അത്ഭുതങ്ങൾ ഉറങ്ങുന്ന ഇറ്റാലിയൻ തെരുവുകൾ

എഴുത്തും ചിത്രങ്ങളും: മുസ്തഫ മാനന്തേരി

റോമാനഗരം കത്തിയെരിയുമ്പോൾ വീണവായിച്ചുകൊണ്ടിരുന്ന നീറോ ചക്രവർത്തിയെ മനസ്സിൽ ഓർത്തുകൊണ്ട് റോമിലെ ലിയനാർഡോ ഡാവിഞ്ചി ഇന്റർനാഷനൽ എയർപോർട്ടിൽ വിമാനം ഇറങ്ങിയപ്പോൾ നേരം പാതിരയായി. റോമാ എയർപോർട്ടിൽനിന്ന് റോമാ സിറ്റി സെന്ററിലേക്ക് കണക്ട് ചെയ്യുന്ന ലിയനാർഡോ എക്സ്പ്രസ് ട്രെയിൻ രാത്രി പത്തരയോടെ സർവിസ് നിർത്തും. എയർപോർട്ടിൽനിന്ന് ഒരു ടാക്സി പിടിച്ച് ഹോട്ടലിൽ എത്തിയപ്പോൾ സമയം പാതിരാത്രി രണ്ടായി. പിറ്റേന്ന് കുളിച്ചൊരുങ്ങി കുടുംബസമേതം കറങ്ങാനിറങ്ങി. ലോകത്തിൽ ഏറ്റവും കൂടുതൽ ചരിത്ര സ്മാരകങ്ങളുള്ള നിർമിതികൾ ഇന്നും പ്രൗഢിയോടെ നിലനിൽക്കുന്ന ഇറ്റാലിയൻ തലസ്ഥാനത്തിന്റെ തെരുവുകളിലേക്ക്.

കൊളോസിയം/അംഫി തിയറ്റർ

യൂറോപ്, യു.കെ, ചൈന, കൊറിയ, ഫാർ ഈസ്റ്റ് തുടങ്ങി പല പട്ടണങ്ങളും ഔദ്യോഗിക ആവശ്യങ്ങൾക്കുവേണ്ടി പലതവണ സന്ദർശിച്ചിട്ടുണ്ടെങ്കിലും ഒരു എക്സ്ക്ലൂസിവ് ഫാമിലി പിക്നിക്കിന് വേണ്ടി ഡെസ്റ്റിനേഷൻ തിരഞ്ഞെടുക്കുമ്പോൾ ആദ്യം മനസ്സിൽ വന്നത് സഹസ്രാബ്ദങ്ങളോളം ലോകത്തിന്റെ സിംഹഭാഗവും അടക്കി ഭരിച്ച റോമ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ ഇറ്റലിതന്നെയാണ്. യാത്രക്കുവേണ്ട എല്ലാ കാര്യങ്ങളും വിസ, ടിക്കറ്റ്, ഹോട്ടൽ, ലോക്കൽ ട്രാവൽ, ട്രാവൽ ഐറ്റനറി, ഫുഡ് ഉൾപ്പെടെ എല്ലാം സ്വന്തമായി ചെയ്യുമ്പോൾ ഉണ്ടാവുന്ന സംതൃപ്തി ഒന്ന് വേറെതന്നെയാണ്‌. ലോക മഹാത്ഭുതങ്ങളിൽപെട്ട കൊളോസിയം ഏതാണ്ട് 2000 വർഷം മുമ്പ് റോമൻ ചക്രവർത്തിയായിരുന്ന ടൈറ്റസ് പണി പൂർത്തിയാക്കിയതാണ്. ലോകത്തിലെ ഇതുവരെ നിർമിച്ചതിൽ ഏറ്റവും വലുതും പുരാതനവുമായതുമാണ് അംഫി തിയറ്റർ. ഇന്നും ആ പഴമയുടെ പ്രൗഢി കെട്ടുപോകാതെ റോമാ നഗരത്തിന്റെ മധ്യഭാഗത്ത് തല ഉയർത്തി നിൽക്കുന്ന സപ്തമഹാത്ഭുതമായ കൊളോസിയം പുരാതനമായ റോമൻ സംസ്കാരത്തിന്റെ ചക്രവർത്തിമാരുടെ ഓർമകളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകും.

