സമുദ്രനിരപ്പിൽ നിന്ന് 5,364 മീറ്റർ ഉയരത്തിലുള്ള എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള ട്രെക്കിങ് വിജയകരമായി പൂർത്തിയാക്കിയതിന്‍റെ ആവേശം അടങ്ങുംമുമ്പേ, അടുത്ത വർഷം തന്നെ ആഫ്രിക്കയുടെ മേൽക്കൂര എന്നറിയപ്പെടുന്ന, 5,895 മീറ്റർ ഉയരമുള്ള മൗണ്ട് കിലിമഞ്ചാരോയും ഞങ്ങൾ കീഴടക്കി. ഓരോ കൊടുമുടിയും കീഴടക്കുന്നത് കേവലമൊരു വിജയം മാത്രമായിരുന്നില്ല. മൂന്നു സുഹൃത്തുക്കൾ ഒരുമിച്ച് കണ്ട സ്വപ്നങ്ങളുടെ ഓരോ അധ്യായങ്ങളായിരുന്നു. യാത്രകളിലൂടെ പരസ്പരം കൈപിടിച്ചുയർത്തിയ വിശ്വാസവും സൗഹൃദവും ഞങ്ങളെ ഓരോ കൂടുതൽ ഉയരങ്ങളിലേക്ക് നയിച്ചു.
കിലിമഞ്ചാരോയിൽ നിന്ന് തിരിച്ചിറങ്ങിയപ്പോൾ ഞങ്ങൾ മൂന്നുപേരുടെയും മനസ്സിൽ ഒരേയൊരു ചോദ്യം മാത്രം മുഴങ്ങിക്കൊണ്ടിരുന്നു. ‘അടുത്ത ലക്ഷ്യം എന്താണ്?’. കാരണം, ഞങ്ങളുടെ യാത്രകളിൽ ഒരു കൊടുമുടി അവസാനമല്ല, അത് അടുത്തതിലേക്കുള്ള ചുവടുമാത്രമാണ്. ഇക്കുറി ഉത്തരം വരാൻ അധിക സമയം വേണ്ടിവന്നില്ല -‘മൗണ്ട് എൽബ്രസ്’. 5,642 മീറ്റർ ഉയരമുള്ള എൽബ്രസ് റഷ്യയുടെയും യൂറോപ്പിന്‍റെയും ഏറ്റവും ഉയരം കൂടിയ പർവതമാണ്. ലോകത്തിലെ ഏഴ് ഭൂഖണ്ഡങ്ങളിലെയും ഏറ്റവും ഉയരം കൂടിയ കൊടുമുടികളെ ഉൾക്കൊള്ളുന്ന പ്രശസ്തമായ സെവൻ സമ്മിറ്റ്സ് പട്ടികയിലെ അഭിമാനകരമായ ശിഖരം.
ഞങ്ങളുടെ സാഹസികയാത്ര ആരംഭിച്ചത് ലെ-ലഡാക്കിലെ ഉയരം കൂടിയ മലമ്പാതകളിലൂടെ ബൈക്കിൽ സഞ്ചരിച്ചുകൊണ്ടായിരുന്നു. ഹിമാലയത്തിന്‍റെ വളഞ്ഞുപുളഞ്ഞ വഴികൾ സഹനശക്തിയും ഉയരങ്ങളോടുള്ള ബഹുമാനവും ഞങ്ങളെ പഠിപ്പിച്ചു. പിന്നീട് ഞങ്ങൾ നേപ്പാളിലേക്ക് യാത്രയായി. ഷെർപ്പ ഗ്രാമങ്ങളിലൂടെയും മനോഹരമായ താഴ്വാരങ്ങളിലൂടെയും സഞ്ചരിച്ച് എവറസ്റ്റ് ബേസ് ക്യാമ്പിലെത്തി. ഹിമാലയത്തിന്‍റെ മഹത്വവും വിശാലതയും അവിടെ ഞങ്ങൾ നേരിൽ അനുഭവിച്ചു. പിന്നീട് ആഫ്രിക്ക ഞങ്ങളെ വരവേറ്റു. മൗണ്ട് കിലിമഞ്ചാരോയുടെ മുകളിലെത്തിയപ്പോൾ, നിരന്തര പരിശ്രമവും പരസ്പര വിശ്വാസവും കൂട്ടായ്മയും എത്ര വലിയ വിജയങ്ങൾ സമ്മാനിക്കാമെന്ന് ഞങ്ങൾ മനസ്സിലാക്കി. ഓരോ യാത്രയും ഞങ്ങളെ കൂടുതൽ കരുത്തരാക്കി. ഓരോ പർവതവും ജീവിതത്തിലെ പുതിയ പാഠങ്ങൾ പഠിപ്പിച്ചു. ഇപ്പോൾ...യൂറോപ്പ് ഞങ്ങളെ വിളിക്കുകയാണ്, അതിന്‍റെ മേൽക്കൂരയിലേക്ക്.
റഷ്യയിലെ ‘ൈക്ലംബിങ് ബ്രദേഴ്സ്’ എക്സ്പെഡിഷൻ സംഘവുമായി ഞങ്ങൾ ബന്ധപ്പെട്ടു. യാത്രയുടെ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കി, ജൂലൈ 19 മുതൽ 26 വരെയുള്ള ദിവസങ്ങൾ യാത്രക്കായി നിശ്ചയിച്ചു.
