വരയാടുകളുടെ പറുദീസയില്‍

നാട്ടിലെ ആടിന് കാട്ടിലുള്ള വംശ ബന്ധുവാണ് ‘വരയാട്’. ആട് വര്‍ഗത്തിലെ ഏക വന്യജീവി. ലോകത്ത് എല്ലായിടത്തും പലയിനം ആട് വര്‍ഗങ്ങളുണ്ടെങ്കിലും വരയാട് ഒരേയൊരിടത്തേയുള്ളൂ. തെക്കേ ഇന്ത്യയുടെ ഏറ്റവും തെക്കുഭാഗത്ത്. അതായത് പശ്ചിമഘട്ടത്തില്‍ കേരളവും തമിഴ്നാടും പങ്കിടുന്ന വനമേഖലയില്‍. ഇന്‍റര്‍നാഷനല്‍ യൂനിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേചറിന്‍െറ (IUCN) റെഡ് ലിസ്റ്റിലുള്ള വംശനാശ ഭീഷണി നേരിടുന്ന ജീവിവര്‍ഗങ്ങളിലൊന്നാണിത്.


ഒരേസമയം പശ്ചിമഘട്ടത്തിന്‍െറ ജൈവവൈവിധ്യ സമൃദ്ധിയുടെയും സംരക്ഷണ വെല്ലുവിളികളുടെയും പ്രതീകമാണ് ഈ നിഷ്കളങ്ക മൃഗം. വംശനാശഭീഷണിയില്‍ അങ്ങേയറ്റമായ ഭീമന്‍പാണ്ട ലോക വന്യജീവി സംഘടനയുടെ ചിഹ്നമാണെങ്കില്‍, സമൃദ്ധിയില്‍ ജീവിക്കുമ്പോഴും നാശോന്മുഖതയെ നേരിടുന്ന വര്‍ഗങ്ങളുടെ പ്രതീകമായി വരയാടിനും അതുപോലൊരു ലോകമുദ്രയാകാനുള്ള അര്‍ഹതയുണ്ട്. ശാസ്ത്രീയമായി ‘നീലഗിരി താര്‍’ എന്നറിയപ്പെടുന്ന വരയാട് മലമുകളിലെ പുല്‍മേടുകളുടെ ആഹ്ളാദമാണ്. അവ മേഞ്ഞുനടക്കുന്ന പുല്‍മേടുകള്‍ മരുഭൂമിയെ തടയാനുള്ള കേരളത്തിന്‍െറ രക്ഷാകവചമാണ്. മണ്ണിനും അതിന്‍െറ നനവിനും സംരക്ഷണം നല്‍കി പ്രകൃതിയുടെ ശാദ്വലത നിലനിര്‍ത്തുന്നതില്‍ പുല്‍മേടിനും വരയാട് പോലുള്ളവക്കും ഒരേ ജൈവിക പങ്കാണുള്ളത്. കേരളം മരുഭൂമിയായെന്ന് മലയാളി ഉരുകിയൊലിച്ച് തിരിച്ചറിഞ്ഞ വേനലൊന്ന് കടന്നുപോയതേയുള്ളൂ. മഴ, പുഴ, മലനിരകള്‍, പുല്‍മേടുകള്‍, വനം, അവയിലെ ജീവികള്‍, ഇവ തമ്മിലെ പാരസ്പര്യം എന്നിവ മനുഷ്യന്‍െറ നിലനില്‍പിന്‍െറ ആധാരമാണെന്ന തിരിച്ചറിവാണ് പതിവില്ലാത്തവിധം വേനല്‍ ചുട്ടുപഴുത്തപ്പോള്‍ മലയാളിക്കുണ്ടായത്. അതിന്‍െറ മാറ്റം പാരിസ്ഥിതിക അവബോധത്തില്‍ പ്രകടമാണ്.

