ഇലവീഴാപൂഞ്ചിറയിലെ തടാകം


അടിസ്ഥാന സൗകര്യങ്ങളുമായി ഇലവീഴാപൂഞ്ചിറ ഒരുങ്ങുന്നു

കുടയത്തൂർ: സഞ്ചാരികളുടെ ഒഴുക്ക് തുടരുന്ന ഇലവീഴാപൂഞ്ചിറയിൽ വിശ്രമകേന്ദ്രവും ശൗചാലയവും ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുങ്ങുന്നു. കുടയത്തൂർ പഞ്ചായത്തിന് ലഭിച്ച 10 സെന്റ് സ്ഥലത്താണ് ‘ടേക്ക് എ ബ്രേക്ക്’ പദ്ധതിയുടെ ഭാഗമായി നിർമാണം നടത്തുന്നത്. ജില്ലാ പഞ്ചായത്ത് 35 ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. ടെൻഡർ നടപടി പൂർത്തിയായതോടെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് കുടയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് പുഷ്പ വിജയൻ അറിയിച്ചു. വിശ്രമകേന്ദ്രത്തിനും ശൗചാലയത്തിനുമൊപ്പം സഞ്ചാരികൾക്ക് ആവശ്യമായ മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതോടെ ഇലവീഴാപൂഞ്ചിറയിലെത്തുന്നവർ നേരിടുന്ന പ്രധാന ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകും.

പൂഞ്ചിറക്ക് പുതിയ മുഖം

നിലവിൽ നൂറുകണക്കിന് സഞ്ചാരികൾ ദിനംപ്രതി എത്തുന്ന ഇലവീഴാപൂഞ്ചിറയിൽ വിശ്രമിക്കാൻ മതിയായ സൗകര്യമില്ലാത്ത അവസ്ഥയാണ്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതക്കിടയിലും സഞ്ചാരികളുടെ എണ്ണം വർധിക്കുകയാണ്. പുതിയ പദ്ധതി യാഥാർഥ്യമാകുന്നതോടെ പൂഞ്ചിറയുടെ വിനോദസഞ്ചാര മേഖലയ്ക്ക് കൂടുതൽ ഉണർവുണ്ടാകുമെന്നാണ് പ്രതീക്ഷ. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3200 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇലവീഴാപൂഞ്ചിറ തണുപ്പും കാറ്റും ശാന്തമായ പ്രകൃതിഭംഗിയും കൊണ്ട് സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്. ഇടുക്കി, കോട്ടയം ജില്ലകളുടെ അതിർത്തി പങ്കിടുന്ന പൂഞ്ചിറയിലേക്ക് ഇടുക്കി ഭാഗത്ത് നിന്ന് കാഞ്ഞാർ വഴിയും കോട്ടയം ഭാഗത്ത്നിന്ന് മേലുകാവ് വഴിയും എത്താം. കോട്ടയം ഭാഗത്തേക്കുള്ള റോഡ് ഉന്നത നിലവാരത്തിൽ ഗതാഗതയോഗ്യമായതോടെ പൂഞ്ചിറയിലേക്കുള്ള സഞ്ചാരികളുടെ വരവ് ഗണ്യമായി വർധിച്ചു. കെ.എസ്.ആർ.ടി.സിയുടെ ബജറ്റ് ടൂറിസം സർവീസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് മിക്ക ദിവസങ്ങളിലും പൂഞ്ചിറയിലെത്തുന്നത്.

വിനോദസഞ്ചാരികളുടെ വലിയ വരവ് ഉണ്ടായിട്ടും സാമ്പത്തിക നേട്ടം ഇതുവരെ കാര്യമായി കുടയത്തൂർ പഞ്ചായത്തിന് ലഭിച്ചില്ല. ‘ടേക്ക് എ ബ്രേക്ക്’ പദ്ധതി പൂർത്തിയാകുന്നതോടെ സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കുന്നതിനൊപ്പം പഞ്ചായത്തിന് വരുമാന മാർഗവും തുറക്കും. അതേസമയം, പൂഞ്ചിറയിലേക്കുള്ള ഇടുക്കി ഭാഗത്തെ പ്രധാന പ്രവേശനപാതയായ കാഞ്ഞാർ വഴിയുള്ള റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ആവശ്യവും ശക്തമാണ്. റോഡ് കൂടി നവീകരിച്ചാൽ ഇലവീഴാപൂഞ്ചിറയിലേക്കുള്ള സഞ്ചാരികളുടെ വരവ് ഇനിയും വർധിക്കുമെന്നും പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - New Tourist Facilities to Come Up at Ilaveezhapoonchira; District Panchayat Allocates 35 Lakhs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.