ചെങ്കടൽ കാഴ്ചകൾ കാണാം, നീന്തിത്തുടിക്കാം

സൗദി അറേബ്യയിലെ ചെങ്കടൽ തീര നഗരമാണ് യാംബു. ആഴക്കടലിലെ അത്ഭുത കാഴ്‌ചകളുടെയും അപൂർവയിനം മത്സ്യങ്ങളുടെയും വർണാഭമായ പവിഴപ്പുറ്റുകളുടെയും വിസ്മയലോകം. വിനോദ സഞ്ചാരികളെ ആവോളം ആകർഷിക്കുന്ന ഒരിടം. ശാന്തമായ തെളിമയാർന്ന ചെങ്കടൽ ഭാഗങ്ങളാണ് ഇവിടത്തെ മുഖ്യ ആകർഷകം. കടൽ നീന്തലും ജല കായിക വിനോദങ്ങളും ബോട്ടുയാത്രകളുമെല്ലാം വിനോദസഞ്ചാരികളെ ഏറെ തൃപ്‌തരാക്കുന്നു. ഇവിടത്തെ ചെങ്കടൽ ഭാഗങ്ങളിൽ തിരമാലകൾക്ക് പൊതുവേ ശക്തി കുറവാണ്.

അതുകൊണ്ടുതന്നെ ആഴം കുറഞ്ഞ കടൽ ഭാഗങ്ങളിൽ ധൈര്യത്തോടെ ഇറങ്ങിനീന്താം. അകലെ പൊട്ടുപോലെ കാറ്റിൽ പാറുന്ന കടൽപക്ഷികളുടെ കാഴ്ച കാണാം. സൂര്യാസ്തമയ ചാരുത അതുല്യമായ ദൃശ്യാനുഭവമാണ് ഇവിടെ സമ്മാനിക്കുക. പരന്നുകിടക്കുന്ന കടലിനെ ചുംബിക്കുന്ന ചുവപ്പുസൂര്യനും ചുറ്റും മനസ്സില്‍ നിറക്കുന്നത് മായ്ക്കാനാവാത്ത മനോഹരചിത്രം. ആ കാഴ്ചയും ശരീരത്തെ തണുപ്പിക്കുന്ന കുളിർകാറ്റും വല്ലാത്തൊരു ഉന്മേഷം പകര്‍ന്നുനല്‍കും.

വർണാഭമായ കടൽ കാഴ്ചകളുടെ ഇടം

സമുദ്ര പരിസ്ഥിതിയിൽ ജീവിക്കുന്ന അസംഖ്യം ജീവജാലങ്ങൾ, വർണാഭമായ എണ്ണമറ്റ പവിഴപ്പുറ്റുകൾ, കടലിലെ സസ്യജാലങ്ങൾ, വൈവിധ്യമാർന്ന മത്സ്യങ്ങൾ, ആമകൾ, മറ്റു കടൽ ജീവികൾ എന്നിവയുടെ അപൂർവ സംഗമ സ്ഥലമാണ് ചെങ്കടൽ. പവിഴപ്പുറ്റുകളാണ് ചെങ്കടലിലെ ആവാസ വ്യവസ്ഥകളിൽ മുഖ്യമായ ഒന്ന്. ഇവയുടെ അപൂർവ കാഴ്ചകൾ നമ്മുടെ മനം നിറക്കും. കരയിലെ മഴക്കാടുകൾപോലെ പ്രാധാന്യമാണ് കടലിന്റെ അടിത്തട്ടിലെ വർണാഭമായ പവിഴപ്പുറ്റുകളും സമുദ്ര സസ്യങ്ങളും. വർണ മത്സ്യങ്ങളുടെ നയനാനന്ദകരമായ കാഴ്‌ചകൾ ഇവിടത്തെ കടൽ ഭാഗങ്ങളിലെ വേറിട്ട കാഴ്‌ചയാണ്‌.

