പുരാതന രാജ്യങ്ങളുടെ സങ്കേതത്തിലേക്ക് ഒരു യാത്ര, അതായിരുന്നു ലക്ഷ്യം. യാത്രക്കിടെ മസ്കത്തിൽ ഒരു ഇടവേളയുണ്ടായിരുന്നു. ഒമാൻ എന്ന ദേശത്തെ കൂടുതൽ ആഴത്തിൽ അനുഭവിക്കണമെന്ന ആഗ്രഹം അന്നേരം മനസ്സിലുടക്കി. മസ്കത്തിലെ ഇടവേള അവിടെയുള്ള സൗഹൃദങ്ങളെയും ബന്ധങ്ങളെയും ഓർത്തു വിളിക്കാനുള്ള മികച്ച അവസരമായി. അന്നു രാത്രിതന്നെ ജർമനിയുടെ മണ്ണിൽ, ഫ്രാങ്ക്ഫർട്ടിൽ വിമാനമിറങ്ങി.
പുതിയൊരു നഗരത്തിലേക്ക് വരുന്നതിന്റെ ആവേശവും അടുത്ത നിമിഷങ്ങളെക്കുറിച്ചുള്ള ആകാംക്ഷയും തമ്മിൽ കലർന്നപ്പോൾ യാത്രയുടെ ക്ഷീണം എവിടെയോ പോയി. വിമാനത്താവളത്തിൽനിന്നും പുറത്തിറങ്ങി നഗരവിളക്കുകൾക്കടിയിൽ മിന്നിമറയുന്ന പട്ടണക്കാഴ്ചകൾ കാണാനായപ്പോൾ, ഫ്രാങ്ക്ഫർട്ട് എന്ന നഗരം ഒരു പരിചിതനെപ്പോലെ എന്നെ സ്വാഗതംചെയ്യുന്നതായി തോന്നി. അവിടെനിന്ന് സെൻട്രൽ സ്റ്റേഷനിലേക്കുള്ള ട്രെയിനിൽ കയറി, മുൻകൂട്ടി ബുക്ക് ചെയ്തിരുന്ന ഒരു ജാപ്പനീസ് ഹോട്ടലിൽ മുറിയെടുത്തു.
ഫ്രാങ്ക്ഫർട്ടിൽ ഒരു ദിവസമേയുള്ളൂ, അതുകൊണ്ടു പിറ്റേന്ന് രാവിലെ സമയം പാഴാക്കാതെ നഗരത്തിന്റെ താളത്തിലേക്ക് ഒന്ന് മുങ്ങാംകുഴിയിട്ടു. പട്ടണം ചുറ്റിക്കാണുന്നതിന് മികച്ച മാർഗമായ ഹോപ്-ഓൺ ഹോപ്-ഓഫ് ബസിൽ കയറി ആദ്യം. ഫ്രാങ്ക്ഫർട്ടിന്റെ ആധുനിക ആകാശരേഖയെ നിർവചിക്കുന്ന അംബരചുംബികളെ നോക്കി നഗരവീഥികളിലൂടെ ബസ് നീങ്ങി. സ്ഫടിക-ഉരുക്ക് ഭീമന്മാരും കഴിഞ്ഞ നൂറ്റാണ്ടുകളുടെ കഥകൾ പറയുന്ന ചരിത്രപരമായ കെട്ടിടങ്ങളും തമ്മിൽ സൃഷ്ടിച്ചിരുന്ന വൈരുധ്യം അതിശയിപ്പിക്കുന്നതായിരുന്നു.
നഗരവഴികളിലൂടെ സഞ്ചരിച്ച് ബസ് യാത്ര അവസാനിച്ചപ്പോൾ, ശൈത്യത്തെ കീറിമുറിച്ച് വഴിനടപ്പ് തുടങ്ങി ഞാൻ. ആൾട്ടാറ്റ് (Altstadt) എന്ന പഴയ പട്ടണത്തിലെ ഇടുങ്ങിയ വളഞ്ഞുപുളഞ്ഞു പോകുന്ന തെരുവുകളിലൂടെ സഞ്ചരിച്ചപ്പോൾ, ചരിത്രം ഓരോ കെട്ടിടത്തിലും പതിഞ്ഞിരിക്കുന്നതായി തോന്നി. യൂറോപ്യൻ രുചിയുടെ മണം വമിക്കുന്ന കഫേകളും ആകർഷകമായ ചെറിയ കടകളും ഈ പ്രദേശത്തെ വേറിട്ടതാക്കി. പഴയ നഗരത്തിൽ നിന്നും മെയിൻ (the river main) നദി തീരം വരെ നടത്തം എത്തി. അവിടെ നഗരം പൂർണമായും പുതിയൊരു ഭാവം സ്വീകരിച്ചിരുന്നു. ജലത്തിൽ പ്രതിഫലിക്കുന്ന ആകാശരേഖയുടെയും അംബരചുംബികളുടെയും മനോഹരമായ കാഴ്ചകൾ അത്രമേൽ ആകർഷകമായിരുന്നു.