അതിനുശേഷം മാസങ്ങളോളം നീണ്ട തയാറെടുപ്പ്. സൂര്യോദയത്തിന് മുമ്പേ ഉണർന്ന്, ഭാരമേറിയ ബാഗുകൾ ചുമന്ന് പടികൾ കയറിയുള്ള പരിശീലനം. ജിമ്മിൽ മണിക്കൂറുകളോളം നീണ്ട കഠിന വ്യായാമം. ഉയരങ്ങളിലെ വിരളമായ വായുവിനെയും പ്രതികൂല സാഹചര്യങ്ങളെയും നേരിടാൻ ശരീരത്തെയും മനസ്സിനെയും ഒരുപോലെ പാകപ്പെടുത്തിക്കൊണ്ടിരുന്ന ദിനങ്ങൾ.
സാഹസികയാത്രകൾ ഒരിക്കലും ഭൂപടത്തിൽ വരച്ച വഴികളിലൂടെ മാത്രം സഞ്ചരിക്കാറില്ല. അപ്രതീക്ഷിത സംഭവങ്ങളാണ് പലപ്പോഴും അവയുടെ ആദ്യ അധ്യായം എഴുതുന്നത്. എൽബ്രസിലേക്കുള്ള ഞങ്ങളുടെ യാത്രയും അത്തരമൊരു അപ്രതീക്ഷിത തുടക്കത്തോടെയായിരുന്നു.
രാത്രി 10.30-ന് പുറപ്പെടേണ്ടിയിരുന്ന വിമാനം അടുത്ത ദിവസം രാവിലെ 11.30-ലേക്കാണ് മാറ്റിയത്. എന്നാൽ, ആ വൈകൽ ഞങ്ങളുടെ ആവേശം ഒട്ടും കുറച്ചില്ല. പർവതാരോഹണത്തിൽ ക്ഷമ എന്നത് ശരീരശക്തിക്ക് തുല്യമായ ഗുണമാണ്. വൈകുന്നേരം ഏകദേശം 3.30ഓടെ ഞങ്ങൾ റഷ്യയിലെ മിനറൽനി വോഡി വിമാനത്താവളത്തിൽ എത്തി. എൽബ്രസിലേക്കുള്ള പ്രധാന കവാടമാണ് ഈ നഗരം.
വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ആദ്യം ശ്രദ്ധയിൽപ്പെട്ടത് കെട്ടിടങ്ങളല്ല. മലനിരകളിൽ നിന്ന് ഒഴുകിയെത്തുന്ന തണുത്ത, ശുദ്ധമായ വായു. എന്നാൽ, റഷ്യൻ ഇമിഗ്രേഷൻ ഞങ്ങളുടെ ക്ഷമയെ വീണ്ടും പരീക്ഷിച്ചു. രണ്ട് മണിക്കൂറിലേറെ നീണ്ട നടപടികൾക്കുശേഷമാണ് പുറത്തേക്കിറങ്ങാൻ കഴിഞ്ഞത്.
പുറത്ത് ൈക്ലംബിങ് ബ്രദേഴ്സ് കമ്പനി ഒരുക്കിയ വാഹനം ഞങ്ങളെ കാത്തുനിന്നിരുന്നു. ഡ്രൈവർ ഒരു റഷ്യൻ പൊലീസ് ഉദ്യോഗസ്ഥനായിരുന്നു. സൗഹൃദപരമായ പെരുമാറ്റവും പുഞ്ചിരിയുമുള്ള അദ്ദേഹം ഞങ്ങളെ സ്വാഗതം ചെയ്തു. പ്യാതിഗോഴ്‌സ്‌ക് നഗരത്തിലെ ‘ൈക്ലംബിങ് ബ്രദേഴ്സ് ഓഫിസിൽ ഞങ്ങളെ സ്വീകരിച്ചത് സ്ഥാപനത്തിന്‍റെ ഉടമകളായ റോസും മരിയയും. ചൂടുള്ള റഷ്യൻ കാപ്പി തന്നു സ്വീകരിച്ചിരുത്തി.അവരുടെ ആതിഥ്യ മര്യാദയും പെരുമാറ്റവും വീട്ടിലെത്തിയ പോലെയുള്ള അനുഭവം സമ്മാനിച്ചു. ഞങ്ങളുടെ കൈവശമുള്ള പർവതാരോഹണ ഉപകരണങ്ങൾ -മൗണ്ടിനീയറിങ് ബൂട്ടുകൾ, ക്രാംപോണുകൾ, ഹെൽമറ്റുകൾ, ഹാർണസുകൾ തുടങ്ങിയവ- അവർ ഏറ്റുവാങ്ങി.
ശേഷം മറ്റൊരു ടാക്സിയിൽ രണ്ടര മണിക്കൂർ നീണ്ട യാത്രക്കുശേഷം എൽബ്രസിന്‍റെ താഴ്വാരത്തിലുള്ള ടെർസ്കോൾ എന്ന മലയോര ഗ്രാമത്തിലെത്തി. അപ്പോൾ രാത്രി ഏകദേശം 10 മണി. ഒരു ചെറുപ്പക്കാരൻ അവിടെ ഞങ്ങളെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. പേര് ഇവാൻ. ഇനിയുള്ള യാത്രയിൽ ഞങ്ങളുടെ ഗൈഡ് ഇവാൻ ആണ്. സ്നേഹപൂർവം സ്വീകരിച്ചു ഞങ്ങളെ മുറികളിലേക്ക് കൂട്ടിക്കൊണ്ടുപോയി. നീണ്ട യാത്രക്കുശേഷം സുഖശയനം.
