ട്രിപ്പുകൾ നല്ല വൈബാണ്. അത് സകുടുംബമായാൽ അടിപൊളിയാകും. രാജ്യത്തിനകത്തും പുറത്തും കിടിലൻ യാത്രകൾ നടത്തിയ ഒരു കുടുംബത്തെ പരിചയപ്പെടാം. കുന്നുകളും താഴ്വാരങ്ങളും പുഴകളും അരുവിയും കാട്ടാറുകളും മലയിടുക്കുകളും ചുരങ്ങളും തീരദേശവും വനപ്രദേശവുമുള്ള വഴികളിലൂടെ നീണ്ട യാത്ര നടത്തിയ കുടുംബം. കോഴിക്കോട് ജില്ലയിലെ ആരാമ്പ്രം സ്വദേശി കീമാരി റെസിഡൻസിയിൽ റഷീദ് കീംസ് ആണ് തന്റെ അഞ്ച് മക്കളും ഭാര്യയുമടങ്ങുന്ന ഏഴംഗ സംഘവുമായി റോഡിലൂടെ 36 ദിവസം നീണ്ടുനിൽക്കുന്ന രാജ്യാന്തര യാത്ര നടത്തിയത്. ‘വൺ ഫാമിലി വൺ ഡ്രീം’ എന്ന ആശയത്തിലായിരുന്നു യാത്രയെന്ന് റഷീദ് പറയുന്നു. ഡെക്കാൻ പീഠഭൂമിയും നർമദ നദിയും ആരവല്ലി പർവതനിരകളും താണ്ടിയുള്ള അതിമനോഹരമായ യാത്ര ഏപ്രിൽ 10ന് ആരംഭിച്ച് മേയ് 15നാണ് അവസാനിച്ചത്. വേനലവധിക്കാലത്ത് ഒരു വലിയ യാത്ര നടത്തണമെന്ന് റഷീദും കുടുംബവും നേരത്തേയെടുത്ത തീരുമാനമാണ്. 12,000 കിലോമീറ്റർ താണ്ടിയുള്ള യാത്രയിൽ 13 സംസ്ഥാനങ്ങളിലൂടെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലൂടെയും ഇന്ത്യയുൾപ്പെടെ മൂന്ന് രാജ്യവും കറങ്ങി. നേപ്പാൾ, ഭൂട്ടാൻ എന്നിവയാണ് മറ്റു രണ്ട് രാജ്യങ്ങൾ.
വൈബ് കുടുംബം
ട്രിപ് ആസ്വദിക്കാനുള്ള മൂഡ് ഉണ്ടെങ്കിൽ റോഡ് യാത്രകൾ മികച്ച അനുഭവങ്ങൾ സമ്മാനിക്കും. അറിവ് ശേഖരിക്കാൻ യാത്രയോളം ഉപകരിക്കുന്ന സർവകലാശാലയില്ല. അത് കുടുംബത്തോടൊപ്പമായാൽ നിരവധി അറിവുകൾ ശേഖരിക്കാൻ കഴിയും. കുടുംബത്തിൽനിന്നും അപരിചിതരിൽനിന്നും ഏറെ പഠിക്കാൻ അവസരം ഒരുക്കുന്നതാണ് യാത്രകൾ. പുതിയ ഭാഷ, ജീവിത രീതി, സംസ്കാരം, ഭക്ഷണ രീതി, ആചാരങ്ങൾ തുടങ്ങിയവ നമ്മളെ ഏറെ വിജ്ഞരാക്കുമെന്നാണ് റഷീദിന്റെ ഭാഷ്യം. പുതിയ തലമുറയിലെ കുട്ടികൾക്ക് മാതാപിതാക്കളെ മനസ്സിലാക്കാനും സന്തോഷവും ദുഃഖവും പ്രയാസങ്ങളും മറ്റും നേരിട്ട് അറിയാനും ഒരുമിച്ചുള്ള യാത്രയാണ് ഏറ്റവും നല്ല അനുഭവമെന്നാണ് റഷീദിന്റെ പക്ഷം.
