സിനിമകളിൽ മാത്രം കണ്ടുശീലിച്ച വിസ്മയ കാഴ്ചകൾ യാഥാർത്ഥ്യമാകുന്ന ഒരിടമാണ് ആഫ്രിക്കൻ രാജ്യമായ എത്യോപ്യ. പാറക്കൂട്ടങ്ങൾക്കിടയിലേക്ക് പെട്ടെന്ന് അപ്രത്യക്ഷമാവുകയും, പിന്നീട് മലനിരകൾക്കുള്ളിലെ ആഴങ്ങളിൽ അതേ ജലധാരയോടൊപ്പം നടക്കാൻ കഴിയുകയും ചെയ്യുന്ന അപൂർവ്വമായ ഒരു ഗുഹാസംവിധാനമാണ് 'സോഫ് ഉമർ'. എത്യോപ്യയിലെ ബെയ്‌ൽ പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന ഈ ഗുഹാശൃംഖല ആയിരക്കണക്കിന് വർഷങ്ങളായി വെയ്ബ് നദി ചുണ്ണാമ്പുകല്ലുകൾക്കിടയിലൂടെ തന്റേതായ പാത വെട്ടിത്തുറന്നാണ് രൂപപ്പെടുത്തിയത്.
ഗുഹയുടെ പ്രവേശന കവാടത്തിൽ വച്ച് നദി പെട്ടെന്ന് ഭൂഗർഭ സംവിധാനത്തിലേക്ക് അപ്രത്യക്ഷമാകുന്നു. തുടർന്ന് 15 മുതൽ 16 കിലോമീറ്റർ വരെ നീളത്തിൽ പരന്നുകിടക്കുന്ന ഈ ഗുഹയ്ക്കുള്ളിൽ സഞ്ചാരികൾക്ക് നദിയോടൊപ്പം നടന്നുനീങ്ങാം. ഗുഹയ്ക്ക് പുറത്തുനിന്ന് കാഴ്ച കാണുകയല്ല, മറിച്ച് ഭൂഗർഭ നദിയോടൊപ്പം ഇരുട്ടിലൂടെ നടക്കുക എന്നതാണ് ഇവിടത്തെ പ്രധാന പ്രത്യേകത. ഗൈഡിന്റെ സഹായത്തോടെ കാൽനടയായി പര്യവേക്ഷണം ചെയ്യാവുന്ന ഈ ഗുഹയ്ക്കുള്ളിലൂടെയുള്ള യാത്രയ്ക്കിടയിൽ സീസണിന് അനുസരിച്ച് വെയ്ബ് നദി പലതവണ മുറിച്ചുകടക്കേണ്ടി വരുന്നുണ്ട്. ജലനിരപ്പ് ഉയർന്ന മഴക്കാലത്ത് ചില ഭാഗങ്ങളിലൂടെയുള്ള യാത്ര ബുദ്ധിമുട്ടോ ചിലപ്പോൾ അസാധ്യമാകാറുമുണ്ട്.
വലിയ സ്തംഭങ്ങളും കത്തീഡ്രലുകളെ ഓർമ്മിപ്പിക്കുന്ന കൂറ്റൻ പാറക്കെട്ടുകളും 'അല്ലാഹുവിന്‍റെ പാലം' എന്നറിയപ്പെടുന്ന പ്രകൃതിദത്ത കൽപാലവും ഇവിടത്തെ പ്രധാന ആകർഷണങ്ങളാണ്. ചരിത്രപരമായും ആത്മീയമായും ഏറെ പ്രാധാന്യമുള്ള സോഫ് ഉമർ ഗുഹയ്ക്ക് പണ്ടുകാലത്ത് ഇവിടെ അഭയം തേടിയ ഷെയ്ഖ് സോഫ് ഉമർ അഹമ്മദ് എന്ന സൂഫി വര്യന്‍റെ പേരാണ് നൽകിയിരിക്കുന്നത്. ഗുഹയ്ക്കുള്ളിലെ പള്ളിയും ആരാധനാലയവും ഇന്നും പ്രദേശവാസികൾക്ക് ഏറെ പ്രധാനപ്പെട്ടതാണ്. സഞ്ചാരികൾ ആവശ്യത്തിന് വെളിച്ചവും നല്ല പാദരക്ഷകളും കരുതി വേണം ഈ ദുർഘടമായ ഭൂഗർഭ പാതയിലൂടെയുള്ള യാത്രയ്ക്ക് തയ്യാറെടുക്കാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.