നേപ്പാളും ടാൻസാനിയയും സന്ദർശിച്ച ഞങ്ങൾക്ക് റഷ്യ തികച്ചും വ്യത്യസ്തമായൊരു ലോകമായിരുന്നു. സംസ്കാരം, വാസ്തുവിദ്യ, ആതിഥ്യമര്യാദ, കൃത്യനിഷ്ഠ, ജനങ്ങളുടെ ജീവിതശൈലി, എല്ലാം പുതുമ നിറഞ്ഞത്. ഭാഷ അറിയില്ലെങ്കിലും ആളുകളുടെ പെരുമാറ്റം അതീവ സൗഹൃദപരവും സഹായസന്നദ്ധവുമായിരുന്നു. ചുറ്റും ആകാശം മുട്ടി നിൽക്കുന്ന മലനിരകൾ. തെരുവുകളിൽ കുടുംബങ്ങൾ ഉല്ലാസത്തോടെ നടക്കുന്നു. കുട്ടികൾ തുറസ്സായ സ്ഥലങ്ങളിൽ കളിക്കുന്നു. തിരക്കുകളില്ലാതെ, പ്രകൃതിയോട് ചേർന്ന ഒരു ജീവിതം.
റഷ്യയിൽ ഞങ്ങളെ ആദ്യം ആകർഷിച്ച മറ്റൊരു കാര്യം അവിടത്തെ ഭക്ഷണമായിരുന്നു. എല്ലാ ദിവസവും പ്രഭാതഭക്ഷണത്തിൽ പുതുപുത്തൻ സാലഡുകൾ, പച്ചക്കറികൾ, മുട്ട, ബ്രെഡ് എന്നിവ ഉണ്ടായിരുന്നു. പ്രാദേശികമായി കൃഷി ചെയ്ത പച്ചക്കറികളുടെ സ്വാഭാവിക രുചി ഓരോ ഭക്ഷണത്തിലും അനുഭവിക്കാനായി.
അടുത്ത ദിവസം ഞങ്ങളുടെ അക്ലിമറ്റൈസേഷൻ (ഉയരങ്ങളിലെ കുറഞ്ഞ ഓക്സിജനുമായി ശരീരത്തെ പൊരുത്തപ്പെടുത്തുന്ന പരിശീലനം) ആരംഭിച്ചു. പലർക്കും ഇത് പ്രധാന കയറ്റത്തിന് മുമ്പുള്ള ഒരു ചെറിയ പരിശീലനം മാത്രമായി തോന്നാം. പക്ഷേ യഥാർഥത്തിൽ, ഉയർന്ന മലകളിലെ ഏത് ദൗത്യത്തിന്‍റെയും നിർണായക ഘട്ടം ഇതാണ്. ശരീരത്തിന് ക്രമേണ ഉയരങ്ങളോട് പൊരുത്തപ്പെടാൻ സമയം നൽകാതെ കയറുകയാണെങ്കിൽ, മികച്ച ഫിറ്റ്നസുള്ളവർക്കുപോലും ആൾട്ടിറ്റ്യൂഡ് സിക്ക്നസ് ബാധിക്കാം.
ആദ്യ ദിവസത്തെ പരിശീലന ട്രെക്ക് ടെർസ്കോൾ ഒബ്സർവേറ്ററിയിലേക്കായിരുന്നു. ആൽപൈൻ വനപാതകളിലൂടെ പതുക്കെ കയറുമ്പോൾ ചുറ്റുമുള്ള കാഴ്ച അതിമനോഹരം. ഉയരങ്ങൾ പിന്നിടുന്തോറും മഞ്ഞുമൂടിയ എൽബ്രസിന്‍റെ ഭീമാകാരമായ കൊടുമുടി മേഘങ്ങൾക്കിടയിൽ നിന്ന് പതിയെ പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഒടുവിൽ ഒബ്സർവേറ്ററിയിലെത്തിയപ്പോൾ, യൂറോപ്പിന്‍റെ ഏറ്റവും ഉയരം കൂടിയ പർവതത്തെ അതിന്‍റെ പൂർണ ഭംഗിയിൽ ആദ്യമായി ഞങ്ങൾ കണ്ടു. വേനൽസൂര്യന്‍റെ വെളിച്ചത്തിൽ തിളങ്ങുന്ന ഹിമാനികളും വിശാലമായ മഞ്ഞുപാളികളും ചേർന്ന് എൽബ്രസ് ഒരേസമയം മനോഹരവും ഭയാനകവുമായി തോന്നി.
ഏകദേശം 15 മിനിറ്റ് അവിടെ വിശ്രമിച്ചു. രാവിലെ ഹോട്ടലിൽ നിന്ന് തയാറാക്കി കൊണ്ടുവന്ന സാൻഡ്‌വിച്ചും ചൂടുചായയും കഴിച്ചുകൊണ്ട് ആ ദൃശ്യം ആസ്വദിച്ചങ്ങനെ ഇരിക്കുമ്പോൾ ഓർക്കുകയായിരുന്നു. ജീവിതത്തിലെ ചില നിമിഷങ്ങൾ ചിത്രങ്ങളിൽ പകർത്താൻ കഴിയില്ല. അത് നേരിട്ട് അനുഭവിക്കുകതന്നെ വേണം.
