ചരിത്രശേഷിപ്പിന്‍റെ പട്ടുപാതയിൽ

സിൽക്ക് റൂട്ടിലൂടെ സഞ്ചരിച്ചിരുന്ന കച്ചവടസംഘങ്ങളുടെ പ്രധാന ഇടത്താവളമായിരുന്നു ഖീവ. സമർഖന്ദിലും ബുഖാറയിലും റബാതി മലിക് പോലുള്ള മറ്റ് ഉസ്‌ബക് നഗരങ്ങളിലും ആധികാരികവും പുരാതനവുമായ കാരവൻസെറായികൾ ഇന്നും നന്നായി സംരക്ഷിക്കപ്പെടുന്നുണ്ട്.

ഉച്ചതിരിഞ്ഞ് താഷ്‌കന്റ് എയർപോർട്ടിൽ ലാൻഡ് ചെയ്ത ഫ്ലൈ ദുബൈ വിമാനത്തിൽനിന്ന് പുറത്തിറങ്ങിയപ്പോൾ മധ്യേഷ്യയുടെ സുഖകരമായ തണുത്ത കാറ്റാണ് ഞങ്ങളെ വരവേറ്റത്. കൗതുകത്തോടെയും ആദരവോടെയും എതിരേൽക്കുന്ന അവിടത്തെ മുഖങ്ങൾ ഞങ്ങളെ അത്ഭുതപ്പെടുത്തി.

പുരാതനകാലത്ത് ഏഷ്യയെയും യൂറോപ്പിനെയും തമ്മിൽ ബന്ധിപ്പിച്ചിരുന്ന പട്ടുപാത (Silk Route) കടന്നുപോകുന്ന സവിശേഷമായ പ്രദേശമാണ് ഉസ്ബകിസ്താൻ. സാംസ്‌കാരികവും സാമ്പത്തികവുമായ മഹാശൃംഖലയായ ഈ പാതയുടെ ‘ഹൃദയം’ എന്നാണ് ഉസ്ബകിസ്താൻ അറിയപ്പെടുന്നത്. ചൈനയിൽ നിന്ന് തുടങ്ങി മധ്യേഷ്യയിലൂടെ കടന്ന് മെഡിറ്ററേനിയൻ കടൽ വരെ നീളുന്നതായിരുന്നു ഈ പാത. ഇതിന്റെ കൃത്യം മധ്യഭാഗത്തായിരുന്നു സമർഖന്ദും ബുഖാറയും ഖീവയും. ഏകദേശം 1500 വർഷത്തിലേറെ കാലം ഈ പാത സജീവമായിരുന്നു. ചൈനയിൽനിന്നുള്ള പട്ട് പ്രധാന വ്യാപാരവസ്തു ആയതുകൊണ്ടാണ് ഈ പാതക്ക് ‘സിൽക്ക് റൂട്ട്’ എന്ന് പേര് വന്നത്.

പാതയിലൂടെ കടന്നുപോകുന്ന ഒട്ടകങ്ങൾക്കും കച്ചവടക്കാർക്കും വിശ്രമിക്കാനായി വലിയ കാരവൻസെറായികൾ (Caravanistan) നിർമിച്ചിരുന്നു. പുരാതന കേരളത്തിലെ കച്ചവടയാത്രക്കാർക്ക് ഭാരമിറക്കി വിശ്രമിക്കാനായി കരിങ്കല്ലിൽ പാളികൾ നാട്ടിനിർത്തിയ അത്താണികളെ ഓർമിപ്പിക്കുന്ന ഒന്നാണിത്. സിൽക്ക് റൂട്ടിലൂടെ സഞ്ചരിച്ചിരുന്ന കച്ചവടസംഘങ്ങളുടെ പ്രധാന ഇടത്താവളമായിരുന്നു ഖീവ. സമർഖന്ദിലും ബുഖാറയിലും റബാതി മലിക് പോലുള്ള മറ്റ് ഉസ്‌ബക് നഗരങ്ങളിലും ആധികാരികവും പുരാതനവുമായ കാരവൻസെറായികൾ ഇന്നും നന്നായി സംരക്ഷിക്കപ്പെടുന്നുണ്ട്. താമസസ്ഥലത്തെത്തി അൽപനേരത്തെ വിശ്രമത്തിന് ശേഷം ഞങ്ങൾ പോയത് ‘മാജിക് സിറ്റി’യിലേക്കാണ്. താഷ്‌കന്റ് നഗരത്തിന്റെ പുതിയ മുഖമാണിത്. പ്രവേശനം സൗജന്യമാണ്. അകത്ത് വ്യത്യസ്തമായ ആക്ടിവിറ്റികൾ, പ്രദർശനങ്ങൾ.

