകയെന്നതാണ് ആമിയുടെ സ്വപ്നം. ഇങ്ങോട്ടുള്ള വിസ കിട്ടാനത്ര എളുപ്പമല്ലെങ്കിലും അടുത്ത വർഷമോ അതിനടുത്ത വർഷമോ ഈ മോഹവും സഫലമാക്കുമെന്ന ദൃഢനിശ്ചയത്തോടെ ഈ യാത്രക്കാരി വിശേഷങ്ങൾ പറഞ്ഞുനിർത്തി.

Tags:    
News Summary - Aami organizes women trips only

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.