പുതിയ 25 പദ്ധതികൾ; ടൂറിസം രംഗത്ത്​ കുതിക്കാൻ കേരളം

തിരുവനന്തപുരം: വിനോദസഞ്ചാര വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ 60 കോടി രൂപ ചെലവഴിച്ച്​ പൂര്‍ത്തീകരിച്ച 25 പദ്ധതികൾ ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ശംഖുമുഖത്ത്​ ബീച്ച് പാര്‍ക്കിങ് റിക്രിയേഷന്‍ സെന്‍റര്‍, ആക്കുളത്ത് 9.34 കോടിയുടെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി നിർമിച്ച അത്യാധുനിക രീതിയിലെ നീന്തല്‍കുളം, ആര്‍ട്ടിഫിഷ്യല്‍ വാട്ടര്‍ഫാള്‍, കാട്ടാക്കടയില്‍ പ്രകൃതി മനോഹരമായ പ്രദേശത്തെ ശാസ്താംപാറ പദ്ധതി, കൊല്ലത്തെ ആശ്രാമം മൈതാനത്തിന്‍റെ വികസന പദ്ധതി, അഷ്​ടമുടിയിലെ വില്ലേജ് ക്രാഫ്റ്റ് മ്യൂസിയം ആൻഡ്​ സെയില്‍സ് എംപോറിയം, ആറന്മുള ഉത്രട്ടാതി വള്ളംകളിയുടെ ഫിനിഷിങ് പോയിന്‍റില്‍ ഒരുക്കിയ ആറന്മുള ഡെസ്റ്റിനേഷന്‍ ഡെവലപ്മെന്‍റ്, കൊട്ടാരക്കരയില്‍ പുലമന്‍ തോടിന്‍റെ പുനഃരുജ്ജീവനം എന്നിവ ഉദ്​ഘാടനം ചെയ്യുന്ന പദ്ധതികളിൽ ഉൾപ്പെടും.

പത്തനംതിട്ട ജില്ലയില്‍ പെരുന്തേനരുവി ടൂറിസം പദ്ധതി, അരൂരിലെ കുത്തിയതോടില്‍ നടപ്പാക്കുന്ന ഡെവലപ്മെന്‍റ് ഓഫ് ബാക് വാട്ടര്‍ സര്‍ക്യൂട്ട്, പദ്ധതിയുടെ ഭാഗമായി തഴപ്പ് കായല്‍ തീരത്തായി നടപ്പാക്കുന്ന ഡെവലപ്പ്മെന്‍റ് ഓഫ് മൈക്രോ ഡെസ്റ്റിനേഷന്‍ അറ്റ് തഴപ്പ്, അരൂക്കുറ്റിയില്‍ 2.25 കോടിയോളം രൂപ ചെലവഴിച്ച് നിർമിച്ച ഹൗസ് ബോട്ട് ടെര്‍മിനൽ, ഇടുക്കിയിലെ രാമക്കല്‍മേട്ടില്‍ നടപ്പാത, മഴക്കൂടാരങ്ങള്‍, കുമരകത്തെ കള്‍ച്ചറല്‍ സെന്‍റര്‍, എരുമേലിയിലെ പില്‍ഗ്രിം ഹബ്, ചേപ്പാറയിലെ ഇക്കോ ടൂറിസം വില്ലേജ്, തിരൂരിലെ തുഞ്ചന്‍ സ്മാരകത്തില്‍ എക്സിബിഷന്‍ പവിലിയന്‍, ഓഡിറ്റോറിയം, തിരുവമ്പാടിയില്‍ അരിപ്പാറ വെള്ളച്ചാട്ടം ആസ്വദിക്കാൻ കൂടുതല്‍ സൗകര്യങ്ങള്‍, കാപ്പാട് ബീച്ച് ടൂറിസം പദ്ധതി, തോണിക്കടവ് ടൂറിസം പദ്ധതി, വയനാട്ടിലെ കാരാപ്പുഴ ഡാം സൗന്ദര്യവത്കരണം, കാന്തന്‍പാറ വെള്ളച്ചാട്ടത്തില്‍ അടിസ്ഥാന സൗകര്യവികസനം, പഴശ്ശി പാര്‍ക്ക് വികസനം, ന്യൂ മാഹി ബോട്ട് ടെര്‍മിനല്‍, ബേക്കല്‍ ബീച്ച് പാര്‍ക്ക്, മാവിലാ കടപ്പുറം ബോട്ട് ടെര്‍മിനല്‍ എന്നിവയും പൂർത്തിയായ പദ്ധതികളിൽ ഉൾപ്പെടുന്നു.

