ഇരുപത്തിയൊന്നാം വയസ്സിൽ തന്റെ പാഷനെ പിന്തുടർന്ന് സോളോ യാത്രകൾ തുടങ്ങി, ആ യാത്രകളിൽ കണ്ട കാഴ്ചകളും അറിഞ്ഞ മനുഷ്യരെയും അനുഭവിച്ച നിമിഷങ്ങളും ചുറ്റുമുള്ളവരിലേക്കും പകരുകയാണ് തൃശൂർ സ്വദേശി ഡോ. റുക്സാന. ലോകത്തെ നേരിട്ടറിയാനും അതിലൂടെ സ്വയം കണ്ടെത്തലിനുമുള്ള മാർഗമാണ് റുക്സാനക്ക് യാത്രകൾ. നാനൂറോളം യാത്രകളിലായി മൂവായിരത്തോളം സ്ത്രീകളെ ലോകം കാണിക്കാനിറങ്ങിയ യാത്രാനുഭവങ്ങൾ പങ്കുവെക്കുകയാണ് റുക്സാന.
ചൈനയിൽ ഡോക്ടറായി ജോലിചെയ്യുകയാണ് റുക്സാന. പഠനവും അവിടെതന്നെയായിരുന്നു. കോവിഡ് കാലത്ത് കുറച്ചുനാൾ പഠനത്തോടൊപ്പം നാട്ടിൽ ജോലിചെയ്തിരുന്നു. അക്കാലത്താണ് ഉള്ളിൽ പൊടിപിടിച്ചുകിടന്ന യാത്രാമോഹങ്ങൾ പുറത്തുകടക്കുന്നത്.
കുടുംബവുമൊത്തുള്ള കശ്മീർ യാത്രയിൽ കേരളത്തിൽനിന്നുള്ള പെൺകുട്ടികളെ കണ്ടപ്പോൾ ആഗ്രഹങ്ങൾക്കപ്പുറം സോളോ യാത്രകൾ പ്ലാൻചെയ്തു തുടങ്ങി. ഇന്ന് പത്തോളം രാജ്യങ്ങളും കടന്ന് മുന്നേറുകയാണ്.
പെൺയാത്രകൾ...
യാത്രാവിശേഷങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു തുടങ്ങിയപ്പോൾ നിരവധി മെസേജുകൾ വന്നിരുന്നു. യാത്രചെയ്യാൻ ആഗ്രഹമുണ്ടായിട്ടും പല കാരണങ്ങളാൽ മടിച്ചുനിൽക്കുന്നവരുടെ ‘യാത്രയിൽ കൂടെക്കൂടിക്കോട്ടെ’ എന്ന ചോദ്യങ്ങളാണ് സ്ത്രീകൾക്കായൊരു യാത്ര എന്ന ആശയത്തിലേക്കെത്തിച്ചത്. ആഗ്രഹങ്ങൾക്കപ്പുറം യാത്രാ പ്ലാനുകൾ മുടങ്ങിക്കിടന്ന ഒരുകൂട്ടം ആളുകൾ ഒരുമിച്ചപ്പോൾ പെൺയാത്രകൾ പിന്നീടങ്ങോട്ട് ആഘോഷങ്ങളായി മാറുകയായിരുന്നു.
നാലു വർഷം മുമ്പ് വയനാട്ടിൽവെച്ച് 60 പേരുമായി നടത്തിയ ക്യാമ്പിൽനിന്നാണ് തുടക്കം. ഇന്ന് കശ്മീർ, മലേഷ്യ, ബാലി തുടങ്ങി ഇന്ത്യക്ക് അകത്തും പുറത്തുമായി മൂവായിരത്തോളം സ്ത്രീകളെ യാത്രകളുടെ ഭാഗമാക്കാനായി.
യാത്രകളിൽ മാസ്കിൽ മുഖം മറച്ചല്ലാതെ റുക്സാനയെ ആരും കണ്ടിട്ടില്ല. മാസ്കിൽ കൂടുതൽ സുരക്ഷിതമെന്ന് തോന്നിയതുകൊണ്ടാണ് കോവിഡ് കാലം മുതൽക്കേ യാത്രകളിലും മാസ്ക് ഉപയോഗിക്കാറുള്ളത്. ‘മുഖം കാണാതെ ആളുകൾ വിശ്വസിക്കില്ലെന്നു പലരും പറയാറുണ്ട്. എന്നാൽ, നാലു വർഷം ഇത്രയധികം പേർ യാത്രകൾക്കായി കൂടെക്കൂടിയത് എന്റെ മുഖം കണ്ടിട്ടല്ല. സമൂഹമാധ്യമങ്ങളിലും, അനുഭവങ്ങളെ എഴുത്തിലൂടെ ആളുകളിലേക്കെത്തിക്കാനാണ് കൂടുതൽ ഇഷ്ടം’ റുക്സാന പറയുന്നു.
സ്ത്രീകൾ മാത്രമായുള്ള യാത്രകളായതുകൊണ്ട് തന്നെ സുരക്ഷ മുൻനിർത്തിയാണ് യാത്രകൾ പ്ലാൻചെയ്യാറുള്ളത്. കേരളത്തിനുള്ളിലെ ക്യാമ്പുകളിൽ 60ഓളം പേരും കേരളത്തിനു പുറത്തേക്കുള്ള ട്രിപ്പുകളിൽ 45, ഇന്റർനാഷനൽ 35 എന്നിങ്ങനെയാണ് ആളുകളെ എടുക്കാറുള്ളത്. യാത്രകളിൽ പ്രായം ഒരു ഘടകമായി നോക്കാറില്ല. 60-70 വയസ്സ് വരെയുള്ളവർ യാത്രയുടെ ഭാഗമായിട്ടുണ്ട്. കേരളത്തിനകത്ത് ക്യാമ്പുകൾ മാത്രമാണ് പ്ലാൻചെയ്യാറുള്ളത്. കോഓഡിനേഷനായി ആറുപേരാണ് ഉള്ളത്.
യാത്രകളിൽ പലവിധ പ്രതിസന്ധികളുണ്ടാകാറുണ്ടെങ്കിലും അവിടെയെല്ലാം മുന്നോട്ടു പോകാനുള്ള ഊർജവും കരുത്തും പകരുന്നത് കോഓഡിനേറ്റർമാരാണ്. ഇത്രയും ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിൽ ആദ്യമൊക്കെ വീട്ടുകാർക്ക് ഭയമുണ്ടായിരുന്നു. പിന്നീട് യാത്രകളോടുള്ള പാഷൻ തിരിച്ചറിഞ്ഞപ്പോൾ അവരും കൂടെ നിൽക്കുന്നു. ‘ട്രാവൽ വിത്ത് സന’ എന്ന അക്കൗണ്ടിലൂടെയാണ് റുക്സാന തന്റെ യാത്രാവിശേഷങ്ങൾ പങ്കുവെക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.