 

സൗദിയിലെ ചെങ്കടൽ പ്രദേശം പൊതുവേ പവിഴപ്പുറ്റുകളുടെ സമൃദ്ധമായ ഇടമാണ്. വൈവിധ്യമാർന്ന രൂപങ്ങളിൽ നിറപ്പകിട്ടാർന്ന ദൃശ്യങ്ങളാണത്. 260ലധികം വ്യത്യസ്ത തരം പവിഴപ്പുറ്റുകളും 1,100ലധികം ഇനം മത്സ്യങ്ങളും മറ്റു വൈവിധ്യമാർന്ന സമുദ്രജീവികളുംകൊണ്ട് സമ്പന്നമാണ് ചെങ്കടൽ. ഇവയുടെ പരിസ്ഥിതി പ്രാധാന്യവും ജൈവ സമ്പത്തും കണക്കിലെടുത്ത് അവയെ സംരക്ഷിക്കാൻ വിവിധ പദ്ധതികൾ തന്നെ സൗദി ദേശീയ വന്യജീവി കേന്ദ്രം നടപ്പിലാക്കിയിട്ടുണ്ട്.

ബോട്ടിൽ കാഴ്ച കാണാം

യാംബു ചെങ്കടൽ തീരങ്ങളിലെ വിവിധ ബീച്ചുകളിൽ ബോട്ടുയാത്ര ചെയ്യാൻ സഞ്ചാരികളുടെ ഒഴുക്കാണ്. മനം കവരുന്ന കടൽ കാഴ്ചകളിലേക്ക് മാടിവിളിച്ച് വിവിധ രീതിയിലുള്ള ബോട്ടുയാത്രകൾ ഇവിടത്തെ പ്രത്യേകതയാണ്. വിവിധ വലുപ്പത്തിലും ആകൃതിയിലുമുള്ള ബോട്ടുകളാണ് സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ബോട്ടിങ് സൗകര്യം.

ബോട്ടിന്റെ വലുപ്പമനുസരിച്ച് വിവിധ നിരക്കുകളാണ് ഈടാക്കുന്നത്. ഒരു ബോട്ടിൽ ആറുമുതൽ 10 പേർക്കുവരെ യാത്ര ചെയ്യാം. നാലുപേർക്ക് സഞ്ചരിക്കാവുന്ന സ്പീഡ് ബോട്ടുകളും വാട്ടർ സ്‌കൂട്ടറുകളും ബീച്ചുകളിൽ ലഭ്യമാണ്. സഞ്ചാരികളുടെ താൽപര്യപ്രകാരം ഒരു മണിക്കൂർ മുതൽ ഒരുദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ട്രിപ്പുകൾ വരെ മുൻകൂട്ടി പ്ലാൻ ചെയ്യാവുന്നതാണ്. ബോട്ടുയാത്രക്ക് സൗദി കോസ്റ്റ് ഗാർഡിന്റെ മുൻ‌കൂർ അനുമതി ആവശ്യമാണ്. ഇതിനായുള്ള സംവിധാനങ്ങൾ മറൈൻ കമ്പനി തന്നെ നേരിട്ട് നിർവഹിക്കും. സഞ്ചാരികൾക്ക് അവരുടെ താമസരേഖ മുൻകൂട്ടി സമർപ്പിച്ച് യാത്ര ബുക്ക് ചെയ്യാനുള്ള സൗകര്യം ഇവിടെയുണ്ട്.

മലയാളി സ്രാങ്കുമാർ

യാംബു ടൗണിൽനിന്ന് ഏഴുകിലോമീറ്റർ മാത്രം അകലെയുള്ള അൽ അബ്ബാസി മറീന ബീച്ചിൽ ബോട്ടുകൾ നിയന്ത്രിക്കുന്ന രണ്ടു മലയാളി സ്രാങ്കുമാരുടെ സാന്നിധ്യം മലയാളി സഞ്ചാരികൾക്ക് ആവേശം നൽകുന്നു.15 വർഷമായി മലയാളികൾക്കും സ്വദേശികൾക്കും ഒരുപോലെ പ്രിയങ്കരനായ മലപ്പുറം താനൂർ സ്വദേശി ബഷീർ ഒറ്റയിലും അദ്ദേഹത്തിന്റെ ബന്ധുവായ ജംഷാദുമാണിവർ.

 

കടലിന്റ ഭംഗി നുകർന്ന് ബോട്ട് സവാരി നടത്താൻ യാംബുവിലെ ഈ ബീച്ചിലെത്തുന്ന മലയാളികൾക്ക് ഇവരുടെ സാന്നിധ്യം വമ്പിച്ച ആവേശമാണ് പകർന്നുനൽകുന്നത്. അവധി നാളുകളിൽ മലയാളി യുവാക്കളുടെ കൂട്ടായ്മകൾ ഇവരുമായി ബന്ധപ്പെട്ട് ബോട്ട് സവാരിക്കും കടൽ നീന്തലിനും പ്രത്യേകം പ്ലാൻ ചെയ്യാറുണ്ട്. സ്‌കൂബ ഡൈവിങ്, സ്‌നോർക്കലിങ് എന്നിവക്കാവശ്യമായ കോച്ചിങ്ങും മറ്റു സംവിധാനങ്ങളും ഈ ബീച്ചിൽ തന്നെ ലഭ്യമാണ്.