തമിഴ്നാടിന്‍െറ സംസ്ഥാന മൃഗം

തമിഴ്നാടിന്‍െറ സംസ്ഥാന മൃഗമാണ് വരയാട്. എന്നാല്‍, എണ്ണത്തില്‍ കൂടുതലുള്ളത് കേരളത്തിന്‍െറ അതിരുകള്‍ക്കുള്ളിലാണ്. ചെങ്കുത്തായതും മിനുസമാര്‍ന്നതും ഉരുണ്ടതുമായ ഏതുതരം പാറകളിലൂടെയും മിന്നായംപോലെ പായാനും ശത്രുവിനെ കബളിപ്പിച്ച് കടന്നുകളയാനും വിരുതുള്ള ഈ കാട്ടാടിന് ‘വരയാട്’ എന്ന പേര് തമിഴിന്‍െറ സംഭാവനയാണ്. പാറ എന്നാണ് ‘വരൈ’ എന്ന തമിഴ് പദത്തിന്‍െറ അര്‍ഥം. പര്‍വതനിരകളിലെ പുല്‍മേടുകള്‍ മേച്ചില്‍പുറവും പാറക്കെട്ടുകളുടെ ഇടുക്കുകളും ഗുഹകളും വാസസ്ഥലവുമാക്കുന്ന ‘വരൈയാടുകള്‍’ അങ്ങനെ മലയാളികള്‍ക്ക് വരയാടുകളായി.

പശ്ചിമഘട്ടത്തിന്‍െറ ജൈവവൈവിധ്യ സമൃദ്ധിയുടെ അടയാളമായി വരയാട് വിശേഷിപ്പിക്കപ്പെടുന്നതിന് വ്യക്തമായ കാരണമുണ്ട്. ലോകത്ത് അങ്ങനെയൊരു ജീവിവര്‍ഗം പശ്ചിമഘട്ടത്തിലെ പര്‍വതനിരകളില്‍ മാത്രമാണുള്ളത്. ഏതാനും മാസം മുമ്പ് ലോക വന്യജീവി സംഘടന ഡബ്ള്യു.ഡബ്ള്യു.എഫിന്‍െറ ഇന്ത്യന്‍ ഘടകം തമിഴ്നാട്, കേരള സംസ്ഥാന വനംവകുപ്പുകളുടെ സഹകരണത്തോടെ നടത്തിയ കണക്കെടുപ്പിനും പഠനത്തിനുമൊടുവില്‍ അന്നത്തെ തമിഴ്നാട് വനം മന്ത്രി എം.എസ്.എം. ആനന്ദനാണ് പശ്ചിമഘട്ട മലനിരകളുടെ ജൈവ വൈവിധ്യത്തിന്‍െറയും ഒപ്പം വംശനാശോന്മുഖതയുടെയും പ്രതീകമായി വരയാടിനെ വിശേഷിപ്പിച്ചത്.

വരയാടുകളെ തേടി യാത്രപോകാം

വരയാടുകളെന്നു കേട്ടാല്‍ ആരുടെയും മനസ്സില്‍ ആദ്യം തെളിയുക മൂന്നാറിലെ ഇരവികുളം ദേശീയോദ്യാനമാണ്. അവിടെ പോയിട്ടുള്ളവര്‍ വരയാടുകളോടൊപ്പം ഒരു സെല്‍ഫിയെങ്കിലുമെടുക്കാതെ മടങ്ങാറില്ല. മനുഷ്യരുടെ മണമടിക്കുമ്പോള്‍ ഓടിമറയുന്ന വരയാടുകളെ അതുകൊണ്ടുതന്നെ വിനോദസഞ്ചാരികള്‍ക്ക് അപരിചിതവുമായിരിക്കും. മനുഷ്യനോട് ഇണങ്ങിയ വരയാടുകള്‍ ഇരവികുളത്തിന്‍െറ മാത്രം പ്രത്യേകതയാണ്. വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ ജനങ്ങളുടെ നിത്യസാന്നിധ്യമുണ്ടായതാണ് വന്യത ചോര്‍ത്തിയത്. എന്നാല്‍, വന്യപ്രകൃതിയില്‍തന്നെ വരയാടുകളെ കാണാന്‍ ‘വരയാടുമൊട്ട’ പോലുള്ള മറ്റ് ആവാസകേന്ദ്രങ്ങളിലേക്ക് മലകയറണം.

