ജീസാനിൽനിന്ന് ഫുർസാൻ ദ്വീപിലേക്ക് സൗജന്യ യാത്രചെയ്യുന്നതിനായി ഒരുക്കിയ കപ്പൽ
യാംബു: ജീസാൻ ചെങ്കടൽതീരത്തുനിന്ന് 42 കിലോമീറ്റർ അകലെ വിനോദസഞ്ചാരികളുടെ ഇഷ്ടദ്വീപായ ഫുർസാനിലേക്കുള്ള സൗജന്യ കപ്പൽയാത്ര ആസ്വദിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. യുനെസ്‌കോയുടെ ലോക പൈതൃകപട്ടികയിൽ ഇടംപിടിച്ചശേഷം ഫുർസാൻ ദ്വീപസമൂഹത്തിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക് കൂടുകയും ചെയ്തിട്ടുണ്ട്. ജീസാൻ നഗരത്തിൽനിന്ന് ദ്വീപിലേക്ക് ഈ വർഷം ജനുവരി മുതൽ സെപ്റ്റംബർ വരെ യാത്രചെയ്തത് 3,80,000 പേരാണ്.
വിദേശികളും സ്വദേശികളുമായ വിനോദസഞ്ചാരികളാണിത്. ഈ കാലയളവിൽ 644 കപ്പൽ സർവിസുകളാണ് നടന്നത്. 70,000ത്തിലേറെ വാഹനങ്ങൾ കപ്പൽ വഴി ദ്വീപിലെത്തി. മുൻ വർഷത്തെ അപേക്ഷിച്ച് ഈ വർഷം യാത്രക്കാരുടെ എണ്ണം 21 ശതമാനം വർധിച്ചു. കപ്പൽ വഴി വാഹനങ്ങൾ കൊണ്ടുപോകുന്നത് 10 ശതമാനവും വർധിച്ചു. വശ്യമായ പ്രകൃതിഭംഗികൊണ്ടും മനോഹരമായ കടൽ തീരങ്ങളാലും അനുഗൃഹീതമായ ഫുർസാൻ ദ്വീപിലേക്കുള്ള കപ്പൽയാത്ര പൂർണമായും സൗജന്യമാണ്.
ദ്വീപ് നിവാസികൾക്ക് നിത്യോപയോഗ സാധനങ്ങളും മറ്റു സാധനസാമഗ്രികളും ജീസാനിൽനിന്ന് ദ്വീപിലേക്ക് കൊണ്ടുപോകാനുള്ള ആശ്രയം ഈ സൗജന്യ സർവിസാണ്. രണ്ടു കപ്പലുകളാണ് ദിനംപ്രതി സർവിസ് നടത്തുന്നത്. എല്ലാ ദിവസവും രാവിലെ 7.30നും ഉച്ചക്കുശേഷം 3.30നും ജീസാൻ തുറമുഖത്തുനിന്ന് ഭീമൻ ജലയാനം പുറപ്പെടുന്നു. ഏകദേശം ഒരു മണിക്കൂർകൊണ്ട് ദ്വീപിലെത്തും. കപ്പലിലേക്ക് യാത്രക്കാരെ എത്തിക്കാൻ പോർട്ട് അതോറിറ്റി ജീസാൻ നഗരത്തിൽനിന്ന് സൗജന്യ ബസ് സർവിസ് ഏർപ്പെടുത്തിയിട്ടുണ്ട്. മുൻകൂട്ടി ബുക്ക് ചെയ്‌താൽ യാത്രികരുടെ വാഹനങ്ങളും കപ്പലിൽ കൂടെ കൊണ്ടുപോകാൻ കഴിയും.
കപ്പൽ പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും തിരിച്ചറിയൽ രേഖ (ഇഖാമ/നാഷനൽ ഐഡി/പാസ്‌പോർട്ട്) സമർപ്പിച്ച് പോർട്ട് കൗണ്ടറിൽനിന്നോ ഓൺലൈൻ വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാം. അവധിക്കാലത്തും ടൂറിസം സീസണിലും യാത്രചെയ്യാൻ നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടിവരും. ഒരു ദിവസത്തെ കപ്പൽയാത്രക്കാരുടെയും വാഹനം കൊണ്ടുപോകാനുള്ളതിന്റെയും ബുക്കിങ് പൂർത്തിയായാൽ അടുത്ത ദിവസത്തേക്ക് ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്.
പവിഴപ്പുറ്റുകളാൽ സമ്പന്നമാണ് ഇവിടം. 84ലധികം ദ്വീപുകളുടെ കൂട്ടമാണ് ഇത്. ഇതിൽ ഏറ്റവും വലിയ ദ്വീപിന്റെ പേരാണ് ഫുർസാൻ. ഏതാണ്ട് 70 കിലോമീറ്റർ നീളവും 30 കിലോമീറ്റർ വീതിയും ഈ ദ്വീപിനുണ്ട്. 5408 ചതുരശ്ര കിലോമീറ്ററാണ് ഏകദേശ വിസ്തീർണം. 20ഓളം ആളുകൾ ദ്വീപിൽ വസിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.