മനുഷ്യർ തമ്മിലും മനുഷ്യരും മൃഗങ്ങളും തമ്മിലും ഗ്ലാഡിയേറ്റർ ഫൈറ്റുകൾ നിരന്തരം നടക്കാറുണ്ടായിരുന്ന പതിനായിരക്കണക്കിന് മനുഷ്യരുടെയും മൃഗങ്ങളുടെയും ശവപ്പറമ്പായിരുന്ന ഇവിടത്തെ ചുമരുകളിലെ ഓരോ കല്ലുകളും സഹസ്രാബ്ദങ്ങളുടെ ഒരായിരം കദനകഥകൾ പറയുന്നുണ്ട്.

സെൻ പീറ്റേഴ്സ് ബസിലിക്കയും വത്തിക്കാനും

മറ്റേതൊരു യൂറോപ്യൻ നഗരവും പോലെ ചെറുതും വലുതുമായ സുന്ദരമായ ഒരുപാട് ദേവാലയങ്ങളുണ്ടെങ്കിലും ലോകത്തിലെ ഏറ്റവും വലുതും ആഗോള റോമൻ കാത്തലിക് തലസ്ഥാനവും വിശുദ്ധ പോപ്പിന്റെ ആസ്ഥാനവുമായ സെൻ പീറ്റേഴ്സ് ബസിലിക്ക തന്നെയാണ് റോമിലെ മറ്റൊരു പ്രധാന ആകർഷണം.

റോമൻ നഗരത്തിന്റെ ഒത്ത നടുക്ക് മറ്റൊരു സ്വതന്ത്ര രാജ്യം. പട്ടാള ചെക്ക് പോയന്റുകളോ മറ്റ് പ്രതിബന്ധങ്ങളോ ഒന്നും ഇല്ലാതെ, റോമ നഗരത്തിന്റെ അകത്തുകൂടി ലോകത്തിലെ ഏറ്റവും ചെറിയ രാജ്യത്തിലേക്ക്, വത്തിക്കാൻ സിറ്റിയിലേക്ക് നമുക്ക് നടന്നുതന്നെ പോകാം. റോമൻ പൊലീസിൽ നിന്ന് വ്യത്യസ്തമായ യൂനിഫോമുകളും കൗതുകം ഉണ്ടാക്കുന്ന സവിശേഷമായ വേഷവുമാണ് വത്തിക്കാൻ സിറ്റിയിലെ അംഗരക്ഷകർക്ക്.

ഇറ്റാലിയൻ സമ്മറിന്റെ വെയിലിൽ ഉച്ചസമയത്താണ് അവിടെ എത്തിയത്. സഹധർമിണിയും കുട്ടികളും പക്ഷേ കൗതുകം ഉണർത്തുന്ന കാഴ്ചകളിൽ മുഴുകിയിരുന്നു. ഒളിഞ്ഞുകിടക്കുന്ന വത്തിക്കാൻ സിറ്റി മുഴുവൻ കറങ്ങിനടന്ന് കണ്ടപ്പോഴേക്ക് കിലോമീറ്ററുകളോളം നടന്നുതീർത്തത് അറിഞ്ഞതേയില്ല. അതായത് ഒരു രാജ്യം മുഴുവൻ മണിക്കൂറുകൾക്കുള്ളിൽ നടന്നുതീർത്തു എന്ന് സാരം.

പതിനെട്ടാം നൂറ്റാണ്ടിൽ നിർമിച്ച ട്രെവി ഫൗണ്ടൈൻ, എ.ഡി 68 ഹാഡ്രിയൻ ചക്രവർത്തി പോപ്പിന് സമ്മാനിച്ച പാന്തിയോൺ, സെയിന്റ് ആഞ്ചലോ കാസിൽ, സ്പാനിഷ് സ്റ്റെപ്സ് എന്നറിയപ്പെടുന്ന പിആസ ഡി സ്പാഗ്ന തുടങ്ങി ഒട്ടനവധി സ്മാരകങ്ങൾ, ചരിത്രനിധികൾ, കൗതുകം ഉണർത്തുന്ന കാഴ്ചകൾ റോമിൽ ടൂറിസ്റ്റുകളെ കാത്തുകിടക്കുന്നുണ്ട്.