പ്രസന്നതയുടെ നഗരം

താഷ്‌കന്റ് നഗരയാത്രയായിരുന്നു അടുത്ത ദിവസം. സോവിയറ്റ് യൂനിയനിൽനിന്ന് വിഘടിച്ചിട്ടും റഷ്യൻ ശേഷിപ്പുകളും ചൈനീസ്, യൂറോപ്യൻ, അറേബ്യൻ സ്വാധീനവും ഒരുപോലെ ദൃശ്യമാകുന്ന നഗരവിതാനമാണ് താഷ്‌കന്റിലേത്. ഉയർന്ന കെട്ടിടങ്ങൾ, മാളുകൾ, ഹോട്ടലുകൾ, വിശാലമായ ബസാർ. എവിടെയും പുഞ്ചിരിക്കുന്ന പ്രസന്നമുഖങ്ങൾ. ബസാറിൽ ഭൂരിഭാഗം കച്ചവടക്കാരും സ്ത്രീകളാണ്.

സോവിയറ്റ് പൂർവ ഉസ്ബകിസ്താന്റെ തലസ്ഥാനം സമർഖന്ദ് ആയിരുന്നു. ഇന്നും മധ്യേഷ്യയുടെ സാംസ്‌കാരിക തലസ്ഥാനമായി സമർഖന്ദ് അറിയപ്പെടുന്നു. 1991ൽ സോവിയറ്റ് യൂനിയൻ (USSR) തകർന്നപ്പോൾ ഉസ്ബകിസ്താനെ ഒരു സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിക്കുന്നത് ഇസ്‌ലാം കരിമോവാണ്. ആധുനിക ഉസ്ബകിസ്താൻ രൂപപ്പെടുന്നത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. അദ്ദേഹമാണ് ഉസ്ബക് തലസ്ഥാനമായി താഷ്‌കന്റിനെ മാറ്റിയതും നഗരത്തെ ആധുനികവത്കരിച്ചതും.

നഗരത്തിലെ പ്രസിദ്ധമായതും നൂറുവർഷത്തിലേറെ പഴക്കമുള്ളതുമായ താഷ്‌കന്റ് ഹോട്ടൽ സന്ദർശിച്ച ശേഷം തൊട്ടടുത്ത വിശാലമായ മ്യൂസിയം വളപ്പിലേക്ക് ഞങ്ങൾ നീങ്ങി. ഉസ്ബക് രാഷ്ട്രപിതാവ് അമീർ തൈമൂറിന്റെ പ്രതിമയും ഓർമയും നിലനിൽക്കുന്ന പ്രദേശമാണത്. നീല നിറത്തിൽ തിളങ്ങിനിൽക്കുന്ന ഉസ്ബകിയൻ നഗരക്കാഴ്ച അതിമനോഹരമാണ്. താഷ്‌കന്റിൽ ഹസ്രത്ത് ഇമാം കോംപ്ലക്സും സന്ദർശിച്ചു. ലോകത്തിലെത്തന്നെ ഏറ്റവും പഴയ ഖുർആൻ പ്രതിയായ ‘ഉസ്മാൻ ഖുർആൻ’ അവിടെയുണ്ട്.

സ്വർഗീയ പർവതങ്ങൾ

താഷ്‌കന്റിൽനിന്ന് 90 കിലോമീറ്റർ അകലെയുള്ള ചിംഘാൻ (Chimgan) മലനിരകളിലേക്കാണ് മൂന്നാം നാൾ യാത്ര. വടക്കേ ഏഷ്യയിലെ അതിപ്രശസ്തമായ തിയാൻ ഷാൻ (Tian Shan) പർവതനിരകളുടെ ഭാഗമാണ് ചിംഘാൻ. ചൈനയിൽനിന്ന് തുടങ്ങി കസാഖ്സ്താൻ, കിർഗിസ്താൻ വഴി ഉസ്ബകിസ്താനിൽ അവസാനിക്കുന്ന ഇവ സ്വർഗീയ പർവതങ്ങൾ (Celestial Mountains) എന്നാണ് അറിയപ്പെടുന്നത്. കേബ്ൾ കാറുകളും ട്യൂബിങ്, സ്‌കേറ്റിങ് സൗകര്യങ്ങളുമാണ് സഞ്ചാരികളെ ഈ മലനിരകളിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകങ്ങൾ. കിലോമീറ്ററുകൾ നീളമുള്ള കേബ്ൾ കാറിൽ നീങ്ങുമ്പോൾ മഞ്ഞുറഞ്ഞ മലനിരകൾക്ക് താഴെ ചർവാക്ക് തടാകം (Charvak Lake) കാണാം.

