തിരുവനന്തപുരം നെയ്യാർ വന്യജീവി സങ്കേതത്തിന്റെ ഭാഗമാണ് വനത്തിന് നടുവിലുള്ള കോട്ടൂർ കാപ്പുകാട് ആന പുനരധിവാസകേന്ദ്രം. കേരളത്തിലെ വനങ്ങളിൽ ഒറ്റപ്പെട്ടുപോകുന്ന ആനകളെയും ആനക്കുട്ടികളെയും പുനരധിവസിപ്പിക്കുന്നതിന് 2006ലാണ് വനംവകുപ്പ് കാപ്പുകാട്ടിൽ ഈ സങ്കേതം ഒരുക്കിയത്. നഗരത്തിന്റെ തിരക്കുകളിൽ നിന്നൊഴിവായി ഒരു ദിവസത്തെ യാത്ര പ്ലാൻ ചെയ്യുന്നവർക്ക്, ശുദ്ധവായു ശ്വസിച്ച് ഗജവീരന്മാരെയും കുട്ടിക്കുറുമ്പന്മാരെയും കണ്ട് കുടുംബസമേതം ചെലവഴിക്കാൻ പറ്റിയ സ്ഥലമാണിവിടം.
നെയ്യാർ ഡാം റിസർവോയർ
തിരുവനന്തപുരത്ത് നിന്ന് 30 കിലോമീറ്ററാണ് ആന സങ്കേതത്തിലേക്ക്. രാവിലെ 8.30 മുതലാണ് പ്രവേശനം. ആനക്കാഴ്ചകൾ മാത്രമല്ല, നെയ്യാറിലൂടെ വനസൗന്ദര്യം ആസ്വദിച്ചുള്ള ചങ്ങാട സവാരിയും കുട്ടവഞ്ചി സവാരിയും ബോട്ടുസവാരിയുമൊക്കെയായി സഞ്ചാരികളെ കാത്തിരിക്കുകയാണ് കോട്ടൂർ ആന സങ്കേതം. ഒരു വയസ്സുള്ള കണ്ണൻ മുതൽ 80 വയസ്സ് വരെയുള്ള ചെറുതും വലുതുമായ 15 ആനകളാണ് ഇപ്പോൾ ഇവിടെയുള്ളത്. കൂട്ടത്തിൽ ഇളയ തലമുറക്കാരാണ് അർജുനനും മായയും മനുവും റാണയും പിന്നെ ഒരു വയസ്സുള്ള കണ്ണനെന്ന കുഞ്ഞാവയും. ഈ അഞ്ച് കുട്ടിക്കുറുമ്പന്മാരുടെ വികൃതികൾ മനസ്സിൽനിന്ന് ഒരിക്കലും മായ്ക്കാൻ കഴിയാത്ത സന്തോഷമാണ് നമുക്ക് സമ്മാനിക്കുന്നത്.
ഈ അഞ്ചുപേരെയും വൈകുന്നേരം മൂന്നരക്ക് ശേഷം ഇവർക്ക് കളിക്കാനുള്ള ഗ്രൗണ്ടിലേക്ക് ഇറക്കിവിടുമ്പോൾ മാത്രമേ നമുക്കും കാണാൻ സാധിക്കുകയുള്ളൂ. അതുവരെ കുപ്പിപ്പാലും ലാക്ടജനും കുടിച്ച് റൂമിൽ വിശ്രമമാണ്. ഉച്ചസമയത്ത് ഇറക്കിവിട്ടാൽ മക്കളെപ്പോലെ നോക്കുന്ന കുട്ടിക്കുറുമ്പന്മാർക്ക് പനിവരുമെന്നാണ് ഇവിടത്തെ ജീവനക്കാർ പറയുന്നത്. കോട്ടൂർ ആന സങ്കേതത്തിൽ എല്ലാകാര്യങ്ങളും ടൈംടേബിൾ അനുസരിച്ചാണ്. കുട്ടിക്കുറുമ്പന്മാരുടെ കാര്യത്തിൽ പ്രത്യേകിച്ചും. വൈകുന്നേരം മൂന്നരക്കുള്ള കുട്ടിക്കുറുമ്പന്മാരുടെ ഡ്രിൽപിരീഡ് തുടങ്ങിക്കഴിഞ്ഞാൽ പിന്നെ ഒരു ബഹളമയമാണ്.
