തിരക്കുകളിൽ നിന്ന് ഒളിച്ചോടാം; ലോകത്തിലെ ഏറ്റവും ശാന്തമായ 10 ദ്വീപുകളിൽ ഇടംനേടി ഇന്ത്യയുടെ സ്വന്തം ഹാവ് ലോക്ക്!
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ശാന്തമായ ദ്വീപുകളുടെ 2026ലെ പുതിയ പട്ടിക പുറത്തുവന്നപ്പോൾ ഇന്ത്യയിൽ നിന്ന് അഭിമാനകരമായ നേട്ടവുമായി ആൻഡമാന്റെ ഹാവ് ലോക്ക് ദ്വീപ്. പ്രശസ്ത യാത്രാ വെബ്‌സൈറ്റായ BookRetreats.com തയ്യാറാക്കിയ ഈ പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് ഹാവ് ലോക്ക് ദ്വീപ് (സ്വരാജ് ദീപ്) ഇടംപിടിച്ചിരിക്കുന്നത്.
ജനസാന്ദ്രത, പ്രകൃതിഭംഗി, വിമാനത്താവളങ്ങളിലെ ശബ്ദമലിനീകരണം, പ്രധാന റോഡുകളുടെ സാന്ദ്രത, രാത്രിയിലെ ആകാശ വെളിച്ചം, തീരങ്ങളിലേക്കുള്ള പ്രവേശനം എന്നീ ആറ് പ്രധാന ഘടകങ്ങൾ വിലയിരുത്തിയാണ് 'അൺസ്പോയിൽഡ് ഇൻഡക്സ്' തയ്യാറാക്കിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള ശാന്തമായ ഇടങ്ങൾക്കായുള്ള ഗൂഗിൾ തിരയലുകളിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് വൻ വർദ്ധനവ് ഉണ്ടായിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ പഠനം പുറത്തുവന്നിരിക്കുന്നത്. ന്യൂസിലൻഡിലെ സ്റ്റ്യുവാർട്ട് ദ്വീപാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയത്.
ഒറ്റപ്പെട്ട കിടപ്പും യാത്രാ ദൂരക്കൂടുതലും കാരണം തിരക്കുകളിൽ നിന്ന് മാറി പ്രകൃതി സൗന്ദര്യം ചോരാതെ നിൽക്കുന്ന ദ്വീപുകളിലൊന്നാണ് ഹാവ് ലോക്ക്. തലസ്ഥാനമായ പോർട്ട് ബ്ലെയറിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇവിടേക്ക് ഫെറി മാർഗ്ഗമാണ് സഞ്ചാരികൾ എത്തിയത്. ഏഷ്യയിലെ ഏറ്റവും മികച്ച കടൽത്തീരങ്ങളിലൊന്നായി തെരഞ്ഞെടുക്കപ്പെട്ട രാധാനഗർ ബീച്ച് ഈ ദ്വീപിന്റെ പടിഞ്ഞാറൻ തീരത്താണ് സ്ഥിതി ചെയ്യുന്നത്. പ്രകൃതിഭംഗി ആസ്വദിക്കാൻ എത്തുന്നവർക്കായി കാലത്താർ ബീച്ചും സ്നോർക്കെലിംങിനായി എലിഫന്റ് ബീച്ചും ഇവിടെ ഒരുക്കിയിട്ടുണ്ട്. തെളിഞ്ഞ വെള്ളവും പവിഴപ്പുറ്റുകളും നിറഞ്ഞ ഡികോൺസ് പിനാക്കിൾ പോലെയുള്ള ഡൈവിംഗ് കേന്ദ്രങ്ങളുള്ളതിനാൽ ഹാവ്ലോക്ക് ഇപ്പോൾ ഇന്ത്യയുടെ 'സ്കൂബ ഡൈവിങ് തലസ്ഥാനം' കൂടിയായി അറിയപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.