ബെംഗളൂരു: വന്യജീവി സങ്കേതങ്ങളായ ബന്ദിപ്പൂർ, നാഗർഹോള ടൈഗർ റിസർവുകളിലെ ജംഗിൾ സഫാരി പൂർണ്ണതോതിൽ പുനരാരംഭിക്കാൻ കർണാടക സർക്കാർ തീരുമാനിച്ചു. വിദഗ്ധരും ഉദ്യോഗസ്ഥരും അടങ്ങുന്ന സാങ്കേതിക സമിതി ശാസ്ത്രീയമായി വിലയിരുത്തിയ ശേഷമാണ് സഫാരി പൂർണ്ണമായി തുറന്നുകൊടുക്കാൻ അനുമതി നൽകിയത്. സമിതിയുടെ ശുപാർശകൾ അംഗീകരിച്ച സർക്കാർ, കർശന നിയന്ത്രണങ്ങളോടെയും കൃത്യമായ മാനദണ്ഡങ്ങളോടെയും സഫാരി നടത്താൻ വനംവകുപ്പിന് നിർദ്ദേശം നൽകി. പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതോടൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും പ്രാദേശിക ജനവിഭാഗങ്ങളുടെ ഉപജീവനത്തിനും പ്രാധാന്യം നൽകുന്ന സുസ്ഥിര വിനോദസഞ്ചാര മാതൃകയാണ് കർണാടക പിന്തുടരുന്നതെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ ഓഫീസ് അറിയിച്ചു.
വന്യജീവി ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് പ്രാദേശിക ജനങ്ങൾ നടത്തിയ പ്രതിഷേധത്തെ തുടർന്ന് 2025 നവംബർ 7-നാണ് ബന്ദിപ്പൂർ, നാഗർഹോള എന്നിവിടങ്ങളിലെ ജംഗിൾ സഫാരി താൽക്കാലികമായി നിർത്തിവെച്ചത്. തുടർന്ന് വിഷയം പഠിക്കാൻ ശാസ്ത്രജ്ഞരും വന്യജീവി വിദഗ്ധരും അടങ്ങുന്ന സാങ്കേതിക സമിതിയെ സർക്കാർ നിയോഗിക്കുകയായിരുന്നു. സമിതി സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഈ വർഷം ഫെബ്രുവരിയിൽ ചില നിയന്ത്രണങ്ങളോടെ സഫാരി ഭാഗികമായി പുനരാരംഭിച്ചിരുന്നു. ഇപ്പോൾ സമിതി തങ്ങളുടെ അന്തിമ റിപ്പോർട്ട് സമർപ്പിച്ച സാഹചര്യത്തിലാണ്, പ്രകൃതിക്ക് കോട്ടം തട്ടാത്ത രീതിയിൽ സഫാരി പൂർണ്ണമായും തുറന്നുനൽകാൻ സർക്കാർ ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.