യൂറോപ്യൻ ഗ്രാമഭംഗിയിലൂടെ വെനീസിലേക്ക്

മൂന്നുദിവസം റോമിൽ തങ്ങി ഞങ്ങൾ നേരെ പടിഞ്ഞാറിന്റെ വെനീസിലേക്ക് ഹൈ സ്പീഡ് ബുള്ളറ്റ് ട്രെയിനിൽ യാത്ര തിരിച്ചു. മണിക്കൂറിൽ 250-350 കിലോമീറ്റർ വേഗത്തിൽ, പച്ച പരവതാനി വിരിച്ചപോലെ നീണ്ടുകിടക്കുന്ന പുൽമേടുകളും പുഴകളും മലകളും അരുവികളും എല്ലാം ചേർന്ന് നയന മനോഹരമായ യൂറോപ്യൻ ഗ്രാമഭംഗി ആസ്വദിച്ചു, ഇറ്റാലിയൻ ഗ്രാമങ്ങളിലൂടെ വെനീസിന്റെ ഓരങ്ങളിലേക്ക്. കനാലുകളും കടലുകളുംകൊണ്ട് പ്രകൃതിരമണീയമായ ചെറുദ്വീപ്. മെഡിറ്ററേനിയൻ/അഡ്രിയോട്ടിക് കടലിന്റെ ഓരത്ത് ഒട്ടിപ്പിടിച്ചുകിടക്കുന്ന ഭൂമിയിലെ സ്വർഗം. സപ്തസുന്ദരമായ സായാഹ്നം എന്ന കാവ്യാത്മകമായ കാൽപനിക ഭാവനകളെ അക്ഷരാർഥത്തിൽ അന്വർഥമാക്കുന്ന അനുഭൂതിയാണ് വെനീസിലെ കനാൽ കരകളിലൂടെ മന്ദമാരുതന്റെ തലോടലിൽ മുഴുകി നടക്കുമ്പോൾ. എസ് ആകൃതിയിലുള്ള ഗ്രാൻഡ് കനാലും അതിന്റെ കൈവഴികളായി ദ്വീപിന്റെ ഓരോ കോണിലേക്കും ഊർന്നിറങ്ങുന്ന ചെറു കനാലുകളും വെനീസിന്റെ ഭംഗി വർധിപ്പിക്കുന്നു.


വെനീസ് സെൻട്രൽ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങിയാൽ, പിന്നീട് അങ്ങോട്ടുള്ള എല്ലാ യാത്രകളും വാർപ്പററ്റോ എന്നറിയപ്പെടുന്ന ചെറുതും വലുതുമായ വാട്ടർ ടാക്സികളിൽ/ബോട്ടുകളിലാണ്. ഈ ചെറുദ്വീപിന്റെ ഓരോ കോണുകളെയും ബന്ധിപ്പിക്കുന്ന വിപുലമായ ശൃംഖല തന്നെയുണ്ട് ഈ വാർപ്പററ്റോ സർവിസുകൾക്ക്. 25 യൂറോ കൊടുത്താൽ 24 മണിക്കൂർ വാർപ്പററ്റോയിൽ അൺലിമിറ്റഡ് ആയി യാത്ര ചെയ്യാം. ഈ ബോട്ടിന്റെ മുൻഭാഗത്തെ ഓപൺ ഡെക്കിൽ സീറ്റ് പിടിച്ചാൽ കാഴ്ചകൾ സുന്ദരമായി കാണാം.

ഗണ്ടോള

ഗണ്ടോള എന്നറിയപ്പെടുന്ന മനോഹരമായി അണിയിച്ചൊരുക്കിയ ചെറുതോണികളും യാത്രക്ക് തയാറെടുത്തുനിൽക്കുന്നു. ഇടുങ്ങിയ, ചെറുകനാലുകളിലൂടെ സഞ്ചരിക്കാൻ ഈ ചെറുതോണികൾക്ക് മാത്രമേ സാധിക്കൂ. ഇറ്റലിയിലെ ചൂട് പക്ഷേ, പ്രശാന്തസുന്ദരമായ ആകാശത്ത് കാണുന്നതേയില്ല. ഇടക്ക് ചാറ്റൽ മഴയും നല്ല സുഖമുള്ള തണുപ്പും മന്ദമാരുതനും ആവോളം ആസ്വദിച്ചാൽ ജനനിബിഡമായ വെനീസിലെ തെരുവുകളും ജനത്തിരക്കില്ലാത്ത ചെറു ദ്വീപുകളും നമ്മെ ആനന്ദഭരിതരാക്കും.

