നെടുമ്പാശ്ശേരി: കൊച്ചിയിൽനിന്ന് ലക്ഷദ്വീപിലേക്ക് ജലവിമാന സർവിസ് ആരംഭിക്കുന്നതിന് മുന്നോടിയായുള്ള പരീക്ഷണ പറക്കൽ ബുധനാഴ്ച തുടങ്ങി. ആദ്യദിന പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയാക്കി. പ്രാദേശിക വ്യോമഗതാഗത ബന്ധം ശക്തിപ്പെടുത്താനും ദ്വീപ് ടൂറിസം പ്രോത്സാഹിപ്പിക്കാനുമായാണ് സീപ്ലെയിൻ സർവിസ് ആരംഭിക്കുന്നത്. പരീക്ഷണ പറക്കലിന് ട്വിൻ ഓട്ടർ വിമാനമാണ് ഉപയോഗിച്ചത്. കൊച്ചിയിൽനിന്ന് അഗത്തിയിലേക്കായിരുന്നു ആദ്യ പറക്കൽ. അഗത്തിയിലെ വാട്ടർ എയറോഡ്രോമിൽ പരിശീലന-പരീക്ഷണ പറക്കലുകളും നടത്തി.
രാവിലെ 9.30ന് കൊച്ചിയിൽനിന്ന് പുറപ്പെട്ട വിമാനം 11.30ന് അഗത്തിയിലെത്തി. തുടർന്ന് 11.35 മുതൽ 1.30 വരെ അഗത്തി വാട്ടർ എയറോഡ്രോമിൽ പ്രാദേശിക പരിശീലന പറക്കൽ നടന്നു. വൈകീട്ട് മൂന്നിന് അഗത്തിയിൽനിന്ന് പുറപ്പെട്ട വിമാനം 4.45ന് കൊച്ചിയിലെത്തി. 19 യാത്രക്കാരെ ഉൾക്കൊള്ളുന്ന വിമാനമാണ് പരീക്ഷണ പറക്കൽ നടത്തിയത്. വിമാനത്തിന്റെ പരമാവധി ടേക്ക് ഓഫ് ഭാരം 5,670 കിലോഗ്രാമാണ്.
ഈ പദ്ധതി ലക്ഷദ്വീപിൽ ടൂറിസം വികസനത്തിനും അടിയന്തര ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്താനും ദ്വീപുകൾ തമ്മിലെ വേഗമേറിയ ബന്ധത്തിനും പുതിയ സാധ്യതകൾ തുറക്കുമെന്നാണ് പ്രതീക്ഷ. ഓപറേഷനൽ അസസ്മെന്റ് പദ്ധതിയുടെ ഭാഗമായി വ്യാഴാഴ്ചയും വെള്ളിയാഴ്ചയും പരീക്ഷണ പറക്കൽ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.