പശ്ചിമഘട്ടത്തിന്‍െറ തെക്കേ ഖണ്ഡത്തില്‍ തിരുവനന്തപുരം ജില്ലയുടെ തെക്കുകിഴക്ക് അഗസ്ത്യവനം ജൈവമണ്ഡലത്തിലെ പേപ്പാറ വന്യജീവി സങ്കേതത്തില്‍ പൊന്മുടി കുന്നുകളോടു ചേര്‍ന്നാണ് വരയാടുകളുടെ ഈ പറുദീസ. ഇരവികുളത്തെ രാജമല, പന്തുമല, ചിന്നപ്പന്തുമല എന്നിവ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആടുകളുള്ള പ്രദേശമാണ് ‘വരയാടുമൊട്ട’. എന്നാല്‍, വന്യതയിലും ആടുകളുടെ ആരോഗ്യ സമൃദ്ധിയിലും ഒന്നാം സ്ഥാനത്താണ് ഈ കേന്ദ്രം. മലയോര പട്ടണമായ പെരിങ്ങമ്മലയിലെ പ്രാന്തത്തിലുള്ള ഞാറനീലി ഗ്രാമത്തിലൂടെയും മങ്കയം ഇക്കോ ടൂറിസം വഴിയും വിതുരയില്‍നിന്ന് പൊന്മുടി റൂട്ടില്‍ മുടിപ്പിന്‍ വളവുകള്‍ കയറി മൊട്ടമൂട് ആദിവാസി കോളനിയുടെ ഓരം ചേര്‍ന്നും വരയാടുമൊട്ടയില്‍ എത്താം. ഏതുവഴി പോയാലും അത് ഹൃദ്യവും സാഹസികവുമായ യാത്രാനുഭവമായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

ആകാശത്തെ തൊട്ട് മേഘങ്ങളോടുരുമ്മിനില്‍ക്കുന്ന ശിലാഗ്രത്തോടുകൂടിയ ഒരു ശക്തിദുര്‍ഗമാണ് വരയാടുമൊട്ട. പച്ചപുതച്ച അതിന്‍െറ മേനികളില്‍ മേഞ്ഞുകളിക്കുന്ന വരയാടുകള്‍ പ്രകൃതിയുടെ ജീവനനക്കങ്ങളാണ്. സഹ്യന്‍െറ മടക്കുകളിലെ ഏറ്റവും മികച്ച ട്രക്കിങ് അനുഭവങ്ങളിലൊന്ന് അതീവ സാഹസികമായി പകര്‍ന്നുതരും വരയാടുമൊട്ടയിലേക്കുള്ള യാത്ര. 600ലേറെ ഒൗഷധികളാല്‍ സമ്പന്നമായ പശ്ചിമഘട്ടത്തിന് അരപ്പട്ട കെട്ടിയ ചോലക്കാടുകളുടെ നിബിഡത നൂഴ്ന്നാണ് കാല്‍നട തുടങ്ങേണ്ടത്. നിധിമോഹികള്‍ വൈഡൂര്യ ഖനനത്തിനുവേണ്ടി മലയുടെ അകിടുകളില്‍ തുരന്ന ഗര്‍ത്തങ്ങളിലേക്ക് കാലുതെന്നാതെ കരുതലോടെ പച്ചപ്പിന്‍െറ ഇരുളന്‍ തണല്‍ പറ്റി കയറ്റങ്ങള്‍ താണ്ടിയാല്‍ വരയാടുമൊട്ടയിലത്തൊം.