സെന്റ് മാർക്ക് ബസിലിക്ക, സെന്റ് മാർക്ക് സ്ക്വയർ, ഡോഗ് പാലസ്, ബ്രിഡ്ജ് ഓഫ് സായ്‌സ്, ഗ്രാൻഡ് കനാൽ, റിയലറ്റോ ബ്രിഡ്ജ്, ക്ലോക്ക് ടവർ, ക്യാമ്പാണിലെ സാന്ത മരിയ ഡെല്ലാ സല്യൂട്ട് തുടങ്ങി ഒട്ടനവധി നിത്യഹരിത കാഴ്ചകൾ വെനീസിൽ നമ്മെ കാത്തിരിക്കുന്നു.


നമ്മൾ കിഴക്കിന്റെ വെനീസുകാരാണെന്ന അഹങ്കാരത്തോടെ സായിപ്പന്മാരെ നോക്കി ചിരിച്ചു കാണിച്ചു. ഇടക്ക് പരിചയപ്പെടുന്ന സായിപ്പന്മാരോടെല്ലാം അങ്ങ് നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടിലെ കിഴക്കിന്റെ വെനീസിന്റെ നിറം പിടിപ്പിച്ച കഥകൾ മസാല ചേർത്ത് വിളമ്പുമ്പോൾ കുട്ടികൾ സിയ്യാനും എസയും സംശയദൃഷ്ടിയോടെ എന്നെ നോക്കുന്നുണ്ടായിരുന്നു.

‘പൊള്ളുന്ന’ ഗ്ലാസ്

വിശ്വപ്രശസ്തമായ ലോകോത്തര നിലവാരത്തിലുള്ള ഗ്ലാസ് ഫാക്ടറികൾ, ഗ്ലാസ് ഉൽപന്നങ്ങൾ നിർമിക്കുന്ന മുറാനോ ഐലൻഡിലേക്ക് വെനീസിൽനിന്ന് ഏതാണ്ട് 15 മിനിറ്റ് ബോട്ട് യാത്രയേ ഉള്ളൂ. തിരിച്ചുപോകുമ്പോൾ കുറച്ച് ഗ്ലാസ് ഉൽപന്നങ്ങൾ വാങ്ങാം എന്നുകരുതി ഗ്ലാസ് ഗാലറിയിൽ ചെന്ന് വീട്ടിലെ ഡൈനിങ് റൂമിൽ തൂക്കിയിടാൻ പറ്റുന്ന തരത്തിലുള്ള ഒരു ഗ്ലാസ് ഡെക്കറേറ്റ് ഐറ്റത്തിന്റെ വില ചോദിച്ചപ്പോൾ ഞെട്ടിപ്പോയി. 36,000 യൂറോ (ഏതാണ്ട് 32 ലക്ഷം രൂപ). തൽക്കാലം അവരുടെ ബിസിനസ് കാർഡ് വാങ്ങി പിന്നീട് വരാം എന്നുപറഞ്ഞ് കൈകൊടുത്തു പിരിഞ്ഞു.


പിസയിലെ ചരിഞ്ഞ ഗോപുരം

പിന്നീട് അവിടുന്ന് പിസയിലെ ചരിഞ്ഞ ഗോപുരം കാണണമെന്ന ആഗ്രഹത്തോടെ ഫ്ളോറൻസ് പട്ടണത്തിലേക്കു ട്രെയിൻ കയറി. രാത്രി ഫ്ലോറൻസിൽ താമസിച്ചതിനു ശേഷം പിറ്റേന്ന് രാവിലെ ഏതാണ്ട് 90 കിലോമീറ്റർ അകലെയുള്ള പിസ എന്ന ചെറുപട്ടണത്തിലേക്ക്. കുഞ്ഞുനാൾ മുതലേ ഒരുപാട് കേട്ട് പരിചയിച്ച മഹാത്ഭുതം നേരിൽ കാണാൻ ആവുന്നതിന്റെ ആകാംക്ഷയിലായിരുന്നു. വിശ്വപ്രശസ്തമായ പിസ ഗോപുരത്തിന്റെ ചരിവ്, ഇന്നും തകർന്നുവീഴാത്ത അത്ഭുതമായി, ഒരു ചോദ്യചിഹ്നമായി എന്റെ മനസ്സിൽ അവശേഷിക്കുന്നു. തിരിച്ച് ദമ്മാമിലേക്കു വിമാനം കയറുമ്പോൾ നല്ലവരായ ഇറ്റാലിയൻ ജനതയുടെ ആതിഥേയത്വത്തിന് നന്ദി പറയാൻ മറന്നുവോ എന്നൊരു തോന്നൽ ബാക്കിയായിരുന്നു.

Tags:    
News Summary - Italian streets where miracles sleep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.