അടുത്ത ദിവസം ഞങ്ങളെ നയിച്ചത് നിക്കോളായ് എന്ന് പേരുള്ള ഗൈഡ് ആയിരുന്നു. റഷ്യൻ ഒളിമ്പിക് കമ്മിറ്റിയിലെ മുൻ അംഗവും അതീവ പരിചയസമ്പന്നനുമായ പർവതാരോഹകൻ. കണ്ട നിമിഷം തന്നെ ഒരു കാര്യം വ്യക്തമായി. അച്ചടക്കം. അനുഭവം. സുരക്ഷ, അതിൽ ഒന്നും ഒരു വിട്ടുവീഴ്ചയുമില്ല. അദ്ദേഹം ആവർത്തിച്ച് പറയുമായിരുന്നു-‘മലകൾക്ക് നിങ്ങളുടെ അഹങ്കാരത്തിലും സ്വപ്നങ്ങളിലും മുൻ വിജയങ്ങളിലുമൊന്നും താൽപര്യമില്ല. തയാറെടുപ്പിനെയും ക്ഷമയെയും ശരിയായ തീരുമാനങ്ങളെയുമാണ് അവ അംഗീകരിക്കുന്നത്’. ഉയരങ്ങൾ കൂടുംതോറും ഓക്സിജന്‍റെ കുറവ് വ്യക്തമായി അനുഭവപ്പെട്ടു. ശ്വാസം എടുക്കാൻ ബുദ്ധിമുട്ട്. സംസാരം ചുരുങ്ങി. ഓരോ ചുവടും മുമ്പത്തേതിനേക്കാൾ കൂടുതൽ കഠിനമായിത്തുടങ്ങി.
യാത്രയുടെ പല ഘട്ടങ്ങളിലും, കേബിൾ കാറിലൂടെ എൽബ്രസിന്‍റെ വിശാലമായ സൗന്ദര്യം ആസ്വദിക്കുന്ന സഞ്ചാരികളെ ഞങ്ങൾ കണ്ടു. അവിടെ ഇരുന്ന് അവർ കൊടുമുടിയുടെ ഭംഗി സുഖമായി ആസ്വദിക്കുമ്പോൾ, ഞങ്ങൾ ഓരോ ചുവടും സ്വന്തം കാലുകളാൽ അടയാളപ്പെടുത്തി മുന്നേറി. ഓരോ അക്ലിമറ്റൈസേഷൻ കയറ്റവും മുന്നിലുള്ള വെല്ലുവിളിയുടെ യഥാർഥ രൂപം ഞങ്ങൾക്ക് കൂടുതൽ വ്യക്തമായി കാണിച്ചുതന്നു. ഒടുവിൽ ഞങ്ങൾ മൗണ്ട് എൽബ്രസിലെ ഗരബാഷി ബേസ് ക്യാമ്പിൽ എത്തിച്ചേർന്നു.
മൂന്നാം ദിവസം ഞങ്ങളുടെ യാത്രയിലെ മറ്റൊരു സുപ്രധാന നാഴികക്കല്ലായിരുന്നു. മിക്ക ട്രെക്കിങ് യാത്രകളിൽ നിന്നെല്ലാം വ്യത്യസ്തമായി, ഇവിടെ ഓരോ സംഘവും സ്വന്തം ഭക്ഷണസാധനങ്ങൾ ബേസ് ക്യാമ്പിലെത്തിക്കേണ്ടിയിരുന്നു. പച്ചക്കറികളും മുട്ടയും കുടിവെള്ളവും ലഘുഭക്ഷണങ്ങളും പാചകത്തിനാവശ്യമായ സാധനങ്ങളും നിറച്ച ചാക്കുകൾ ഓരോന്നായി കേബിൾ കാറിലേക്ക് കയറ്റി.
ബേസ് ക്യാമ്പിൽ നിന്ന് കാണുന്ന എൽബ്രസിന്‍റെ കാഴ്ച അതിമനോഹരമായിരുന്നു. ഉച്ചതിരിഞ്ഞ് സൂര്യപ്രകാശത്തിൽ തിളങ്ങുന്ന ഇരട്ട മഞ്ഞുമുടികൾ, ആകാശത്തോളം ഉയർന്ന് ഞങ്ങളെ നോക്കി നിൽക്കുന്നതുപോലെ തോന്നി. ഓരോ കണ്ടെയ്‌നറിലും എട്ട് പർവതാരോഹകർക്ക് താമസിക്കാനുള്ള സൗകര്യം ഉണ്ടായിരുന്നു. ഇരുനില കിടക്കകളും ഒരു ചെറിയ ഹീറ്ററും ഉണ്ടായിരുന്നു.
പുറത്ത് കൊടുംതണുപ്പായതിനാൽ ഹീറ്റർ ഓണാക്കാമെന്ന് കരുതി. പക്ഷേ, ഗൈഡായ ഇവാൻ ചിരിച്ചുകൊണ്ട് പറഞ്ഞു. ‘ഇപ്പോൾ തന്നെ ചൂട് തേടരുത്. ഈ തണുപ്പിനോട് ശരീരം ഇണങ്ങണം’.
ആദ്യമത് അൽപം കഠിനമായി തോന്നിയെങ്കിലും പിന്നീട് അതിന്‍റെ അർഥം മനസ്സിലായി. സമ്മിറ്റ് ദിനത്തിൽ ഞങ്ങളെ കാത്തിരുന്നത് ഹീറ്ററുകളല്ല. പൂജ്യത്തിനും താഴെയുള്ള താപനിലയും എല്ലുകൾ തുളച്ചുകയറുന്ന മഞ്ഞുകാറ്റുമായിരുന്നു.