അഞ്ചെണ്ണെത്തിനെയും ഗ്രൗണ്ടിലോട്ട് ഇറക്കിവിട്ട് കഴിഞ്ഞ് അവരുടെ ഓട്ടവും കളിയും കണ്ടാൽ മനസ്സിലാവും, മൂന്നര മണിക്ക് വേണ്ടി അവർ കാത്തിരിക്കുകയായിരുന്നെന്ന്. കൂട്ടത്തിൽ മൂത്ത അർജുനനാണ് ആദ്യം ഓട്ടം തുടങ്ങിയത്... ജീവനക്കാർ പിറകെ ഓടും; ഓട്ടം നിർത്തില്ലെന്ന് കണ്ടപ്പോൾ അർജുനന് ചെറിയൊരു തല്ലും കിട്ടി. കണ്ടപ്പോൾ വിഷമമമായെങ്കിലും കാര്യം പിടികിട്ടിയപ്പോൾ അടികൊടുത്തതിന് കുഴപ്പമില്ലെന്ന് മനസ്സിലായി. മണ്ണും കല്ലും തിന്നാനുള്ള ഓട്ടമായിരുന്നു അത്. ഒന്ന് കണ്ണ്വെട്ടിയാൽ കല്ലെടുത്ത് തിന്നുകളയും; കുഞ്ഞുമക്കളെ ശ്രദ്ധിക്കുന്നതുപോലെയാണ് ജീവനക്കാർ ഇവരുടെ കാര്യങ്ങൾ നോക്കുന്നത്.
ഒരു വയസ്സുള്ള കണ്ണന് ഇവരുടെ കൂടെ ഓടി എത്താൻ കഴിയുന്നില്ലെങ്കിലും കുണുങ്ങിക്കുണുങ്ങി അവനും ഓടുന്നുണ്ട്. പിന്നത്തെ കളി ഗ്രൗണ്ടിലുണ്ടായിരുന്ന ചെറിയൊരു ടയറിലോട്ടായി. ഒരുത്തൻ ടയറെടുത്ത് അടുത്തവനെ എറിയും. അവൻ അതെടുത്ത് തുമ്പിക്കൈയിൽ വെച്ച് കൊണ്ടോടും... ബാക്കിയുള്ളവർ അവന്റെ പിറകെ.... ഓടിത്തളർന്ന് തിരികെ വന്നിട്ട് ടയർ തുമ്പിക്കൈയിൽ വെച്ച് നമുക്കുനേരെ നീട്ടും; അവരുടെ കൂടെ കളിക്കാൻ ചെല്ലാനുള്ള ക്ഷണമാണത്... നമ്മൾ ഇറങ്ങിവരില്ലെന്ന് മനസ്സിലായാൽ വീണ്ടും ടയറെടുത്തെറിഞ്ഞ് പിണങ്ങി തിരികെപ്പോകും.
ഒരു അങ്കണവാടിയിൽ എന്തൊക്കെ കാഴ്ചകളുണ്ടോ അതെല്ലാം ഇവിടെയും നമുക്ക് കാണാൻ പറ്റും. അഞ്ചുമണി വരെയാണ് ഇവർക്ക് കളിക്കാൻ അനുവദിച്ചിട്ടുള്ള സമയം. കുട്ടിക്കുറുമ്പന്മാരുടെ കുസൃതികൾ കണ്ടുനിന്നാൽ ഒന്നര മണിക്കൂർ പോകുന്നതറിയില്ല. എന്തായാലും ഈ കുട്ടിക്കുറുമ്പന്മാരെയും അവരുടെ കുസൃതികളും കാണാൻ കുടുംബസമേതം നിങ്ങളും പോകണം കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിലേക്ക്. തീർച്ചയായും ജീവിതത്തിൽ മറക്കാനാവാത്ത ഒരനുഭവമായിരിക്കും നിങ്ങൾക്കത്...
NB: കോട്ടൂരിൽനിന്ന് ആറ് കിലോമീറ്റർ ദൂരം മാത്രമേയുള്ളൂ നെയ്യാർ ഡാമിലേക്ക്. പോകുംവഴിയാണ് മാൻ പാർക്കും. ഒരുദിവസത്തെ യാത്ര പ്ലാൻ ചെയ്യുന്നവർക്ക് രാവിലെ നെയ്യാർ ഡാമും പരിസരങ്ങളും മാൻ പാർക്കും സന്ദർശിച്ച് ഉച്ചക്ക് ശേഷം കോട്ടൂരിലെത്തി കുട്ടിക്കുറുമ്പമാരുടെ ഡ്രിൽപിരീഡും കണ്ട് മടങ്ങാം. വിവരങ്ങൾക്ക്: 0472 2850827, 7025006757, https://www.keralatourism.org/.../kottur-ecotourism/37.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.