പ്രകൃതി ഭംഗി ആസ്വദിക്കാന്‍ വരൂ മദ്ഹയിലെക്ക്

ഫുജൈറയുടെ അടുത്ത പ്രദേശമായ മദ്ഹ അതിമനോഹരമായ ഗ്രാമ പ്രദേശമാണ്. ഒമാന്‍- മുസന്ദം ഗവർണറേറ്റിന്‍റെ ഭാഗമായ മദ്ഹ നിരവധി ഡാമുകളുടെ സംഗമ കേന്ദ്രം കൂടിയാണ്‌. ഏകദേശം നാലോളം ഡാമുകള്‍ ഈ ചെറിയ പ്രദേശത്തുണ്ട്. അതിനാൽ ഇവിടങ്ങളില്‍ നിരവധി തോട്ടങ്ങളും മറ്റു കൃഷിയിടങ്ങളും ധാരാളമായുണ്ട്.

അലഞ്ഞുനടക്കുന്ന ആടുകളും പരമ്പരാഗത രീതിയിലുള്ള വീടുകളും രണ്ട് വശങ്ങളിലും തിങ്ങിനിറഞ്ഞ വൃക്ഷങ്ങളും വീതികുറഞ്ഞതും വളഞ്ഞുപുളഞ്ഞതുമായ തെരുവുകളുമുള്ള മദ്ഹയിലേക്കുള്ള യാത്ര തന്നെ ഒരനുഭൂതിയാണ്. കേരളത്തിലെ ഗ്രാമങ്ങളിലൂടെ യാത്ര ചെയ്യുന്ന അനുഭവമാണ് ലഭിക്കുക. ഒമാനി വാസ്തുവിദ്യാ രൂപകല്പനകൾ പള്ളികളിലും സർക്കാർ കെട്ടിടങ്ങളിലും എല്ലാം കാണാം. വെള്ളം ഒഴുകികൊണ്ടിരിക്കുന്ന താഴ്വരകള്‍ ചുറ്റുപാടുകളിലും തണല്‍ വിരിച്ചു പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ആല്‍മരങ്ങള്‍ ചെങ്കുത്തായി നിൽക്കുന്ന പര്‍വതങ്ങള്‍. പ്രകൃതി ഭംഗിക്ക് വേണ്ട എല്ലാ ചേരുവകളും നിറഞ്ഞ ഗ്രാമം.

മദ്ഹയിൽ ക്യാമ്പ് ചെയ്യാൻ നിരവധി സ്ഥലങ്ങളുണ്ട്. സദാഹ് ഡാമിനടുത്ത് ക്യാമ്പ്‌ ചെയ്യാന്‍ തയാറാക്കിയ സ്ഥലം അതിമനോഹരമാണ്. നിരവധി ചെറിയ കുടിലുകളും ബാര്‍ബിക്യൂവിനും മറ്റു ഭക്ഷണം പാകം ചെയ്യാനുള്ള സൗകര്യങ്ങളും ഇവിടുത്തെ അധികാരികള്‍ ഒരുക്കിയിട്ടുണ്ട്. സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും ഇടക്കിടെ നിരീക്ഷണത്തിന് എത്താറുണ്ട്. ശൈത്യ കാലതെത്തിയതോടെ നിരവധി സന്ദര്‍ശകരാണ് ഇവിടെ എത്തുന്നത്.

എങ്ങിനെ എത്താം

പൂർണ്ണമായും യു.എ.ഇയാൽ ചുറ്റപ്പെട്ട മദ്ഹയിലേക്ക് വാദി ഷീസ് വഴിയോ ഫുജൈറയിലെ മുറബ്ബ വഴിയോ എളുപ്പത്തില്‍ എത്തിപ്പെടാം. ഫുജൈറയില്‍ നിന്നും ഇവിടുത്തെ സാരൂജ് ഡാമിന്‍റെ അടുത്തേക്ക് ഏകദേശം 25 കിലോമീറ്ററാണ് ദൂരം. ഖോര്‍ഫകാന്‍ ഷീസ് വഴി 10 കിലോമീറ്റര്‍ ദൂരമേ വരൂ. ഒമാന്‍റെ പ്രവിശ്യയാണെങ്കിലും ഇങ്ങോട്ട് പ്രവേശിക്കുന്നതിന് അതിർത്തി നിയന്ത്രണമൊന്നുമില്ല. ഒമാന്‍ പ്രദേശം ആയതിനാൽ വാഹനത്തിന് ഇന്‍ഷുറന്‍സ് കവറേജ് ഉണ്ടായിരിക്കുന്നത് നന്നായിരിക്കും.

ലൊക്കേഷൻ അറിയാൻ ക്യൂ ആർ കോഡ്​ സ്കാൻ ചെയ്യുക



 


Tags:    
News Summary - Come to Madha to enjoy the natural beauty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.