തലശ്ശേരിയുടെ പൈതൃകം സംരക്ഷിച്ചുകൊണ്ട് പ്രദേശത്തിന്‍റെ വിനോദസഞ്ചാര സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനും അതുവഴി സഞ്ചാരികള്‍ക്ക് വേറിട്ട അനുഭവം പകരാനും ഉദ്ദേശിച്ചുള്ള തലശ്ശേരി പൈതൃക പദ്ധതിയുടെ ആദ്യഘട്ടവും ഉദ്ഘാടനം ചെയ്യപ്പെടും. ഗുണ്ടര്‍ട്ട് ബംഗ്ലാവിന്‍റെ നവീകരണം, പിയര്‍ റോഡ് നവീകരണം, ഓള്‍ഡ് ഫയര്‍ ടാങ്ക് പുനരുദ്ധാരണം എന്നിവയാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

ഉത്തരവാദിത്ത ടൂറിസം യാഥാര്‍ഥ്യമാക്കിയതിലൂടെ ഓരോ ടൂറിസം കേന്ദ്രത്തിലുമുള്ള ജനങ്ങള്‍ക്ക് കൂടി പ്രാദേശികമായി പദ്ധതികളുടെ പ്രയോജനം ലഭിക്കുകയാണെന്ന്​ അധികൃതർ അറിയിച്ചു. കേരളത്തി​ന്‍റെ കലാരൂപങ്ങള്‍, കൃഷിരീതി, പരമ്പരാഗത കരകൗശല രംഗം, ഭക്ഷണം തുടങ്ങിയവയെല്ലാം സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിലയിലേക്ക് മാറുകയാണ്. അതിനായുള്ള മികച്ച പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കി വരുന്നത്. അതുകൊണ്ടാണ് കോവിഡ് മഹാമാരി ലോകമെങ്ങും ഭീഷണിയായി നിലകൊള്ളുമ്പോഴും നമ്മുടെ നാട്ടിലേക്ക്​ വരാന്‍ വിദേശികള്‍ അടക്കമുള്ള സഞ്ചാരികള്‍ താൽപ്പര്യം പ്രകടിപ്പിക്കുന്നത്. അവരെ കൂടുതല്‍ ആകര്‍ഷിക്കാന്‍ ഈ പദ്ധതികളെല്ലാം സഹായകരമാകും.

കഴിഞ്ഞ നാലര വർഷം കൊണ്ട് കേരളത്തിന്‍റെ വിനോദ സഞ്ചാര മേഖലയിൽ വലിയ കുതിപ്പാണുണ്ടായത്. പ്രളയവും പകർച്ചവ്യാധികളും പ്രതിസന്ധികൾ സൃഷ്ടിച്ചിട്ടും ടൂറിസം മേഖലയിൽ മുന്നേറാൻ സാധിച്ചു. പ്രശസ്ത ഡിജിറ്റൽ ട്രാവൽ കമ്പനിയായ ബുക്കിംഗ് ഡോട്ട് കോം ഈ വർഷം നൽകിയ ട്രാവലർ റിവ്യൂ അവാർഡിൽ ഏറ്റവും മികച്ച ടൂറിസം സൗഹൃദ സംസ്ഥാനമായി തെരഞ്ഞെടുത്തത് കേരളത്തെയാണ്. ടൂറിസം മേഖലയുടെ വികസനത്തിനായി നിരവധി പദ്ധതികളാണ് സർക്കാർ നടപ്പാക്കിയിട്ടുള്ളതെന്നും അധികൃതർ അറിയിച്ചു.

Tags:    
News Summary - 25 new projects; Kerala to leapfrog tourism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.