പട്ന: സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സർക്കാർ ജീവനക്കാർക്ക് പുതിയ നിർദേശവുമായി ബിഹാർ സർക്കാർ. ഓരോ മൂന്നു മാസത്തിലും കുടുംബത്തോടൊപ്പം സർക്കാർ അംഗീകൃത ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കണമെന്നാണ് പുതിയ ഉത്തരവ്. സന്ദർശനം സംബന്ധിച്ച ഫീഡ്‌ബാക്ക് റിപ്പോർട്ടുകൾ സർക്കാർ ജീവനക്കാർ സമർപ്പിക്കുകയും വേണം.
മേയ് 20-ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്‌മെന്റ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ജീവനക്കാരുടെ യാത്ര വെള്ളിയാഴ്ചകളിലും ശനിയാഴ്ചകളിലും ആയി ക്രമീകരിക്കാനാണ് നിർദേശം. രണ്ട് ദിവസവും രണ്ട് രാത്രിയുമാണ് ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ചെലവഴിക്കേണ്ടത്.
സന്ദർശിക്കുന്ന ജില്ല തന്റെ സ്വന്തം ജില്ല ആയിരിക്കരുത് എന്ന നിബന്ധനയുമുണ്ട്. ഓരോ യാത്രയിലും പരിസ്ഥിതി സൗഹൃദ ടൂറിസം അല്ലെങ്കിൽ ഗ്രാമീണ ടൂറിസം കേന്ദ്രങ്ങൾ ഉൾപ്പെടെ കുറഞ്ഞത് മൂന്ന് സ്ഥലങ്ങൾ സന്ദർശിക്കണമെന്നും അവിടെ രാത്രി താമസിക്കണമെന്നും ഉത്തരവിൽ പറയുന്നു. ഈ യാത്രയും താമസവും ഔദ്യോഗിക ഡ്യൂട്ടിയുടെ ഭാഗമായി കണക്കാക്കുമെന്നും സർക്കാർ വ്യക്തമാക്കി. വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിനും പ്രചാരണത്തിനും ജീവനക്കാരുടെ അഭിപ്രായങ്ങൾ പ്രയോജനപ്പെടുത്താനാണ് സർക്കാർ ഈ നീക്കം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.