അൻഷാദും ഇർഫാനും എവറസ്റ്റിന് താഴെ
മണ്ണാർക്കാട്: എവറസ്റ്റ് കൊടുമുടി സന്ദർശിച്ചതിന്റെ ആവേശത്തിലും അമ്പരപ്പിലുമാണ് മണ്ണാർക്കാട്ടെ രണ്ട് യുവാക്കള്‍. ചങ്ങലീരിയിലെ കരുണാകുര്ശ്ശി വീട്ടില്‍ അൻഷദും തച്ചനാട്ടുകര നാട്ടുകല്ലിലെ നെടുമ്പാറ വീട്ടില്‍ മുഹമ്മദ് ഇർഫാനുമാണ് എവറസ്റ്റിലെ ബേസ് ക്യാമ്പ് വരെ കയറി മടങ്ങിയെത്തിയത്. സാഹസിക യാത്രയിൽ നേപ്പാൾ മുതൽ കൂടുതലും കാൽനടയായിരുന്നു എന്നതും യാത്രയെ വേറിട്ടതാക്കി.
180 ഓളം കിലോമീറ്ററാണ് ഇരുവരും മഞ്ഞുപാളികളിലൂടെ രാവും പകലുമായി അതിസാഹസികമായി നീങ്ങിയത്. മെയ് അഞ്ചിന് വീട്ടിൽ നിന്ന് തിരിച്ച ഇരുവരും 21നാണ് എവറസ്റ്റിലെ ബേസ് പോയന്റിലെത്തിയത്. 20 വയസ് പ്രായമുളള അൻഷദ് ഇതിനകം നിരവധി യാത്രകള്‍ നടത്തിയിട്ടുണ്ട്. തായ് ലാന്റ്, മലേഷ്യ, യു.എ.ഇ, ബംഗ്ലാദേശ്, നേപ്പാൾ എന്നീ രാജ്യങ്ങളും സന്ദർശിച്ചു. ഇത്തവണ ട്രെയിനിൽ ലോക്കൽ കമ്പാർട്ട്മെന്റിലും ബസിലും യാത്ര ചെയ്തും ചെലവ് വളരെ ചുരുക്കിയുമായിരുന്നു യാത്ര. പാചകം ചെയ്യാൻ ചെറിയ അടുപ്പും കൂടെ കരുതിയിരുന്നു.
21 വയസുളള ഇർഫാൻ ഈ വർഷമാണ് മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളജില്‍ നിന്ന് ബി.ബി.എ കഴിഞ്ഞത്. ട്രക്കിങ്ങിൽ താല്പര്യമുളള ഇർഫാൻ പഠനത്തിനിടെ മാലിദ്വീപ്, ഗോവ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദർശിച്ചിട്ടുണ്ട്. കുമരംപുത്തൂര്‍ കല്ലടി ഹയര്‍സെക്കന്ററി സ്കൂളില്‍ പ്ലസ്ടു വിദ്യാർഥികളായിരിക്കെയാണ് ഇരുവരും സൗഹൃദത്തിലാവുന്നത്. ചങ്ങലീരിയിലെ കരുണാകുർശ്ശി വീട്ടില്‍ സൈദ് മുഹമ്മദിന്റെയും ഐഷാബിയുടെയും മകനാണ് അൻഷദ്. അർഷദ്, ആദില എന്നിവർ സഹോദരങ്ങളാണ്. നാട്ടുകല്ലിലെ നെടുമ്പാറ വീട്ടില്‍ മൊയ്തീന്റെയും മുനീറയുടെ മകനാണ് മുഹമ്മദ് ഇർഫാൻ. ഫാത്തിമ ഷിബില, ഫാത്തിമ നഹീദ, ഹനീന എന്നിവര്‍ സഹോരങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.