ഉച്ചഭക്ഷണമായി ചൂടൻ സൂപ്പും പൊരിച്ച മുട്ടയും കഴിച്ചു. ഉച്ച ഭക്ഷണത്തിനു ശേഷം ആദ്യമായി ഞങ്ങൾ ക്രാംപോണുകൾ ധരിച്ചു. ബൂട്ടിന്‍റെ അടിയിൽ ഘടിപ്പിക്കുന്ന ആ ഇരുമ്പ് മുനകൾ ആണത്. നടക്കുമ്പോൾ ആദ്യം അസ്വാഭാവികമായി തോന്നി. പക്ഷേ, മഞ്ഞുപാളികളിൽ അവയുടെ പ്രാധാന്യം വളരെ വേഗം മനസ്സിലായി. അന്നത്തെ കയറ്റം 4,100 മീറ്റർ വരെ ആയിരുന്നു.
വെളുത്ത മഞ്ഞുപാടങ്ങൾക്കുമേൽ ഓരോ ചുവടും ഞങ്ങൾക്ക് പുതിയ പാഠമായിരുന്നു. ചുറ്റും മനോഹരമായ കാഴ്ചകൾ. കുഞ്ഞുങ്ങളുടെ കൈപിടിച്ച് മലകളെ പരിചയപ്പെടുത്തുന്ന കുടുംബങ്ങൾ.
വീണാൽ, എങ്ങനെ സ്വയം രക്ഷപ്പെടാമെന്ന് വീണ്ടും വീണ്ടും പരിശീലിക്കുന്ന പരിചയസമ്പന്നരായ പർവതാരോഹകർ. 4,100 മീറ്ററിലെത്തിയപ്പോൾ ഞങ്ങൾ യാത്രക്ക് ചെറിയ വിരാമമിട്ടു. തെർമോസിൽനിന്ന് ചൂടൻ ചായ പകർന്നു. ബിസ്കറ്റുകൾ പങ്കുവെച്ചു. മുന്നിൽ അനന്തമായി വിരിഞ്ഞുകിടന്ന വെളുത്ത ലോകത്തെ നിശ്ശബ്ദമായി നോക്കിയിരുന്നു.
കുത്തനെയുള്ള മഞ്ഞുപാളികളിലൂടെ ഞങ്ങൾ പതുക്കെ മുന്നേറി. വൈകുന്നേരം ബേസ് ക്യാമ്പിലേക്ക് മടങ്ങുമ്പോഴേക്കും ശരീരം പൂർണമായും ക്ഷീണിച്ചിരുന്നു. അപ്പോഴാണ് ഇവാൻ പുഞ്ചിരിയോടെ പറഞ്ഞത്:
‘നാളെ 4,700 മീറ്റർ വരെ പോകാം.’ ഞങ്ങൾ മൂന്നുപേരും പരസ്പരം നോക്കി ചിരിച്ചു.
അങ്ങനെ, സ്വപ്നങ്ങളിലേക്കുള്ള മറ്റൊരു ദിനം ആരംഭിച്ചു. സാൻഡ്‌വിച്ചുകളും ചോക്ലറ്റുകളും എനർജി സ്നാക്കുകളും ബാഗിലാക്കി യാത്ര തുടങ്ങി. ഉയരം കൂടുംതോറും ഓരോ ചുവടും കൂടുതൽ ഭാരമായി. ഓക്സിജൻ കുറയുന്നു. ശ്വാസം എടുക്കാൻ കൂടുതൽ ശ്രമം വേണം. അപ്പോഴൊക്കെ നിക്കോളായ് ശാന്തമായി പറയും. ‘ഒരു ശ്വാസം..ഒരു ചുവട്..ഒരു ശ്വാസം... അത്രമാത്രം ചിന്തിക്കുക’. മണിക്കൂറുകളുടെ കഠിന പരിശ്രമത്തിനൊടുവിൽ ഞങ്ങൾ 4,700 മീറ്ററിൽ എത്തി.
അവിടെ നിന്ന് കാണുന്ന കാഴ്ച വാക്കുകൾക്കതീതമായിരുന്നു. താഴെ അനന്തമായി നീളുന്ന ഹിമാനികൾ. മലകൾക്കിടയിലൂടെ ഒഴുകുന്ന മേഘങ്ങൾ. രാവിലെ മുതൽ കരുതിയിരുന്ന സാൻഡ്‌വിച്ചുകൾ അവിടെ ഇരുന്ന് കഴിച്ചു.
ചോക്ലറ്റുകൾ ശരീരത്തിന് പുതിയ ഊർജം നൽകി.
മഞ്ഞുമലകളിലൂടെ നടക്കുമ്പോൾ ക്രാംപോണുകളിൽ പൂർണ വിശ്വാസം ഇനിയും വന്നിരുന്നില്ല. വീണ്ടും വീണ്ടും ഞങ്ങൾ മഞ്ഞിൽ വഴുതി വീണു. ഓരോ തവണയും എഴുന്നേറ്റപ്പോൾ ശരീരം മാത്രമല്ല, മനസ്സും കൂടുതൽ കരുത്താർജിച്ചു. കാരണം കൊടുമുടിയിലെത്തുന്നവർ ഒരിക്കലും വീഴാത്തവരല്ല. വീണിട്ടും ഓരോ തവണയും എഴുന്നേറ്റ് മുന്നോട്ട് നടന്നവരാണ്.
