ജൈനമേട്ടിലെ ക്ഷേത്രാങ്കണ കാഴ്ചകൾ

ജൈനമേട്ടിലെ ആയിരം ജൈനവർഷങ്ങൾ

പാലക്കാട് ജില്ലയിലെ ജൈനമേട്ടിലേക്കുള്ള യാത്രയിലുടനീളം നൂറ്റാണ്ടുകൾ പഴക്കമുള്ള ജൈനചരിത്രം കൂട്ടിനുണ്ടായിരുന്നു. ആയിരത്തിലധികം വർഷം പഴക്കമുള്ള, എട്ടാം തീർഥങ്കരനായ ചന്ദ്രപ്രഭ സ്വാമിയുടെ പ്രതിഷ്ഠയുള്ള കരിങ്കല്ലിൽ തീർത്ത ക്ഷേത്രമാണ് ജൈനമേടിനെ ചരിത്രാന്വേഷകരുടെ ഇഷ്ടകേന്ദ്രമാക്കിമാറ്റുന്നത്.

സംസ്കൃതിയുടെ കാവൽ

400 ജൈനകുടുംബങ്ങൾ താമസിച്ചിരുന്ന പ്രദേശമാണ് ജൈനമേട്. എന്നാൽ, ഇന്നിവിടെ താമസിക്കുന്നത് ജൈനരല്ല, മറ്റുപലരുമാണ്. ജൈനകുടുംബങ്ങൾ ഏതോ കാലത്ത് ഇവിടെനിന്ന് പലായനം ചെയ്തിരിക്കുന്നു. അവശേഷിക്കുന്നത് ഒരേയൊരു ജൈനകുടുംബം മാത്രം. ഇജ്ജന ഷെട്ടിയുടെ പരമ്പരയിലെ 26ാം തലമുറയിലുള്ള വസന്തകുമാരിയുടെ മക്കൾ. മഹത്തായൊരു കാലഘട്ടത്തിന്റെ ജീവിക്കുന്ന ചരിത്രംപോലെ അവർ ജൈനമേട്ടിൽ ഒരു പൗരാണിക കാലത്തിന്റെ കാവലാകുന്നു. കൽപാത്തിപ്പുഴ കടക്കുമ്പോൾ അഹിംസയുടെ ശാന്തതയിലൂടെ തീർഥങ്കരന്മാർ കടന്നുപോയ പാതകളുടെ നിശ്ശബ്ദത മനസ്സിൽ നിറഞ്ഞൊഴുകുന്നതായി തോന്നി.

 

സ്വാമിയുടെ ബസ്തിയിലേക്ക് എത്തുമ്പോൾ പ്രധാന കവാടം അടഞ്ഞുകിടക്കുകയായിരുന്നു. പരിസരത്ത് ആരെയും കാണാനില്ല. ഗേറ്റ് തുറന്ന് അകത്തുകടക്കുമ്പോൾ നൂറ്റാണ്ടുകൾ പഴക്കമുള്ള ജൈനക്ഷേത്രം പ്രാർഥനപൂർവം സ്വാഗതം ചെയ്യുന്നതായി തോന്നി. സുനിൽകുമാർ എന്ന വയനാട്ടുകാരനാണ് ഇപ്പോൾ ഇതിന്റെ സംരക്ഷണച്ചുമതല. വിജയനഗര ശൈലിയിൽ നിർമിച്ച ബസ്തിക്ക് ആയിരം കൊല്ലത്തിലധികം പഴക്കം കണക്കാക്കുന്നുണ്ട്. പല ഘട്ടങ്ങളിലായി നവീകരണം നടത്തിയെങ്കിലും പൗരാണികതയുടെ സൂചിപ്പഴുതുപോലും അതേപോലെ നിലനിർത്താൻ അധികൃതർ സൂക്ഷ്മതപുലർത്തിയിട്ടുണ്ട്. ജൈനനിർമിതികളിൽ മണൽ ഉപയോഗിക്കുന്നത് പതിവില്ല. കൂറ്റൻ കരിങ്കൽ പാളികളെ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന നിർമാണകല ഒരു വിസ്മയംതന്നെയാണ്. കൃഷ്ണശിലകളിൽ കടഞ്ഞെടുത്ത ഭിത്തികളും മേൽക്കൂരയും. എവിടെ നോക്കിയാലും തീർഥങ്കരന്മാരുടെ ശിൽപങ്ങൾ കാണാം.