ഫ്രാങ്ക്ഫർട്ടിലെ വാസ്തുവിദ്യാ രത്നങ്ങൾ, മൂടൽമഞ്ഞുള്ള ദിവസത്തിലും അതിന്റെ സൗന്ദര്യം നിലനിർത്തി. ഇംപീരിയൽ കത്തീഡ്രൽ ഓഫ് സെന്റ് ബെർത്തലോമിയ, മെസ്സേ ടെർം, യൂറോ ടവർ, വെസ്താഫൻ ടവർ, മാർചെൻ ബ്രണ്ണെൻ എന്നിവ നഗരത്തിന്റെ അഭിമാനപ്രതീകങ്ങളായി നിലകൊള്ളുന്നു. നഗര ഭൂപ്രകൃതിക്ക് ആഴവും ഘടനയും നൽകുന്ന പൈതൃകത്തിന്റെയും ആധുനികതയുടെയും അതുല്യമായ സമന്വയമാണ് ഫ്രാങ്ക്ഫർട്ട്, പാരമ്പര്യത്തെ വിലമതിക്കുന്നതിനൊപ്പം പുരോഗതിയെ സ്വീകരിക്കുന്ന പട്ടണം. ഒരു ആധുനിക മഹാനഗരത്തിനിടയിലും, ഭൂതകാലത്തിന്റെ അടയാളങ്ങൾ വളരെ ശക്തമായി പ്രതിധ്വനിക്കുന്നു.ഡ്യൂസൽഡോർഫ്
ഫ്രാങ്ക്ഫർട്ടിലെ സന്ദർശനം അവസാനിക്കുമ്പോൾ, അടുത്ത ലക്ഷ്യസ്ഥാനമായ ഡ്യൂസൽഡോർഫിലേക്ക് യാത്ര തുടർന്നു. ട്രെയിൻയാത്ര വളരെ സുഖകരവും മനോഹരമായ ദൃശ്യങ്ങൾ മാറിമറിയുന്ന ഒരു ചലച്ചിത്രംപോലെയുമായിരുന്നു. ജർമൻ ഗ്രാമപ്രദേശങ്ങളിലൂടെ നീങ്ങുമ്പോൾ വൈകുന്നേരത്തെ ആകാശം മനോഹരമായ പശ്ചാത്തലമായി. ഏതാനും മണിക്കൂറുകൾക്കുശേഷം ഡ്യൂസൽഡോർഫിൽ എത്തി, അവിടെനിന്ന് ബസിൽ കയറി റേറ്റിങ്ടൺ എന്ന സ്ഥലത്തേക്ക് പോയി. അടുത്ത നാല് ദിവസത്തേക്ക് താമസിക്കാനായി ബുക്ക് ചെയ്തിരുന്ന ഹോംസ്റ്റേ, ഒരു മനോഹരമായ യൂറോപ്യൻ വീട്.