ഏകദേശം 4,300 മീറ്റർ ഉയരത്തിലെത്തിയപ്പോൾ, നിക്കോളായിയുടെ ശബ്ദത്തിൽ പെട്ടെന്ന് ആശങ്ക നിറഞ്ഞു. ‘വേഗം..മുന്നോട്ട്’. അദ്ദേഹത്തിന്‍റെ വാക്കുകൾക്കൊപ്പം ഞങ്ങളുടെ കണ്ണുകളും ആകാശത്തേക്ക് ഉയർന്നു. നിമിഷങ്ങൾക്കുമുമ്പ് നീല നിറത്തിൽ വിരിഞ്ഞുകിടന്ന ആകാശം, ഇപ്പോൾ കറുത്ത മേഘങ്ങളാൽ മൂടിയിരുന്നു. ഉയരങ്ങളിൽ ഇടിമിന്നലും ആലിപ്പഴമഴയും ഏറ്റവും വലിയ അപകടങ്ങളിൽ ഒന്നാണ്. അവിടെ സുരക്ഷിതമായി ഒളിക്കാൻ ഇടങ്ങളില്ല. ആലിപ്പഴ മഴ അതിവേഗം ഞങ്ങളിലേക്ക് പാഞ്ഞെത്തുകയായിരുന്നു.
ഞങ്ങളുടെ വേഗം കുറഞ്ഞത് മനസ്സിലാക്കിയ നിക്കോളായി, ഓരോരുത്തരെയും മുന്നോട്ട് പ്രേരിപ്പിച്ചു. അങ്ങനെ ഞങ്ങൾ ഒരു ചെറിയ അടിയന്തര ഷെൽട്ടറിലെത്തി. പുറത്ത് ആലിപ്പഴങ്ങൾ പർവതത്തിന്‍റെ മാറിടത്ത് ശക്തിയായി പതിക്കുമ്പോൾ, അകത്ത് ഞങ്ങൾ നിശ്ശബ്ദമായി കാത്തിരുന്നു. ആ ചെറിയ അഭയകേന്ദ്രം അപ്പോൾ ഒരു കൊട്ടാരത്തേക്കാൾ വിലപ്പെട്ടതായിരുന്നു. അന്ന് വൈകുന്നേരം ബേസ് ക്യാമ്പിലേക്ക് മടങ്ങിയപ്പോൾ ആരും അധികം സംസാരിച്ചില്ല. എല്ലാവർക്കും അറിയാമായിരുന്നു. സമ്മിറ്റ് ദിനം ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണങ്ങളിലൊന്നായിരിക്കും.
സമ്മിറ്റ് ശ്രമത്തിന് തലേദിവസം, ഉയരം കീഴടക്കാനുള്ള പരിശീലനമല്ല, സുരക്ഷാ പരിശീലനമായിരുന്നു. കാരണം, ഈ യാത്രയുടെ ലക്ഷ്യം കൊടുമുടിയിലെത്തുക മാത്രമായിരുന്നില്ല. എല്ലാവരും സുരക്ഷിതമായി വീട്ടിലേക്ക് മടങ്ങുക എന്നത് കൂടിയായിരുന്നു. നിക്കോളായിയുടെ നേതൃത്വത്തിൽ ഞങ്ങൾ ഐസ് ആക്സ് ഉപയോഗിച്ച് മഞ്ഞിൽ വഴുതി വീണാൽ എങ്ങനെ സ്വയം നിയന്ത്രിച്ച് നിർത്താമെന്ന് പരിശീലിച്ചു. അതോടൊപ്പം ഫിക്സ്ഡ് റോപ്പുകൾ ഉപയോഗിച്ച് സുരക്ഷിതമായി കയറുന്നതും ഇറങ്ങുന്നതും പരിശീലിച്ചു.
വൈകുന്നേരം നിക്കോളായ് എല്ലാ അംഗങ്ങളെയും ഒരുമിച്ച് വിളിച്ചു. അവസാന നിർദേശങ്ങൾ നൽകി. ‘ഇന്ന് രാത്രി കൃത്യം പന്ത്രണ്ട് മണിക്ക് സമ്മിറ്റ് പുഷ് ആരംഭിക്കും’. കാലാവസ്ഥ, യാത്രയുടെ വേഗം, ഭക്ഷണം, വെള്ളം, സുരക്ഷ...എല്ലാം വിശദമായി പറഞ്ഞു. അവസാനം അദ്ദേഹം വളരെ വ്യക്തമായി ഒരു കാര്യം പറഞ്ഞു. ‘ഞാൻ തിരികെ ഇറങ്ങാൻ തീരുമാനിച്ചാൽ, ആ തീരുമാനം അന്തിമമായിരിക്കും’. ആരും ഒരു ചോദ്യം പോലും ചോദിച്ചില്ല. കാരണം, അദ്ദേഹത്തിന്‍റെ ഉത്തരവാദിത്തം ഞങ്ങളെ കൊടുമുടിയിലെത്തിക്കുക മാത്രമായിരുന്നില്ല. ജീവനോടെ തിരികെ എത്തിക്കുകയായിരുന്നു.