ജെൻ സി തലമുറക്ക് പ്രയാസവും പ്രതിസന്ധികളും നേരിടാനും അത് എങ്ങനെ മറികടക്കണമെന്ന് അറിയാനും യാത്ര ഉപകാരപ്പെടും. കരുണ, സ്നേഹം, ബഹുമാനം തുടങ്ങിയവയെല്ലാം യാത്രയിലൂടെ കുടുംബം അനുഭവിച്ചറിയും. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെക്കുറിച്ച് അറിയാനും മലയാളികളുടെ മഹത്വം മനസ്സിലാക്കാനും കേരളത്തിന് പുറത്തുള്ള യാത്ര ഏറെ ഉപകാരപ്പെടും -റഷീദ് പറയുന്നു. യാത്രയിൽ 80 ശതമാനവും വാഹനം ഓടിച്ചത് റഷീദ് ആണ്. ബാക്കി ഭാര്യയും മകനും ഓടിച്ചു. കുടുംബവുമൊന്നിച്ച് ഇത് മൂന്നാമത്തെ യാത്രയാണ്.
റോഡുമാർഗം ഏഴുദിവസം നീണ്ടുനിന്ന കോഴിക്കോട്-ഹൈദരാബാദ് യാത്രയാണ് ആദ്യം നടത്തിയത്. സൗത്ത് ഇന്ത്യ മൊത്തമായി 15 ദിവസം നീണ്ടുനിന്ന മറ്റൊരു യാത്രയും കുടുംബസമേതം റഷീദ് പോയിട്ടുണ്ട്. മൊബൈൽ ഉപയോഗിക്കാതെയും പാട്ടുകൾ വെക്കാതെയും യാത്രയിലുടനീളം എല്ലാവരും മനസ്സുതുറന്ന് സംസാരിക്കും. ഇന്നത്തെ തലമുറയിൽ കാണാത്ത കാഴ്ചയാണ് മാതാപിതാക്കളും മക്കളും ദീർഘനേരം ഒരുമിച്ചിരുന്ന് സംസാരിക്കുന്നത്. തനിക്കേറ്റവും പ്രിയപ്പെട്ടതാണ് കുടുംബമെന്നും പരസ്പരം സംസാരിക്കുകയും അവരുടെ വൈബ് എന്താണെന്ന് കണ്ടെത്താൻ കഴിയുന്നതോടൊപ്പം മാതാപിതാക്കളെ അറിയാൻ അവർക്കും കഴിയും എന്നതാണ് യാത്രയിലൂടെ സംഭവിക്കുന്നത്. ഇന്ത്യയിൽ ജമ്മു-കശ്മീരിൽ ഒഴികെ മുഴുവൻ സ്ഥലങ്ങളിലും കുടുംബത്തോടൊപ്പം യാത്ര ചെയ്തിട്ടുണ്ട്.
റൂട്ട്മാപ്
ഏപ്രിൽ 10ന് കോഴിക്കോട്ടുനിന്ന് ആരംഭിച്ച് വയനാട്-ബംഗളൂരു വഴി മഹാരാഷ്ട്ര-ഗുജറാത്ത്-രാജസ്ഥാൻ-ഹരിയാന-ഡൽഹി-ഉത്തർപ്രദേശ്-സൊണാലി ബോർഡർ കടന്ന് നേപ്പാൾ. നേപ്പാളിൽ ചിത്ത് വാൻ-പൊക്ര-ജോംഷം-മാർഫ എന്നിവിടങ്ങളിലൂടെ യാത്ര ചെയ്ത് വീണ്ടും ഇന്ത്യയിൽ വെസ്റ്റ് ബംഗാളിൽ എത്തി. ജയ്ഗോ വഴി ഭൂട്ടാനിൽ. ഫുൺസുലിൻ-ഭൂട്ടാൻ തലസ്ഥാനം-തിൻഫു-പാറോ-സിലിഗുരി വഴി വീണ്ടും ഇന്ത്യയിലെ അസമിൽ എത്തി. പിന്നീട് ഡാർജിലിങ്-ബിഹാർ-തെലങ്കാന-ആന്ധ്രപ്രദേശ് വഴി ഹൈദരാബാദ്. ബാംഗ്ലൂർ-വയനാട് വഴി നാട്ടിലേക്ക്.