കേബ്ൾ കാറിൽ സമുദ്രനിരപ്പിൽനിന്ന് രണ്ട് കിലോമീറ്ററോളം ഉയരത്തിലുള്ള പർവതവും കടന്ന് ഒരു സ്റ്റേഷനിലിറങ്ങി ഞങ്ങൾ സ്നോ ട്യൂബിങ്ങും സ്‌കേറ്റിങ്ങും നടക്കുന്ന മഞ്ഞുമലകളിലേക്ക് നടന്നു. മറ്റൊരിടത്ത് കുറെപേർ സ്‌കേറ്റിങ് നടത്തുന്നു.

മഞ്ഞുമലകളിലെ വിനോദം കഴിഞ്ഞ് ചർവാക്ക് തടാകം കാണാൻ ഞങ്ങൾ നീങ്ങി. മഞ്ഞുറഞ്ഞതുപോലെ നിശ്ചലമായ തടാകം. ഉസ്‌ബക് കാഴ്ചകളിലെ സജീവ സാന്നിധ്യമായ നീല കലർന്ന പച്ചനിറമാണ് ഈ ജലത്തിന്. തൊട്ടടുത്ത് വിൻഡ് മില്ലുകൾ വഴി വൈദ്യുതി ഉൽപാദിപ്പിക്കുന്ന കേന്ദ്രവുമുണ്ട്.

മധ്യേഷ്യയുടെ സാംസ്‌കാരിക തലസ്ഥാനം

ഉസ്‌ബക് യാത്രയുടെ അവസാന ദിനത്തിലാണ് ഞങ്ങൾ ട്രെയിൻ വഴി സമർഖന്ദിലേക്ക് പുറപ്പെട്ടത്. വൃത്തിയായും സൂക്ഷ്മമായും പരിപാലിക്കപ്പെടുന്ന ട്രെയിൻ സർവിസ്. നിന്ന് യാത്ര ചെയ്യാൻ അനുവാദമില്ല. സീറ്റ് ബുക്കിങ് തീരുന്ന മുറക്ക് യാത്രക്കാർ അടുത്ത ട്രെയിനിനെ ആശ്രയിക്കേണ്ടിവരും.

അമീർ തൈമൂറിനും ഇസ്‌ലാം കരിമോവിനും ജന്മം നൽകിയത് സമർഖന്ദാണ്. ഇരുവരുടെയും മഖ്ബറകൾ സംരക്ഷിക്കുന്ന അതിമനോഹരമായ നിർമിതികൾ ഇവിടെയുണ്ട്. ഹസ്രത്ത് ഖിദ്ർ പള്ളിക്ക് സമീപമാണ് ഈ സ്മാരകങ്ങൾ. സമർഖന്ദായിരുന്നു ഈ യാത്രയുടെ ഹൃദയം. ലോകം കണ്ട ഏറ്റവും വലിയ ചക്രവർത്തിമാരിൽ ഒരാളായ അമീർ തൈമൂറിന്റെ സ്മരണകൾ ഇരമ്പുന്ന മണ്ണാണത്. അദ്ദേഹത്തിന്റെ ഖബറിടമായ ഗൂറെ അമീറിലെ (Gur-e-Amir) നീലഗോപുരത്തിന് താഴെ നിന്നപ്പോൾ ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് മനസ്സ് സഞ്ചരിച്ചു.

ഇന്ത്യയിലെ മുഗൾ വാസ്തുവിദ്യയുടെ അടിസ്ഥാനശിലകൾ പാകിയത് ഉസ്ബക് ശൈലികളാണ്. ബാബർ ചക്രവർത്തി തന്റെ ജന്മനാടായ ഫർഗാനയിലെയും സമർഖന്ദിലെയും കെട്ടിടനിർമാണ രീതികൾ ഇന്ത്യയിലേക്ക് കൊണ്ടുവന്നു. ഗൂറെ അമീറിലെ ഇരട്ട ഖുബ്ബ (Double Dome) ശൈലിയാണ് പിന്നീട് ഇന്ത്യയിലെ ഹുമയൂൺ ശവകുടീരത്തിലും താജ്മഹലിലും പരീക്ഷിക്കപ്പെട്ടത്.

