മുസന്ദം ഗവർണറേറ്റിൽനിന്നുള്ള കാഴ്ച
മുസന്ദം: ശൈത്യകാല വിനോദസഞ്ചാരികളെ വരവേൽക്കാൻ മുസന്ദം ഗവർണറേറ്റ്. പ്രത്യേക പാക്കേജുകളിലൂടെ മേഖലയെ പ്രമുഖ ടൂറിസം കേന്ദ്രമായി പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികളാണ് അണിയറയിൽ നടന്നുവരുന്നത്. ടൂറിസം കമ്പനികൾ, സ്ഥാപനങ്ങൾ, ഹോട്ടലുകൾ എന്നിവ വിനോദസഞ്ചാരികൾക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി ഫീൽഡ് പരിശോധനകൾ ഈ തയാറെടുപ്പുകളിൽ ഉൾപ്പെടുന്നുണ്ടെന്ന് മുസന്ദം ഗവർണറേറ്റിലെ പൈതൃക, ടൂറിസം വകുപ്പിന്റെ അസിസ്റ്റന്റ് ഡയറക്ടർ നൗഫൽ ബിൻ മുഹമ്മദ് അൽ കംസാരി പറഞ്ഞു.
മുസന്ദം ഗവർണറുടെ ഓഫിസ് സംഘടിപ്പിക്കുന്ന ‘വിന്റർ മുസന്ദം’ പരിപാടിയുടെ പ്രമോഷനൽ പ്രവർത്തനങ്ങളിൽ പങ്കാളിത്തം വർധിപ്പിക്കുന്നതിനായി പൈതൃക, ടൂറിസം മന്ത്രാലയവും സഹകരിക്കുന്നുണ്ട്. ക്രൂസ് കപ്പൽ സന്ദർശകരെ സ്വീകരിക്കുന്നതിനും അവർക്ക് വിവരങ്ങൾ, മാപ്പുകൾ, സേവനങ്ങൾ എന്നിവ നൽകുന്നതിനുമായി ഖസബ് തുറമുഖത്ത് താൽക്കാലിക ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്റർ സജീവമാക്കിയിട്ടുണ്ട്.
ദിബ്ബയിലെ സന്ദർശക കേന്ദ്രമാണ് നടപ്പിലാക്കുന്ന പ്രധാനപ്പെട്ട പദ്ധതികളിലൊന്ന്സന്ദർശകർക്ക് സംയോജിത സേവനങ്ങൾ നൽകുന്നതിനും സംസ്ഥാനത്തിന്റെ പ്രകൃതി, പൈതൃകം, ടൂറിസം ആസ്തികൾ എന്നിവയെക്കുറിച്ച് പരിചയപ്പെടുത്തുന്നതിനും ഇത് സഹായിക്കും. ഖോർ അൽ ഹബ്ലൈനിലെ റാസ് അൽ അമൗദ് ടൂറിസ്റ്റ് റിസോർട്ട് പദ്ധതിയുടെ പ്രവർത്തനങ്ങളും നടന്നുവരുകയാണ്.
ബുഖയിൽ പുതിയ ടൂറിസ്റ്റ് ഹോട്ടൽ പദ്ധതി നടപ്പിലാക്കി വരുകയാണെന്നും, ഇത് വിലായത്തിലെ ഹോട്ടൽ താമസ സൗകര്യം വർധിപ്പിക്കുന്നതിനും താമസ സേവനങ്ങൾക്കായുള്ള വർധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനും സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. ഗവർണറേറ്റിന്റെ ടൂറിസം രംഗത്ത് ഗുണപരമായ ഒരു കൂട്ടിച്ചേർക്കലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്ന സംയോജിത ടൂറിസം സമുച്ചയ പദ്ധതിയായ ‘പേൾ ഓഫ് ഖസബ്’ സ്ഥാപിക്കുന്നതിനായി പൈതൃക, ടൂറിസം മന്ത്രാലയവും ഖസബ് ഡെവലെപ്മെന്റും സന്ദാനും തമ്മിൽ അടുത്തിടെ സഹകരണ കരാറിൽ എത്തിയിട്ടുണ്ട്.
വരും ആഴ്ചകളിൽ ഖസബ്, ബുഖ കോട്ടകളുടെ അറ്റകുറ്റപ്പണിയും പുനരുദ്ധാരണ പ്രവർത്തനങ്ങളും പൈതൃക-ടൂറിസം മന്ത്രാലയം നടത്തും. ചരിത്രപരമായ പൈതൃകം സംരക്ഷിക്കുന്നതിനും പൈതൃക സ്ഥലങ്ങളിലെ വിനോദസഞ്ചാര ആകർഷണങ്ങൾ വർധിപ്പിക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണിത്. 2024ൽ മുസന്ദം ഗവർണറേറ്റ് സന്ദർശിച്ച ക്രൂസ് കപ്പലുകളുടെ എണ്ണം 45 ആയിരുന്നു. ഇതിലൂടെ 58,267 വിനോദസഞ്ചാരികളാണ് എത്തിയത്. അതേസമയം, കോട്ടകളിലെ സന്ദർശകരുടെ എണ്ണം 17,413 ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.