അർധരാത്രി കൃത്യം 12 മണിക്ക് ഞങ്ങൾ യാത്ര തുടങ്ങി. ചുറ്റും കനത്ത ഇരുട്ട്. പൂജ്യത്തിനും വളരെ താഴെയായിരുന്നു താപനില. തെർമൽ വസ്ത്രങ്ങൾ, ഫ്ലീസ് ജാക്കറ്റുകൾ, വാട്ടർപ്രൂഫ് ഷെല്ലുകൾ, ഡൗൺ ജാക്കറ്റുകൾ, മൂന്ന് പാളികളുള്ള ട്രൗസറുകൾ, ഇൻസുലേറ്റഡ് ബൂട്ടുകൾ, ഗെയ്റ്ററുകൾ, കട്ടിയുള്ള ഗ്ലൗസുകൾ, മുഖം മൂടുന്ന സംരക്ഷണ ഉപകരണങ്ങൾ, ഹെഡ്‌ലാമ്പുകൾ...സമ്മിറ്റ് ദിനത്തിനായി ആവശ്യമായ എല്ലാം ഞങ്ങൾ ധരിച്ചിരുന്നു.
ബാക്ക്പാക്കുകളിൽ ഭക്ഷണം, വെള്ളം, അടിയന്തര മരുന്നുകൾ, സുരക്ഷാ ഉപകരണങ്ങൾ എന്നിവയും ഉണ്ടായിരുന്നു.
ചുറ്റും കേൾക്കുന്നത് മഞ്ഞിൽ ക്രാംപോണുകൾ പതിക്കുന്ന ‘ക്രഞ്ച്... ക്രഞ്ച്..’ ശബ്ദം മാത്രം.
ഹെഡ്‌ലാമ്പിന്‍റെ വെളിച്ചം മുന്നിലെ ഏതാനും മീറ്ററുകൾ മാത്രം കാണിച്ചുതന്നു. ആ വെളിച്ചത്തെ വിശ്വസിച്ച്, നിക്കോളായിയുടെ കാൽപ്പാടുകൾ പിന്തുടർന്ന് ഞങ്ങൾ മുന്നേറി. ഓരോ 45 മിനിറ്റിലും ചെറിയ ഇടവേള.
നിക്കോളായ് അതിനെ ‘ബ്രെത്തിങ് ബ്രേക്ക്’ എന്ന് വിളിച്ചു. ശ്വാസം സാധാരണ നിലയിലാകാൻ വേണ്ട ഒരു മിനിറ്റ് മാത്രം. പിന്നെ വീണ്ടും യാത്ര. ഉയരം കൂടുംതോറും കാറ്റ് ശക്തമായി. ഇത്രയധികം വസ്ത്രം ധരിച്ചിട്ടും തണുപ്പ് ശരീരത്തിനുള്ളിലേക്ക് കയറിവരുന്നു. ഓരോ ചുവടും അതീവ പ്രയാസമായി. എങ്കിലും, തിരിച്ചുപോകണം എന്ന ചിന്ത ഒരാളുടെയും മനസ്സിലുണ്ടായിരുന്നില്ല.
മണിക്കൂറുകളുടെ കഠിനമായ കയറ്റത്തിനുശേഷം ഏകദേശം 5,370 മീറ്ററിൽ എത്തി. നിക്കോളായ് അഞ്ച് മിനിറ്റ് വിശ്രമം പ്രഖ്യാപിച്ചു. പക്ഷേ, അഞ്ച് മിനിറ്റ് പത്ത് മിനിറ്റായി. അപ്പോഴാണ് എന്തോ പന്തികേട് ഞങ്ങൾ മനസ്സിലാക്കിയത്. കാറ്റിന്‍റെ ശക്തി വർധിക്കുകയാണ്. കാഴ്ചദൂരവും വേഗത്തിൽ കുറയുന്നു. ഉയരങ്ങളിൽ നിശ്ചിത പരിധിയേക്കാൾ കൂടുതൽ കാറ്റ് വീശുമ്പോൾ മുന്നോട്ട് പോകുന്നത് അപകടകരമാണ്. അദ്ദേഹം എല്ലാവരോടും ഐസ് ആക്സ് കൈയിലെടുക്കാൻ പറഞ്ഞു. കുറച്ചുകൂടി മുന്നോട്ട് നീങ്ങി. ഒടുവിൽ ഏകദേശം 5,395 മീറ്ററിൽ എത്തിയപ്പോൾ അദ്ദേഹം നിർത്താൻ പറഞ്ഞു. എല്ലാവരെയും ഒരുമിച്ച് വിളിച്ചു.
ഒരു പർവതാരോഹകനും കേൾക്കാൻ ആഗ്രഹിക്കാത്ത വാക്കുകൾ അദ്ദേഹം ശാന്തമായി പറഞ്ഞു. കൊടുങ്കാറ്റ് ശക്തമാകുകയാണ്. കാഴ്ച വളരെ മോശമായി. ഇനി മുന്നോട്ട് പോകുന്നത് സുരക്ഷിതമല്ല. സമ്മിറ്റ് ശ്രമം ഇവിടെ അവസാനിക്കുന്നു. കുറച്ച് നിമിഷങ്ങൾ. ആരും ഒന്നും പറഞ്ഞില്ല. കൊടുമുടി നൂറ് മീറ്റർ മാത്രം അകലെയായിരുന്നു. സ്വപ്നം കാണാൻ കഴിയുന്നത്ര അടുത്ത്. ഞങ്ങളുടെ കണ്ണുകൾ നിറഞ്ഞു. വർഷങ്ങളായുള്ള സ്വപ്നം, മാസങ്ങളുടെ തയാറെടുപ്പുകൾ. ആയിരക്കണക്കിന് കിലോമീറ്ററുകളുടെ യാത്ര. ഒരു നിമിഷം കൊണ്ട് എല്ലാം അവസാനിച്ചതുപോലെ തോന്നി.
