ഒരുങ്ങൂ... ഹത്തയിൽ ചെന്ന് രാപ്പാർക്കാം

നഗരത്തിന്‍റെ തിരക്കിട്ട ജീവിതത്തിനപ്പുറം പ്രശാന്തതയുടെ മനോഹാരിതയാണ് ഹത്ത എന്ന ദുബൈ എമിറേറ്റിന്‍റെ ഭാഗമായ പ്രദേശം സമ്മാനിക്കുന്നത്. ശൈത്യകാലത്ത് യു.എ.ഇയിലെത്തുന്ന സഞ്ചാരികളെ സ്വീകരിക്കാൻ ഹത്ത ഒരുങ്ങിയിരിക്കയാണ്. തണുപ്പുകാലത്തേക്ക് സവിശേഷമായ ടൂറിസം അനുഭവങ്ങൾ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ. ഹത്തയിലെ കാമ്പിങ് സീസണിലേക്ക് സെപ്റ്റംബർ 15മുതൽ ബുക്കിങ് ചെയ്യാമെന്ന് ഹത്ത അധികൃതർ അറിയിച്ചിട്ടുണ്ട്. ശാന്തമായ അന്തരീക്ഷം എന്നതിലുപരി വലിയ മലകളും പ്രകൃതിദത്തമായ തടാകവും ഇവിടം ആകർഷണീയമാകാനുള്ള കാരണമാണ്.

തണുത്ത രാത്രികളിൽ മലയടിവാരങ്ങളിൽ തയ്യാറാക്കുന്ന അത്യാധുനിക ടെൻറുകളിൽ രാപ്പാർക്കാൻ ഓരോ സീസണിലും ധാരാളമാളുകൾ എത്താറുണ്ട്. നക്ഷത്രങ്ങൾ നിറഞ്ഞ ആകാശത്തിന് കീഴിൽ സൊറ പറഞ്ഞിരിക്കാനുള്ള അപൂർവ സുന്ദരമായ സന്ദർഭമായാണ് ഇതിനെ ആസ്വാദകർ കാണുന്നത്. ആധുനിക ടെൻറുകൾ പുറം കാഴ്ചയിൽ തന്നെ ആരെയും ആകർഷിക്കുന്നതാണ്. വാഹങ്ങളുടെ രൂപത്തിലും പരമ്പരാഗത ടെൻറുകളുടെ രൂപത്തിലും റിസോർട്ട് രൂപത്തിലും സംവിധാനങ്ങൾ കാമ്പിങിനായി തയ്യറാക്കിയിട്ടുണ്ട്. സാധാരണ ഒക്ടോബറിൽ തുടങ്ങി ഏഴു മാസം നീണ്ടുനിൽക്കുന്നതാണ് ഇവിടെ കാമ്പിങ് സീസൺ.

വേനൽചൂട് കനത്തു തുടങ്ങുന്നത് വരെ അവസരമുണ്ടെങ്കിലും ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിലാണ് കൂടുതലർ പേരും ഇവിടെയെത്തുന്നത്. ടെൻറുകൾക്ക് പുറമെ ഹോട്ടലുകളും ഭക്ഷണശാലകളും കാരവനുകളുമെല്ലാം ഇവിടെ ഒരുക്കാറുണ്ട്. ഡോം പാർക്കുകൾ എന്നു വിളിക്കുന്ന താഴികക്കുടങ്ങളുടെ ആകൃതിയിലുള്ള ടെൻറുകൾ ഇവയിൽ ഏറ്റവും ആകർഷകങ്ങളാണ്. കഴിഞ്ഞ സീസണിൽ ഇത്തരം 15എണ്ണമാണ് ഒരുക്കിയിരുന്നത്. മലമുകളിലെ സുരക്ഷിത സ്ഥാനങ്ങളിലാണ് ഇവ സ്ഥാപിക്കാറുള്ളത്. ഉയരത്തിലായതിനാൽ ഇവയിൽ തണുപ്പും കൂടും. ഹോട്ടലുകാരും അധികൃതരും ഒരുക്കുന്ന ഇത്തരം ടെനറുകൾക്ക് പുറമെ സവന്തമായ ടെനറുകളുമായി വരാനും കഴിയും. എന്നാൽ ഇതിനായി നീക്കിവെച്ച പ്രത്യേക സ്ഥലങ്ങളിലായിരിക്കണം ടെൻറ് കെട്ടേണ്ടത്.

ഹത്ത കാമ്പിങ് സീസണിലെ ഏറ്റവും മികച്ച അനുഭവമാണ് കാരവനിലെ താമസം. നിരവധി ആഡംബര കാരവനുകളാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. ഗൾഫ് മേഖലയിലെ തന്നെ ആദ്യ ലക്ഷ്വറി കാരവൻ പാർക്കാണിത്. രാത്രിയും പകയും കാരവനിൽ ചെലവഴിക്കാം. ഇതിനായി പ്രത്യേക പാക്കേജുകളുണ്ട്. http://visithatta.com/stay എന്ന വെബ്സൈറ്റ് വഴി സെപ്റ്റംബർ 15മുതൽ ഇതും ബുക്ക് ചെയ്യാം. ഇവക്ക് പുറമെയാണ് റിസോർട്ടുകളും ഹോട്ടലുകളും അഹഹതിൽ ഒരുക്കുന്ന താമസ സൗകര്യങ്ങൾ. ഒരു രാത്രിക്ക് മാത്രമായും രാത്രിയും പകലും അടങ്ങുന്നതും കുടുംബ സമേതമുള്ളതും വിവിധ സ്ഥലങ്ങൾ സന്ദർശിക്കാൻ കഴിയുന്നതുമായ പാക്കേജുകളുണ്ട്.

Tags:    
News Summary - Dubai Hatta: the best winter tourist destination in UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 04:46 GMT