കടലറിഞ്ഞ് നീന്താം

ശാന്തവും അതിസുന്ദരവുമായ യാംബു പ്രദേശത്തെ നീലക്കടലിന്റെ ചില ഭാഗങ്ങളിൽ നീന്തിത്തുടിക്കാൻ പ്രത്യേകം ഇടങ്ങൾ തന്നെയുണ്ട്. ആര്‍ത്തലച്ചുവരുന്ന തിരമാലകളില്ല. നീലവിരിച്ച പോലെയുള്ള കടലില്‍ കുഞ്ഞോളങ്ങള്‍ മാത്രം. അധികം ആഴമില്ലാത്ത ഇടങ്ങളിൽ തെളിഞ്ഞ വെള്ളമാണുള്ളത്. അതുകൊണ്ടുതന്നെ ധൈര്യപൂര്‍വം കടലിലിറങ്ങി നീന്തിത്തുടിക്കാം. കടൽ നീന്തലിനും ജലകായിക വിനോദങ്ങൾക്കും ധാരാളം ആളുകളാണ് ഇവിടെ നിത്യവും എത്താറുള്ളത്. കടലിൽ നീന്തുന്നത് രസകരം മാത്രമല്ല, മികച്ച വ്യായാമവുമാണ്. വെള്ളത്തിന്റെ പ്രതിരോധത്തെ മറികടന്ന് നീന്തുമ്പോൾ അത് പേശികൾക്ക് വലിയ കരുത്ത് നൽകുന്നു. വേനൽചൂടിൽനിന്നും ആശ്വാസം തേടി വൈകുന്നേരങ്ങളിൽ ബീച്ചിൽ നീന്തൽ പതിവാക്കുന്നവർ ധാരാളമാണ്.

സുരക്ഷാ മുന്നൊരുക്കങ്ങൾ

കടലിലെ നീന്തലിന് പ്രത്യേകം സുരക്ഷാ മുന്നൊരുക്കങ്ങൾ എടുക്കേണ്ടത് അനിവാര്യമാണ്. പുറമേക്ക് ശാന്തമെന്ന് തോന്നിയാലും കടലിന്റെ സ്വഭാവം ഏതുസമയവും മാറാം. കാലാവസ്ഥ വലിയ ഘടകമാണ്. മൂടിക്കെട്ടിയ അന്തരീക്ഷം, മഴ, കാറ്റ് എന്നിവയുള്ളപ്പോൾ കടലിൽ നീന്തരുത്. ഏതു സാഹചര്യങ്ങളിലും നീന്തിക്കയറാമെന്ന അമിത ആത്മവിശ്വാസം അപകടങ്ങളിലേക്ക് നയിക്കും.

 

അസുഖങ്ങളുള്ളവരും നീന്തലറിയാത്തവരും കടലിൽ ഒരിക്കലും ഇറങ്ങരുത്. ഉല്ലാസം മത്സരമല്ല എന്നറിയുക. സുഹൃത്തുക്കളോടൊപ്പം അശ്രദ്ധമായി വെള്ളത്തിൽ ഇറങ്ങുന്നത് അപകടകാരണമാകാം. മത്സരിച്ചുള്ള നീന്തൽ, മറ്റ് അഭ്യാസങ്ങൾ, അനുവദനീയ മേഖലകൾ മറികടക്കുക എന്നിവ നിർബന്ധമായും ഒഴിവാക്കുക. ഒറ്റപ്പെട്ട ബീച്ചുകളും രാത്രികാല നീന്തലും ഒഴിവാക്കുക. ജലയാത്രകളിലെ ജീവൻരക്ഷാ ഉപകരണമായ ലൈഫ് ജാക്കറ്റ് മുൻകരുതലായി കൂടെ കരുതുക. ലൈഫ് ഗാർഡുകളുടെ കർശന നിർദേശങ്ങൾ പാലിക്കുക എന്നതും വളരെ പ്രധാനമാണ്.

Tags:    
News Summary - Red Sea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.