കാ​ഞ്ഞി​ര​ക്കൊ​ല്ലി അ​ള​കാ​പു​രി വെ​ള്ള​ച്ചാ​ട്ടം

മഴക്കാഴ്ച നുകരാം; മലയോരത്തേക്ക് വരൂ..

ശ്രീകണ്ഠപുരം: മഴക്കാഴ്ച നുകർന്നുല്ലസിക്കാൻ മലയോരത്തേക്ക് വരൂ. കാഞ്ഞിരക്കൊല്ലി, അളകാപുരി വെള്ളച്ചാട്ടം, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പൈതൽമല, പാലക്കയംതട്ട് തുടങ്ങി മലയോരത്തെ പ്രധാന മൺസൂൺ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികളുടെ തിരക്കേറി. ഇതിൽ പൈതൽമലയും പാലക്കയം തട്ടും ഒഴികെയുള്ള സ്ഥലങ്ങളിൽ ജൂൺ മുതൽ ഡിസംബർ വരെയാണ് കൂടുതലായും സഞ്ചാരികൾ എത്താറുള്ളത്. പൈതൽമല-പാലക്കയം തട്ട്-ഏഴരക്കുണ്ട് വെള്ളച്ചാട്ടം എന്നീ കേന്ദ്രങ്ങൾ കോർത്തിണക്കി എല്ലാ ഞായറാഴ്ചകളിലും 'എക്സ്പ്ലോർ മലയോരം വിത്ത് കെ.എസ്.ആർ.ടി.സി' എന്ന പേരിൽ സർവിസുകളും തുടങ്ങിയിട്ടുണ്ട്.

750 രൂപയാണ് മലയോര ഉല്ലാസയാത്രക്ക് കെ.എസ്.ആർ.ടി.സി ഈടാക്കുന്നത്. മഴക്കാലത്ത് മലയോര മേഖലയിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന കേന്ദ്രങ്ങളാണ് പൈതൽ താഴ്വരയിലെ ഏഴരക്കുണ്ട് വെള്ളച്ചാട്ടവും കാഞ്ഞിരക്കൊല്ലിയിലെ അളകാപുരി വെള്ളച്ചാട്ടവും. സുരക്ഷിതമായി വെള്ളച്ചാട്ടത്തിനരികിലിരുന്ന് സഞ്ചാരികൾക്ക് കാഴ്ചകൾ ആസ്വദിക്കാനും കുളിക്കാനും വെള്ളച്ചാട്ടത്തിന്റെ മുകളിൽ നിർമിച്ച പ്ലാറ്റ്ഫോമിലിരുന്ന് ദൃശ്യഭംഗി ആസ്വദിക്കാനുള്ള സൗകര്യങ്ങളുമൊക്കെ ഒരുക്കിയിട്ടുണ്ട്. കുടിയാന്മല - പൊട്ടൻപ്ലാവ് റോഡിൽനിന്ന് ചാത്തമലയിലേക്ക് പോകുമ്പോൾ റോഡരികിൽ തന്നെയാണ് വെള്ളച്ചാട്ട പാർക്ക്. ജില്ലയിലെ പ്രധാന ഇക്കോ ടൂറിസം മേഖലയായ കാഞ്ഞിരക്കൊല്ലി അളകാപുരി വെള്ളച്ചാട്ടത്തിന്റെ കാഴ്ചകൾ ആസ്വദിക്കാനും നിരവധി പേരാണ് എത്തുന്നത്.

25 ലക്ഷം രൂപ ചെലവിൽ നാലുവർഷം മുമ്പ് ഇവിടെ നവീകരിച്ചിരുന്നു. വെള്ളച്ചാട്ടത്തിന്റെ അടുത്തേക്കുള്ള വഴിയുടെ വശങ്ങൾ ഹാൻഡ് റെയിലിട്ട് ബലപ്പെടുത്തുകയും അപകടങ്ങൾ ഒഴിവാക്കാനായി കമ്പിവേലികൾ കെട്ടിത്തിരിക്കുകയും ചെയ്തിട്ടുണ്ട്. വെള്ളത്തിൽ ചവിട്ടാതെ ഒരു കരയിൽനിന്ന് മറുകരയിലേക്ക് എത്താനായി ചെറിയ പാലവും ഒരുക്കിയിട്ടുണ്ട്. ഇതിനു സമീപത്താണ് സമുദ്രനിരപ്പില്‍ നിന്ന് 1600 അടി ഉയരത്തിലുള്ള വ്യൂ പോയൻറും സ്ഥിതി ചെയ്യുന്നത്. ഉളിക്കൽ മണിക്കടവ് വഴിയും പയ്യാവൂര്‍ - കുന്നത്തൂർ -പാടാംകവല വഴിയും എത്തിച്ചേരാം. പാലക്കയം തട്ട്, പൈതൽമല നിലവിൽ ജില്ലയിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്നത് പാലക്കയം തട്ടിലാണ്. മഞ്ഞും മഴയും ചേർന്നൊരുക്കുന്ന മനോഹര കാഴ്ചകളോടൊപ്പം സാഹസിക വിനോദങ്ങൾ, കുട്ടികളുടെ ഗെയിമുകൾ, 16 ഡി സിനിമ, ഫിഷ് സ്പാ തുടങ്ങി സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി കാര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. നടുവിൽ - മണ്ഡളം വഴിയും ചെമ്പേരി - പുറഞ്ഞാൺ - പുലിക്കുരുമ്പ വഴിയും കരുവഞ്ചാൽ - മാവുഞ്ചാൽ വഴിയും എത്തിച്ചേരാം. പൈതല്‍മലയിൽ മഴക്കാലത്ത് ട്രക്കിങ്ങിനും മറ്റ് മഴക്കാല ക്യാമ്പുകൾക്കുമൊക്കെയായി നിരവധിപേർ എത്തിത്തുടങ്ങി.

രാവിലെ ഒമ്പത് മുതൽ വൈകീട്ട് നാലുവരെയാണ് പൈതൽമലയിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത്. കുടിയാന്മല പൊട്ടൻപ്ലാവ് വഴി പൈതൽ മലയിലെത്താം. ആലക്കോട്, കാപ്പിമല, മഞ്ഞപ്പുല്ല് വഴിയും പാത്തൻപാറ, കരാമരംതട്ട് വഴിയും കുടിയാന്മല മുന്നൂർ കൊച്ചി വഴിയും സാഹസിക യാത്ര ഇഷ്ടപ്പെടുന്നവർക്ക് എത്തിച്ചേരാം. 

Tags:    
News Summary - monsoon tourist destinations kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 04:46 GMT