പ്രയാസവും പ്രതിസന്ധിയും
കേരളത്തിനുപുറത്ത് പലയിടത്തും പറ്റിക്കപ്പെടാൻ സാധ്യതയുണ്ട്. ചിലയിടങ്ങളിൽ പോയപ്പോൾ കാണാൻ പറ്റിയ സ്ഥലങ്ങൾ പലതുമുണ്ട് എന്ന് പറഞ്ഞു കൂട്ടിക്കൊണ്ടുപോയി പറ്റിക്കപ്പെട്ടു. യാത്ര പുറപ്പെടുമ്പോൾ ആദ്യം നാട്ടിലെ സുഹൃത്തായ ഡോക്ടറോട് യാത്രയുടെ പ്ലാനിങ് പറയുകയും ആവശ്യമുള്ളപ്പോൾ ബന്ധപ്പെടുമെന്ന് അറിയിക്കുകയും ചെയ്തു. അതുപോലെ യാത്രക്ക് ഉപയോഗിച്ച ഇന്നോവ ക്രിസ്റ്റയുടെ കോഴിക്കോട് സർവിസ് സെന്ററിലെ മാനേജറെ ബന്ധപ്പെട്ട ശേഷം യാത്രയുടെ കാര്യം അറിയിച്ചു. വാഹനത്തിന് എന്തെങ്കിലും കേടുപാടുകൾ പറ്റിയാൽ അതത് സർവിസ് സെന്ററുമായി ബന്ധപ്പെടാൻ ഏർപ്പാട് ചെയ്തു. യാത്രക്കിടെ വാഹനം അപകടത്തിൽപെട്ടപ്പോഴും പഞ്ചറായപ്പോഴും സർവിസ് സെന്ററുമായി ബന്ധപ്പെട്ട് അറ്റകുറ്റപ്പണികൾ നടത്തി. പലരീതിയിലുള്ള ശാരീരിക അസ്വസ്ഥതകൾ പലർക്കുമുണ്ടായി. പനി, തലവേദന, ജലദോഷം, അലർജി, വയറുവേദന തുടങ്ങിയവ അനുഭവപ്പെട്ടപ്പോൾ നാട്ടിലെ ഡോക്ടറെ ബന്ധപ്പെട്ട ശേഷം വേണ്ട മരുന്നുകളും മറ്റും വാങ്ങി. യാത്രയിൽ ഒരു ദിവസം 960 കിലോമീറ്റർ ഓടേണ്ടിവന്നിരുന്നു. റൂം കിട്ടാതെ ഒരുതവണ വാഹനത്തിൽ കിടക്കേണ്ടിയും വന്നിട്ടുണ്ട്. അഡ്വഞ്ചർ ക്ലബ് ചെറുവാടിയുടെ ജോ. സെക്രട്ടറി ആയതുകൊണ്ട് രാജ്യത്ത് പലയിടത്തും ക്ലബുമായി ബന്ധപ്പെട്ടവർ സ്വീകരിച്ച് നിരവധി സ്ഥലങ്ങളിൽ ഹോം സ്റ്റേയും മറ്റു സൗകര്യവും ഒരുക്കിയിരുന്നു.
കുടുംബം
ദുബൈയിൽ ഡെന്റൽ എക്യുപ്മെന്റ് ബിസിനസ് നടത്തുന്ന റഷീദിന് ഭാര്യയും അഞ്ച് കുട്ടികളുമാണ്. ഭാര്യ: നൂറ. മക്കൾ: സിബിൻ അലി റഷീദ്, മുഹമ്മദ് സയാൻ, ഫാത്തിമ ഹല, അയിഷ അലീം, ഫറാഷ സമ. ഇവർ നാലുമുതൽ 18 വരെ വയസ്സുള്ള കുട്ടികളാണ്. അടുത്ത അവധിക്കാലത്ത് കുടുംബവുമൊത്ത് റോഡുമാർഗം സിംഗപ്പൂരിലേക്ക് യാത്ര ചെയ്യാനുള്ള തയാറെടുപ്പിലാണ് റഷീദ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.