ഇരട്ടക്കുന്നുകളില്‍ ആദ്യം കാണുന്ന പൊക്കം കുറഞ്ഞത് സര്‍ക്കാര്‍ മൊട്ടയാണ്. ‘സര്‍ക്കാര്‍’ എന്നത് താഴ്വരയിലെ പ്രദേശവാസികള്‍ നല്‍കിയ പേരാണ്. പേരിന്‍െറ കാരണം നാട്ടുകാര്‍ക്കും കൃത്യമായി അറിയില്ല. ആകാശം തൊട്ടുനില്‍ക്കുന്ന രണ്ടാമത്തെ വലിയ ശക്തി ദുര്‍ഗമാണ് യഥാര്‍ഥ വരയാടുമൊട്ട. നോക്കത്തൊ ദൂരത്തോളം പ്രകൃതിയൊരുക്കിയ മതില്‍പോലെ ആകാശത്തെ തൊട്ടുരുമ്മി നിവര്‍ന്നുകിടക്കുന്ന അതിന് സമുദ്രനിരപ്പില്‍നിന്ന് 1500 മീറ്ററിലേറെ ഉയരമുണ്ട്. മേഖലയിലെ ഏറ്റവും ഉയരമുള്ള മലയായ അഗസ്ത്യാര്‍കൂടത്തിന്‍േറത് 1800 മീറ്ററാണ്.  


അഗസ്ത്യന്‍െറ തോളൊപ്പം പൊക്കത്തില്‍ നില്‍ക്കുന്ന വരയാടു മൊട്ടയുടെ മുകളിലത്തെുക വടികുത്തിയും വിയര്‍പ്പൊഴുക്കിയും നടത്തേണ്ട അതിസാഹസികമായൊരു മലകയറ്റം തന്നെയാണ്. പച്ചപ്പ് പൊതിഞ്ഞ ആനപ്പുറം പോലുള്ള മലനിരയുടെ മുകളിലത്തെിയാല്‍ ഒന്ന് അണച്ചുനിവരുമ്പോഴേക്കും കുളിരിന്‍െറ കൈകള്‍ നീട്ടി കാറ്റ് ആലിംഗനം ചെയ്യും. അതോടെ അണപ്പും വിയര്‍പ്പുമൊക്കെ താനേ അലിഞ്ഞില്ലാതാകും. വിയര്‍പ്പ് രന്ധ്രങ്ങളില്‍ കുളിരുകയറും. സൂര്യന്‍ കത്തിജ്ജ്വലിക്കുന്ന നട്ടുച്ചക്കും കാറ്റിന് ഇവിടെ കുളിരാണ്. ചുറ്റുമൊന്ന് കണ്ണോടിച്ചാലോ കണ്ണഞ്ചിക്കുന്ന കാഴ്ചയാണ്. നേരെ താഴേക്കുനോക്കിയാല്‍ കണ്ണുതള്ളും. കാലില്‍ വിറകയറും. തിരിച്ചിറങ്ങുന്നതിനെ കുറിച്ചോര്‍ത്ത് നെഞ്ച് കിടുങ്ങും.

