ഏഴ് മാസത്തിനിടെ ഗോവയിലെത്തിയത് 61.38 ലക്ഷം സഞ്ചാരികൾ; ശൈത്യകാല ബുക്കിങ്ങിലും വൻ മുന്നേറ്റം

പനജി: ജനുവരി മുതൽ ജൂലൈ വരെയുള്ള കാലയളവിൽ ഗോവയിലെത്തിയ സഞ്ചാരികളുടെ എണ്ണം 61.38 ലക്ഷമാണെന്ന് സംസ്ഥാന ടൂറിസം വകുപ്പ് അറിയിച്ചു. മൺസൂൺ കാലത്തും സഞ്ചാരികളുടെ വരവ് ശക്തമായി തുടർന്നതായും വരാനിരിക്കുന്ന ശൈത്യകാല സീസണിൽ മികച്ച തിരക്ക് പ്രതീക്ഷിക്കുന്നതായും വകുപ്പ് വ്യക്തമാക്കി.

പരമ്പരാഗത ബീച്ച് ടൂറിസത്തിനപ്പുറം ഗോവയുടെ സംസ്കാരം, പൈതൃകം, ഭക്ഷണം, വെൽനെസ്, പ്രകൃതി, പ്രാദേശിക ജീവിതം എന്നിവ അനുഭവിക്കാനാണ് സഞ്ചാരികൾ കൂടുതൽ താൽപര്യം കാണിക്കുന്നതെന്ന് വകുപ്പ് അറിയിച്ചു. വിദേശ വിപണികളിലും ഗോവക്ക് അനുകൂലമായ പ്രവണതയാണ് കാണുന്നത്. വരാനിരിക്കുന്ന ശൈത്യകാലത്തേക്കുള്ള ചാർട്ടർ വിമാനങ്ങളുടെ മുൻകൂർ ബുക്കിങ്ങിൽ വർധനയുണ്ടെന്നും യു.കെ, റഷ്യ, മധ്യേഷ്യൻ രാജ്യങ്ങളിൽനിന്നുള്ള ആവശ്യകത ഉയരുന്നതായും വകുപ്പ് വ്യക്തമാക്കി.

ആഗോള യാത്ര, സാമ്പത്തിക മേഖലകളിലെ വെല്ലുവിളികൾക്കിടയിലും ഗോവയോടുള്ള സഞ്ചാരികളുടെ താൽപര്യം ശക്തമായി തുടരുന്നതിന്റെ തെളിവാണ് പുതിയ കണക്കുകളെന്ന് ടൂറിസം മന്ത്രി റൊഹാൻ ഖൗണ്ടെ പറഞ്ഞു. വർഷം മുഴുവൻ സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിൽ പുതിയ വിനോദസഞ്ചാര അനുഭവങ്ങൾ വികസിപ്പിക്കാനും നിലവിലുള്ളതും പുതിയതുമായ വിപണികളിൽ സാന്നിധ്യം ശക്തമാക്കാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വരാനിരിക്കുന്ന ശൈത്യകാല സീസണിൽ ടി.യു.ഐ ഗ്രൂപ്പിന്റെ ചാർട്ടർ സർവീസുകൾ നവംബറിൽ ആരംഭിക്കും. യു.കെയിൽനിന്ന് ആഴ്ചയിൽ നാല് വിമാനങ്ങൾ ഗോവയിലെത്തും. മാഞ്ചസ്റ്ററിൽനിന്നും ഗാറ്റ്‌വിക്കിൽനിന്നും രണ്ട് വീതം സർവീസുകളാണുണ്ടാകുക. നിലവിൽ 15,300 യാത്രക്കാരുടെ ബുക്കിങ് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഏഴ് ശതമാനം വർധനയാണിതെന്ന് ടി.യു.ഐ ഗ്രൂപ്പിന്റെ അധികൃതർ പറഞ്ഞു.

ജർമനിയിൽനിന്നുള്ള പ്രത്യേക ഇൻസെന്റീവ് സംഘത്തെയും ഈ സീസണിൽ ഗോവയിലെത്തിക്കുമെന്നും പ്രാദേശിക വിനോദസഞ്ചാര കേന്ദ്രങ്ങളും പ്രത്യേകമായി ഒരുക്കുന്ന അനുഭവങ്ങളും ഇവർക്കായി പരിചയപ്പെടുത്തുമെന്നും അധികൃതർ കൂട്ടിചേർത്തു.

റഷ്യ, കസാഖ്സ്ഥാൻ എന്നിവിടങ്ങളിൽനിന്നുള്ള ബുക്കിങ്ങിലും വർധനയുണ്ട്. 2026-27 സീസണിൽ വിവിധ വിപണികളിൽനിന്നായി 45,000ത്തിലധികം അന്താരാഷ്ട്ര സഞ്ചാരികളെ ഗോവയിലെത്തിക്കാനാണ് കോൺകോർഡ് എക്സോട്ടിക് വോയേജസിന്റെ പദ്ധതി. ബെലാറസ്, അർമേനിയ, മോൾഡോവ, കിർഗിസ്ഥാൻ തുടങ്ങിയ പുതിയ വിപണികളിലും താൽപര്യം വർധിക്കുന്നതായി കമ്പനി അറിയിച്ചു. ആവശ്യം തുടർന്നും ഉയർന്നാൽ സീസണിൽ കൂടുതൽ ചാർട്ടർ സർവീസുകൾ ആരംഭിക്കാനും സാധ്യതയുണ്ട്.

Tags:    
News Summary - Goa Tourism Sees Strong Growth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.