മൗണ്ട് എൽബ്രസിന്‍റെ തീരുമാനം അതായിരുന്നു. ഹൃദയം ഭാരപ്പെട്ടിരുന്നെങ്കിലും ഗൈഡിലുള്ള പൂർണ വിശ്വാസത്തോടെ ഞങ്ങൾ തിരിച്ചിറങ്ങി. പ്രഭാതവെളിച്ചം പതിയെ പരന്നപ്പോൾ മറ്റനേകം സംഘങ്ങളും അതേ തീരുമാനം എടുത്തതായി കണ്ടു. അപ്പോഴാണ് മനസ്സിലായത്. ഒരു കൊടുമുടിയും നമ്മുടെ ജീവനേക്കാൾ വിലപ്പെട്ടതല്ല.
ബേസ് ക്യാമ്പിലേക്ക് തിരിച്ചെത്തിയപ്പോൾ, നിരാശ പതിയെ ആശ്വാസത്തിന് വഴിമാറി. ഞങ്ങൾ കൊടുമുടിയിലെത്തിയില്ല. പക്ഷേ, ഞങ്ങൾ പർവതത്തെ ബഹുമാനിച്ചു. അതിന് മറുപടിയായി, പർവതം ഞങ്ങളെ ജീവനോടെ വീട്ടിലേക്ക് മടങ്ങാൻ അനുവദിച്ചു. അടുത്ത ദിവസം ഞങ്ങളെ കാത്തിരുന്നത് ഹൃദയം തകർക്കുന്ന ഒരു വാർത്തയായിരുന്നു. മുന്നോട്ട് പോയ ബോസ്നിയയിൽ നിന്നുള്ള അഞ്ച് പർവതാരോഹകർക്ക് എൽബ്രസിൽ ജീവൻ നഷ്ടപ്പെട്ടു.
കാലാവസ്ഥ എത്ര വേഗത്തിലാണ് മാറുന്നത്. ഉയർന്ന പർവതങ്ങളിൽ ചെറിയ തെറ്റായ തീരുമാനത്തിന് പോലും വലിയ വില നൽകേണ്ടിവരും. പർവതാരോഹണത്തിൽ അനുഭവസമ്പത്ത് മാത്രം മതിയാകില്ല. ശരിയായ സമയത്ത് ശരിയായ തീരുമാനം എടുക്കാനുള്ള വിവേകമാണ് പലപ്പോഴും ജീവനും മരണവും തമ്മിലുള്ള വ്യത്യാസമാകുന്നത്. അൽപസമയത്തിനുശേഷം മറ്റൊരു ദുഃഖവാർത്തയും ഞങ്ങൾ അറിഞ്ഞു. ലോകപ്രശസ്ത ഹൈ-ആൾട്ടിറ്റ്യൂഡ് പർവതാരോഹകനായ നിർമൽ പുർജ, മറ്റൊരു ഹിമാലയൻ ദൗത്യത്തിനിടെ ഗുരുതര പ്രതിസന്ധി നേരിട്ട വാർത്ത.
ഈ യാത്ര പരാജയമായിരുന്നോ? ഞങ്ങളുടെ ഉത്തരം ‘ഒരിക്കലുമല്ല’ എന്നാണ്. കാരണം, എൽബ്രസ് ഞങ്ങളെ പലതും പഠിപ്പിച്ചു. ക്ഷമ, അച്ചടക്കം, വിനയം, ഐക്യം..എന്നാൽ, അവയെക്കാളും വിലപ്പെട്ട ഒരു പാഠം കൂടി. ‘മുന്നോട്ട് പോകുന്നതിലല്ല, ചിലപ്പോൾ ശരിയായ സമയത്ത് തിരിഞ്ഞുനടക്കുന്നതാണ് യഥാർഥ ധൈര്യം’ എന്നതാണത്. ലെ-ലഡാക് മലനിരകൾ, എവറസ്റ്റ് ബേസ് ക്യാമ്പ്, കിലിമഞ്ചാരോ, എൽബ്രസ്...ഓരോ യാത്രയും മനസ്സിൽ പുതിയ സ്വപ്നങ്ങൾ വിതച്ചു.
ഈ യാത്ര ഇവിടെ അവസാനിക്കുന്നില്ല. അടുത്ത ലക്ഷ്യം തെക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ അക്കോൻകാഗ്വയാണ്. സെവൻ സമ്മിറ്റ്സിലേക്കുള്ള സ്വപ്നയാത്ര. അതിന് ശേഷം, ലോകത്തിന്‍റെ നെറുകയായ എവറസ്റ്റ് കൊടുമുടിക്ക് താഴെ ഞങ്ങളും നിൽക്കും. ആ നിമിഷത്തിനായി കാത്തിരിക്കും. കാരണം, ഒരു പർവതാരോഹകൻ സ്വപ്നം കാണുന്നത് ഒരിക്കലും അവസാനിപ്പിക്കില്ല.
ഞങ്ങൾ എൽബ്രസിൽ നിന്ന് തിരിഞ്ഞിറങ്ങിയത് തോറ്റതുകൊണ്ടല്ല. സ്വപ്നം ഉപേക്ഷിച്ചതുകൊണ്ടുമല്ല. വീണ്ടും മടങ്ങിവരും. അന്ന്, എൽബ്രസ് ഞങ്ങളെ തന്‍റെ കൊടുമുടിയിലേക്ക് സ്വാഗതം ചെയ്യുമെന്ന് വിശ്വസിക്കുന്നു...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.