വരയാടുമൊട്ടയുടെ മുകളില്‍നിന്ന് നോക്കിയാല്‍ അറബിക്കടലും തിരുവനന്തപുരം നഗരത്തിന്‍െറ ഒരു ഭാഗവും അരുവിക്കര, പേപ്പാറ അണക്കെട്ടുകളും കാണാം. മലനിരയുടെ പച്ചപ്പുപൊതിഞ്ഞ നിന്മോന്നതങ്ങളിലൂടെ ചിലപ്പോഴെങ്കിലും മിന്നായംപോലെ വരയാടുകള്‍ പായുന്നതും കാണാം. കാട്ടുപോത്തും മറ്റു ജീവികളുമുണ്ടെങ്കിലും കണ്ണില്‍പെടുക വരയാടുകളെയാണ്. മലഞ്ചെരിവിന്‍െറ പള്ളയിലാണ് പശ്ചിമഘട്ടത്തില്‍ തന്നെ ഇതുവരെ കണ്ടത്തൊന്‍ കഴിഞ്ഞ വരയാടുകളുടെ പ്രകൃതിയൊരുക്കിയ ഒരേയൊരു ഈറ്റില്ലമുള്ളത്. പാറക്കെട്ടിനുള്ളില്‍ താനെയുണ്ടായ വലിയൊരു ഗുഹയാണത്. ലേബര്‍ റൂമടക്കമുള്ള പ്രസവശുശ്രൂഷ ഗേഹം. ഒരേസമയം നൂറിലേറെ ആടുകള്‍ക്ക് കിടക്കാന്‍ തക്ക വിസ്തൃതിയുള്ളത്. പ്രകൃതി മണല്‍ വിരിച്ചൊരുക്കിയ മത്തെയാണ് ഗുഹയുടെ നിലം. മനുഷ്യനിര്‍മിതിയോ എന്ന് സംശയിച്ചുപോകത്തക്ക കൃത്യത! ഇവിടത്തെ വരയാടുകളെ സംരക്ഷിക്കാന്‍ വനംവകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ താല്‍പര്യപ്രകാരം ചില ശ്രമങ്ങളൊക്കെയുണ്ടായിട്ടുണ്ടെങ്കിലും മൂന്നാറിലേതുപോലെ ഗൗരവമായ കരുതല്‍ പദ്ധതികളൊന്നുമുണ്ടായിട്ടില്ല.

ഡബ്ള്യു.ഡബ്ള്യു.എഫിന്‍െറ പഠനസംഘവും ഈ മലകയറിയിട്ടുണ്ടോ എന്ന സംശയം പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിനു കീഴിലെ ബയോഡൈവേഴ്സിറ്റി മാനേജ്മെന്‍റ് കമ്മിറ്റി ഭാരവാഹികൂടിയായ പെരിങ്ങമ്മല ഇഖ്ബാല്‍ കോളജിലെ ബോട്ടണി വിഭാഗം അസിസ്റ്റന്‍റ് പ്രഫസര്‍ ഡോ. ഖമറുദ്ദീന്‍ പങ്കുവെക്കുന്നു. പെരിങ്ങമ്മല പഞ്ചയത്തിലുള്‍പ്പെടുന്ന സഹ്യമേഖല മുഴുവന്‍ ജൈവവൈവിധ്യത്തിന്‍െറ സമൃദ്ധിയിലാണെങ്കിലും ഏറ്റവും ഹോട്ടായ പോയന്‍റാണെങ്കിലും സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് പോലും ചിറ്റമ്മനയമാണ് പുലര്‍ത്തുന്നതെന്ന് പ്രദേശവാസികളായ പരിസ്ഥിതി സ്നേഹികള്‍ അഭിപ്രായപ്പെടുന്നു.

ഇവിടെയുള്ള വരയാടുകളെയും പുല്‍മേടുകളെയും സംരക്ഷിക്കാന്‍ വേണ്ടത്ര ശ്രമങ്ങളൊന്നും ഇനിയുമുണ്ടായിട്ടില്ല. ഒൗദ്യോഗിക കണക്കെടുപ്പൊന്നും ഉണ്ടായിട്ടില്ളെങ്കിലും പരിസ്ഥിതി പ്രവര്‍ത്തകരുടെ അനൗദ്യോഗിക സര്‍വേയിലൂടെ മനസ്സിലാക്കാനായത് 600ലേറെ ആടുകള്‍ ഇവിടെയുണ്ടെന്നാണ്. അതുകൊണ്ടുതന്നെ വരയാടുകളെക്കുറിച്ച് പഠിക്കുമ്പോള്‍ വരയാടുമൊട്ടയെയും അറിയണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 04:46 GMT