ഷാത്ത് വ്യൂ പോയിന്റിലെ ഗ്ലാസ് ബ്രിഡ്ജ്
സലാല: ഖരീഫ് സീസൺ സജീവമായതോടെ ഒമാനിലെ സലാലയിലേക്ക് സഞ്ചാരികളുടെ പ്രവാഹം തുടരുന്നു. പച്ചപ്പുതച്ച മലനിരകളും തടാകങ്ങളും വെള്ളച്ചാട്ടങ്ങളും നേരിയ ചാറ്റൽമഴയും നിറഞ്ഞ ഇവിടുത്തെ കാഴ്ചകൾ സഞ്ചാരികൾക്ക് വേറിട്ട അനുഭവമാണ് സമ്മാനിക്കുന്നത്. ഇത്തവണത്തെ ഖരീഫ് സീസണിലെ പ്രധാന ആകർഷണങ്ങളിലൊന്ന് ഷാത്ത് വ്യൂ പോയിന്റിൽ അടുത്തിടെ പൊതുജനങ്ങൾക്കായി തുറന്ന ഗ്ലാസ് ബ്രിഡ്ജാണ്.
ദോഫാർ ഗവർണറേറ്റിലെ ടൂറിസം വികസന പദ്ധതികളുടെ ഭാഗമായാണ് ജബൽ ഷാത്തിൽ ഈ ആകാശപ്പാലം നിർമ്മിച്ചിരിക്കുന്നത്. ഇവിടെ നിന്നാൽ കടലിന്റെയും പച്ചപ്പണിഞ്ഞ താഴ്‌വരകളുടെയും 360 ഡിഗ്രി പനോരമിക് കാഴ്ചകൾ ആസ്വദിക്കാനാകും.
പൂർണമായും സുരക്ഷിതമായ ടെമ്പർഡ് ഗ്ലാസുകൾ ഉപയോഗിച്ചാണ് പാലത്തിന്റെ പ്ലാറ്റ്ഫോം നിർമിച്ചിരിക്കുന്നത്. താഴെയുള്ള വലിയ താഴ്ചയിലേക്ക് നേരിട്ട് നോക്കിക്കൊണ്ട് നടക്കാം എന്നത് സാഹസികതയും കൗതുകവും നിറഞ്ഞ അനുഭവമാണ് സഞ്ചാരികൾക്ക് നൽകുന്നത്. കോടമഞ്ഞും പച്ചപ്പും പശ്ചാത്തലമാകുന്നതിനാൽ ഫോട്ടോഗ്രാഫി, റീലുകൾ എന്നിവ ചിത്രീകരിക്കുന്നവർക്ക് ഇവിടം പ്രിയപ്പെട്ട കേന്ദ്രമായി മാറിക്കഴിഞ്ഞു.
പാർക്കുകൾ, റെസ്റ്ററന്റുകൾ, പരമ്പരാഗത ഒമാനി ഭക്ഷണശാലകൾ എന്നിവക്ക് സമീപമായതിനാൽ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ ഷാത്ത് വ്യൂപോയിന്റ് ഏറെ അനുയോജ്യമാണ്. ഖരീഫിലെ മഞ്ഞും പച്ചപ്പും അസ്തമയക്കാഴ്ചകളും ഒത്തുചേരുന്ന ഇവിടം സഞ്ചാരികൾക്ക് ദൃശ്യവിരുന്നൊരുക്കുന്നു.
ഒരാൾക്ക് മൂന്ന് ഒമാനി റിയാലാണ് പ്രവേശന ഫീസ്. 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഒരു റിയാലും അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യവുമാണ്.
ഒമാനിലെ വിവിധ ഭാഗങ്ങളിൽ സാഹസിക വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതൽ ഗ്ലാസ് ബ്രിഡ്ജ്, സ്കൈവാക്ക് പ്രോജക്റ്റുകൾ അധികൃതർ ആസൂത്രണം ചെയ്യുന്നുണ്ട്. നിലവിൽ സുൽത്താനേറ്റിലെ ഏറ്റവും വലിയ ഗ്ലാസ് വ്യൂയിംഗ് സൗകര്യം ജബൽ അഖ്ദറിലാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.