അഞ്ചുരുളി മുനമ്പ് സഞ്ചാരികൾക്ക് തുറന്നുനൽകിയപ്പോൾ
കട്ടപ്പന: സഞ്ചാരികളുടെ സ്വപ്നഭൂമിയായ അഞ്ചുരുളി മുനമ്പിലേക്ക് ഇനി നിർഭയം കടന്നു ചെല്ലാം. ഇടുക്കി തടാകത്തിന്റെ കാണാമറയത്ത് നിന്നിരുന്ന പ്രകൃതി ഭംഗിയുടെ അപൂർവ ദൃശ്യവിരുന്നിലേക്കുള്ള കവാടമാണ് സഞ്ചാരികൾക്കായി തുറന്നുനൽകിയത്. അഞ്ചുരുളി ജലാശയത്തിന്റെ തെക്കേക്കരയിലാണ് അഞ്ചുരുളി മുനമ്പ്. കട്ടപ്പന കാഞ്ചിയാർ പള്ളിക്കവലയിൽ നിന്ന് പേഴുംകണ്ടം റോഡിൽ കൂടി രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ അഞ്ചുരുളി തേക്കിൻ കൂപ്പിലെത്തും. അവിടെ നിന്നാണ് മുനമ്പിലേക്കുള്ള കാട്ടുപാത തുടങ്ങുന്നത്. ഈ പാതയിലൂടെ ഒരുകിലോമീറ്റർ കാൽനടയായി സഞ്ചരിച്ചാൽ അഞ്ചുരുളി മുനമ്പിലെത്തും.
പ്രകൃതി ഒരുക്കിയ വിസ്മയ കാഴ്ചകളുടെ കലവറയാണ് മുനമ്പിൽ കാത്തിരിക്കുന്നത്. പച്ചപ്പുല്ല് വിരിച്ച് നീണ്ടുകിടക്കുന്ന മുനമ്പിന്റെ മൂന്നുവശവും വെള്ളത്താൽ ചുറ്റപ്പെട്ടുകിടക്കുകയാണ്. ഇതിലൂടെ നടന്ന് മുനമ്പിലെത്തിയാൽ കടലിന് സമാനമായി പരന്നു കിടക്കുന്ന ഇടുക്കി തടാകമാണ്. ഇടുക്കി തടാകത്തിന്റെ നേർക്കാഴ്ച ഇതുപോലെ കാണാൻ കഴിയുന്ന മറ്റൊരു പ്രദേശമില്ല.
മുനമ്പിന് സമീപം ആദിവാസി മാന്നാൻ ഗോത്ര വിഭാഗത്തിലെ പൂർവികരുടെ മൃതദേഹങ്ങൾ അടക്കം ചെയ്തതിന്റെ അടയാളമെന്ന് വിശ്വസിക്കുന്ന മുനിയറകളുടെ ശേഷിപ്പുകളുമുണ്ട്. നിരവധി നന്നങ്ങാടികളും ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്. അഞ്ചുരുളി തുരങ്കത്തിൽ നിന്നുള്ള വെള്ളച്ചാട്ടവും, ഇടുക്കി വന്യജീവി സങ്കേതത്തിന്റെ വിവിധ ഭാഗങ്ങളും, കരടിയള്ള് എന്നറിയപ്പെടുന്ന ഗുഹയുമെല്ലാം ഇവിടുത്തെ കാഴ്ചകളാണ്. അനുമതിയില്ലാതെ ടൂറിസ്റ്റുകൾ കടന്നുകയറി അപകടത്തിൽ പെട്ടതോടെ വനം വകുപ്പ് ഇവിടേക്കുള്ള സന്ദർശനം വിലക്കിയിരുന്നു. ആ വിലക്ക് നീക്കി മുനമ്പ് ഇപ്പോൾ സഞ്ചാരികൾക്കായി തുറന്നുനൽകിയിരിക്കുകയാണ്. ഇതോടെ പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതി എന്ന ആശയവും പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുകയാണ്. മുനമ്പ് കാണാനെത്തുന്നവർക്ക് സുരക്ഷ ഒരുക്കാൻ നാല് ഗൈഡുമാർ ഉൾപ്പെടെ മേഖലയിൽ ഉണ്ടാകും. പ്രവേശനത്തിനുള്ള നിർദേശങ്ങൾ ടിക്കറ്റ് കൗണ്ടറുകളിൽ നിന്ന് നൽകും. രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെയാണ് മുനമ്പിലേക്ക് സന്ദർശനം അനുവദിച്ചത്. കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴികാട്ടിൽ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.