ഹാർതാങ്ങിലെ മഖ്ബറ

സമർഖന്ദിൽനിന്ന് 23 കിലോമീറ്റർ അകലെയുള്ള ഹാർതാങ്ങിലേക്കായിരുന്നു പിന്നീട് പോയത്. ഇമാം ബുഖാരി ഹിജ്‌റ 810ൽ ബുഖാറയിലാണ് ജനിച്ചത്. ജീവിതത്തിന്റെ അവസാന കാലത്ത് അദ്ദേഹം ഖർതാങ് ഗ്രാമത്തിലേക്ക് മാറിത്താമസിച്ചു. ഇവിടെയാണ് അദ്ദേഹത്തിന്റെ ഖബർ സ്ഥിതിചെയ്യുന്നത്. 1998ൽ ഉസ്ബകിസ്താൻ സർക്കാർ ഈ പ്രദേശം അതിമനോഹരമായി പുനർനിർമിച്ചു. നീലനിറത്തിലുള്ള വലിയ താഴികക്കുടങ്ങളും വെണ്ണക്കല്ലിൽ തീർത്ത കൊത്തുപണികളും ഈ സമുച്ചയത്തിന്റെ ആകർഷണമാണ്. ഇമാം ബുഖാരിയെക്കൂടാതെ ഇബ്‌നു സീന (അവിസെന്ന) തുടങ്ങിയ പ്രമുഖരായ ശാസ്ത്രജ്ഞരും ബുഖാറയിൽനിന്നുള്ളവരാണ്.

ദൃശ്യവിരുന്നാണ് സമർഖന്ദിലെ ഷാഹെ സിന്ദ സമുച്ചയം സമ്മാനിച്ചത്. നീലനിറങ്ങളുടെ വൈവിധ്യമാർന്ന കാഴ്ചകളാണ് നമ്മെ ആദ്യം വരവേൽക്കുക. മഞ്ഞുപാളികൾക്കിടയിലൂടെ അരിച്ചിറങ്ങുന്ന സൂര്യവെളിച്ചത്തിൽ തിളങ്ങുന്ന ടൈലുകൾ. ടർക്കോയ്‌സ്, ലാപിസ് ലാസുലി, അക്വാ മറൈൻ തുടങ്ങി നീലയുടെ വകഭേദങ്ങൾ ആരെയും വിസ്മയിപ്പിക്കും. 14, 15 നൂറ്റാണ്ടുകളിൽ കൈവേലയാൽ തീർത്ത ഈ ഡിസൈനുകൾക്ക് ഇന്നും നിറം മങ്ങിയിട്ടില്ല എന്നത് അത്ഭുതകരമാണ്. പ്രവാചകൻ മുഹമ്മദ് നബിയുടെ പിതൃവ്യപുത്രനും ഇസ്‌ലാം പ്രചാരകനുമായ ഖുസം ഇബ്നു അബ്ബാസിന്റെ ഖബറിടവും അനുബന്ധ കെട്ടിടങ്ങളുമാണിത്.

കെട്ടിടത്തിലേക്ക് കയറുമ്പോൾ ഞങ്ങളുടെ ഗൈഡ് അസ്മത്ത് പറഞ്ഞത് ‘സ്വർഗത്തിലേക്ക് സ്വാഗതം’ എന്നാണ്. നിരവധിപേർ ആ ഖബറിടത്തിന് മുന്നിൽ പ്രാർഥനകളും ഗ്രന്ഥപാരായണവുമായി കൂടിനിൽക്കുന്നുണ്ട്. ഒരു പ്രവാചകവചനം കെട്ടിടവാതിലിൽ കൊത്തിവെച്ചിട്ടുണ്ട്. ചിലയിടത്ത് ഇടുങ്ങിയതും മറ്റിടത്ത് വിശാലവുമായ ഇടനാഴികളുള്ള കെട്ടിടസമുച്ചയങ്ങളുടെ കാഴ്ച അതിമനോഹരമാണ്.

താഷ്‌കന്റിലെ ചോർസു ബസാറും സമർഖന്ദിലെ സിയാബ് ബസാറും ഞങ്ങൾ സന്ദർശിച്ചു. നാലുദിനം കൊണ്ട് ഉസ്ബകിസ്താനിലെ അതിശൈത്യ കാലാവസ്ഥയോട് ഞങ്ങൾ താദാത്മ്യം പ്രാപിച്ചിരുന്നു. പ്രസന്ന

തയും ഉത്സാഹവും മുഖമുദ്രയാക്കിയ ഉസ്ബക് നിവാസികളുടെ സ്നേഹ പൂർണമായ അനുഭവങ്ങളിൽനിന്ന് ഞങ്ങൾ താഷ്‌കന്റ് എയർ പോർട്ടിലെത്തി തിരിച്ചു പറന്നു.

Tags:    
News Summary - On the silk road of historical relics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.