 

ജൈനമേടിന്റെ ചരിത്രം

മൈസൂരിലെ കൽഹള്ളിയിൽനിന്നെത്തിയ ഇജ്ജനപ്പെട്ടി, പായപ്പഷെട്ടി എന്നീ സഹോദരന്മാരാണ് ജൈനമേട്ടിലെ ജൈനചരിത്രത്തിന് തുടക്കമിട്ടത്. വജ്രവ്യാപാരികളായിരുന്നു അവർ. ഘോരവനങ്ങളാൽ ചുറ്റപ്പെട്ടുകിടക്കുകയായിരുന്ന ഈ പ്രദേശം മുത്തും മാണിക്യവും കൊടുത്ത് അവർ വാങ്ങുകയായിരുന്നുവത്രെ. മാണിക്യപട്ടണമെന്നും മുത്തുപട്ടണമെന്നും സ്ഥലനാമം കിട്ടിയത് അങ്ങനെയാണ്. ആർക്കിയോളജിക്കൽ സർവേയിൽ ജൈനമേട് ഇന്നും അറിയപ്പെടുന്നത് ഈ പേരുകളിലാണ്.

മൈസൂരുവിൽനിന്നെത്തിയ ജൈനമത വിശ്വാസികൾ കച്ചവടത്തിന് അനുയോജ്യമെന്ന നിലയിൽ ഇവിടെ താമസമാരംഭിച്ചു എന്നാണ് ഒരു ചരിത്രം. ഇവരുടെ നേതൃത്വത്തിൽ രഥോത്സവം കൊണ്ടാടിയിരുന്നതായും ചരിത്രരേഖകൾ പറയുന്നു. ജൈനരുടെ എട്ടാമത്തെ തീർഥങ്കരനായ ചന്ദ്രനാഥസ്വാമിയുടെതാണ് പ്രധാന പ്രതിഷ്ഠ. രണ്ടാമത്തേതിൽ വിജയയക്ഷിയും ജ്വാലാ മാലിനിയും. മധ്യത്തിലുള്ള കക്ഷ്യയിൽ ആദ്യ ജൈനതീർഥകരനായ ഋഷഭതീർഥങ്കരന്റെ പ്രതിമയും ചുറ്റും 23 തീർഥങ്കരന്മാരുമുണ്ട്. നാലാമത്തേതിൽ പത്മാവതി, പാർശ്വനാഥൻ എന്നിവരുടെ പ്രതിമകളാണ്. കരിങ്കല്ലുകൊണ്ടുള്ള ചതുരത്തൂണുകളുടെ മുകൾഭാഗത്ത് സിംഹവും അധോഭാഗത്ത് പത്മവും കൊത്തിവെച്ചിട്ടുണ്ട്. മറ്റു ജൈനക്ഷേത്രങ്ങളിൽനിന്ന് വ്യത്യസ്തമായി ക്ഷേത്രപാലകന്റെ സാന്നിധ്യവും ഈ ബസ്തിയിലുണ്ട്. അശോകമരച്ചുവട്ടിൽ സർപ പ്രതിഷ്ഠയുമുണ്ട്.

 

കിണറുകളുടെ ചരിത്രം

ജൈനമതത്തിലെ 24 തീർഥങ്കരന്മാരുടെ പേരിലും ജൈനമേട്ടിലെ ക്ഷേത്രപരിസരത്തായി കിണറുകൾ നിർമിച്ചിരുന്നു. കരിങ്കല്ലുകൾകൊണ്ട് പടുത്തുയർത്തിയ കിണറുകളിൽ രണ്ടെണ്ണം മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. തെളിനീരിന് കാവലായി നിറയെ ജലസസ്യങ്ങളുമുണ്ട് കിണറ്റിൽ. ബാക്കിയുള്ള 22 കിണറുകളും നികത്തപ്പെട്ടിരിക്കുന്നു. അതിന് പല കാരണങ്ങളും പറയുന്നുണ്ട്. പാലക്കാട് നടന്ന പടയോട്ടങ്ങളെ ഭയന്ന് തങ്ങളുടെ സ്വത്തുക്കളെല്ലാം കിണറുകളിൽ കുഴിച്ചുമൂടി ജൈനർ കർണാടകയിലേക്കും വയനാട്ടിലേക്കും പലായനം ചെയ്തുവെന്നാണ് പരക്കെ പറയപ്പെടുന്നത്. എന്നാൽ ചരിത്രകാരന്മാർ ഇക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായക്കാരാണ്. കിണറുകൾ നിലനിന്നിരുന്ന ഭാഗങ്ങളെക്കുറിച്ചും വ്യക്തമായ തെളിവുകൾ ലഭ്യമല്ല.

Tags:    
News Summary - jainameed- travel destination

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.