നഗരഭാഗത്തുനിന്ന് അകലെയുള്ള ഈ ഇടം സമാധാനപരമായ അന്തരീക്ഷം സമ്മാനിച്ചു. പിറ്റേന്ന് രാവിലെ, ലോകത്തിലെ പ്രമുഖ ആരോഗ്യ പരിപാലന വ്യാപാര മേളകളിലൊന്നായ ‘മെഡിക്ക’ കോൺഫറൻസിൽ പങ്കെടുക്കുവാൻ മെസ്സെ ഡ്യൂസൽഡോർഫിലേക്ക് തിരിച്ചു. ലോകമെമ്പാടുമുള്ള നൂറുകണക്കിന് പ്രദർശകരും പ്രഫഷനലുകളും പങ്കെടുത്ത സമ്മേളനം, മെഡിക്കൽ സാങ്കേതികവിദ്യകളുടെ അത്യാധുനിക പുരോഗതികൾ അവതരിപ്പിക്കുന്ന മികച്ച വേദിയായിരുന്നു. പുതിയ വൈജ്ഞാനിക സാധ്യതകൾ പഠിക്കാനും വ്യവസായ വിദഗ്ധരുമായി ബന്ധപ്പെടാനും അനന്തമായ അവസരങ്ങൾ ഇവിടം വാഗ്ദാനം ചെയ്തു. ഓരോ ദിവസത്തെയും ഔദ്യോഗിക പരിപാടികൾക്ക് ശേഷം, ഡ്യൂസൽഡോർഫിന്റെ തെരുവുകളിൽ ചുറ്റിനടന്ന് പ്രാദേശിക വിഭവങ്ങൾ ആസ്വദിച്ചു. നഗരത്തിന്റെ ഉജ്ജ്വലമായ അന്തരീക്ഷം, സംഗീതവും ഉത്സവങ്ങളുമൊക്കെ ഡ്യൂസൽഡോർഫിന്റെ അതുല്യമായ നഗരജീവിതം സവിശേഷമാക്കി.
ജർമനിയിലേക്കുള്ള യാത്ര പ്ലാൻചെയ്തപ്പോൾതന്നെ ആമാശയത്തിന്റെ ആർത്തി ഒന്ന് മാത്രമായിരുന്നു, രുചിയേറിയ നാടൻ സ്റ്റീക്. അങ്ങനെയാണ് എൽ ലാസോ സ്റ്റീക്ഹൗസ് കണ്ടുപിടിച്ചത്. സ്റ്റീക് തികച്ചും വായിൽ വെള്ളമൂറുന്നതായിരുന്നു- മൃദുവും രുചികരവുമായിരുന്നു. പക്ഷേ, അത്ഭുതം അവിടെ നിന്നില്ല. ഭക്ഷണം കഴിച്ചു കഴിഞ്ഞ് കുടിക്കാൻ കുറച്ച് വെള്ളം ആവശ്യപ്പെട്ടപ്പോൾ, സ്വാഭാവികം.
പരിചാരിക ഒരു ചെറു പുഞ്ചിരിയോടെ ഒരു ചെറിയ സോഡാ കുപ്പിയിൽ വെള്ളം നൽകി. പക്ഷേ, അതിശയകരമായ വിവരം അവൾ കൊണ്ടുവന്ന ബില്ലിലായിരുന്നു -ഒരു ഗ്ലാസ് വെള്ളത്തിന് അത്രയും വില എന്നത് ഡിന്നർ ബജറ്റിനെ പോലും മറികടന്നൊരു അനുഭവമായി! ദേശത്തിന്റെയും ഭാഷയുടെയും അതിർവരമ്പുകൾ ഭേദിച്ച് ഒറ്റക്ക് നടന്നുനീങ്ങിയപ്പോൾ പിന്നെയും കുറെ അറിവുകളും അമളികളും അനുഭവങ്ങളായി മാറിയിട്ടുണ്ട്.
ഡ്യൂസൽഡോർഫ് നഗരത്തിലെ എന്റെ ലക്ഷ്യം പ്രഫഷനലായിരുന്നെങ്കിലും റേറ്റിങ്ടണിന്റെ മനോഹാരിതയും ഡ്യൂസൽഡോർഫ് വാഗ്ദാനം ചെയ്യുന്ന പുതിയ ഊർജവും പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ എനിക്ക് ആസ്വദിക്കാതിരിക്കാൻ കഴിഞ്ഞില്ല. ആഘോഷങ്ങൾ നിറഞ്ഞാടിയ തെരുവുകളായാലും റൈൻ നദിക്കരയിലെ ശാന്തതയായാലും ഡ്യൂസൽഡോർഫ് അതിശയിപ്പിച്ചുകൊണ്ടിരുന്നു. നാലാം ദിവസം വൈകുന്നേരം, റേറ്റിങ്ടണിനും ഡ്യൂസൽഡോർഫിനും വിടപറഞ്ഞ് ആംസ്റ്റർഡാമിലേക്കുള്ള ഇരുനില ഫ്ലക്സ് ബസിൽ കയറി, യൂറോപ്പിലെ അടുത്ത രാജ്യമായ നെതർലൻഡ്സിലേക്ക്, നമ്മുടെ ലന്തക്കാരുടെ നാട്ടിലേക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.