കുവൈത്ത് സിറ്റി: രാജ്യത്തെ പ്രശസ്ത വിനോദകേന്ദ്രങ്ങളിലൊന്നായ ഗ്രീൻ ഐലൻഡിൽ വൻ ടൂറിസം പദ്ധതികൾ വരുന്നു. 2027 ആകുമ്പോഴേക്കും ദ്വീപിനെ ആധുനികവും സുസ്ഥിരവുമായ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം. വിനോദസൗകര്യങ്ങൾ നവീകരിക്കൽ, സാംസ്കാരിക, വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ രാജ്യത്തെ ആകർഷണ ഇടങ്ങൾ ശക്തിപ്പെടുത്തൽ എന്നിവയുടെ ഭാഗമാണ് ഇതെന്ന് ഇൻഫർമേഷൻ, സാംസ്കാരിക, യുവജനകാര്യ മന്ത്രി അബ്ദുൽ റഹ്മാൻ അൽ മുതൈരി പറഞ്ഞു.
പരിസ്ഥിതി-പൈതൃക മൂല്യമുള്ള കേന്ദ്രങ്ങളിൽ സുസ്ഥിര നിക്ഷേപം പ്രോത്സാഹിപ്പിക്കുന്ന സർക്കാർ നയങ്ങളുടെ ഭാഗമാണിതെന്നും മന്ത്രി വ്യക്തമാക്കി. പദ്ധതിയിൽ ഗുണനിലവാരം, സുരക്ഷ, പ്രവേശനക്ഷമത എന്നിവക്ക് മുൻതൂക്കം നൽകുമെന്ന് അറിയിച്ചു. 1988ൽ തുറന്ന ഗ്രീൻ ഐലൻഡ് കുവൈത്തിന്റെ ആദ്യ കൃത്രിമ ദ്വീപും പ്രധാന വിനോദകേന്ദ്രവുമാണ്. പൈതൃക മൂല്യം സംരക്ഷിച്ച് ദ്വീപിനെ ആധുനിക ടൂറിസം കേന്ദ്രമായി മാറ്റുകയാണ് ലക്ഷ്യമെന്ന് ടൂറിസം എന്റർപ്രൈസസ് കമ്പനി സി.ഇ.ഒ അൻവർ അൽ ഹെലൈല പറഞ്ഞു.
കടൽത്തീര റെസ്റ്റോറന്റുകൾ, കഫേകൾ, ഗ്ലാസ് ഡോം, വെൽനസ് ആൻഡ് ഫിറ്റ്നസ് സെന്റർ, തിയറ്റർ, കുട്ടികളുടെ കളിസ്ഥലങ്ങൾ, സ്പോർട്സ് ക്ലബുകൾ, മൾട്ടിപർപ്പസ് ഹാളുകൾ, സാംസ്കാരിക-വിദ്യാഭ്യാസ ഇടങ്ങൾ, നടപ്പാതകൾ, വിശാലമായ ഗ്രീൻ സോണുകൾ എന്നിവ വികസന പദ്ധതികളിൽ ഉൾപ്പെടുന്നു.
ദ്വീപിന്റെ ചരിത്ര സ്മാരകങ്ങളെ സംരക്ഷിച്ചും സംസ്കാരം, പ്രകൃതി, വിനോദം എന്നിവ സമന്വയിപ്പിക്കുന്ന തരത്തിൽ സന്ദർശകർക്ക് വൈവിധ്യമാർന്നതും ആധുനികവുമായ അനുഭവം പ്രദാനം ചെയ്യുന്നതാകും രൂപകൽപ്പന. പദ്ധതി വിജയത്തിനായി സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ മേഖല, സിവിൽ സമൂഹം എന്നിവയുടെ പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.