കാലുകുത്തി കൈകുത്തി കൊടികുത്തി മലയിലേക്ക്...

സൂര്യന്‍ ഉച്ചിയില്‍ നിന്ന് പടിഞ്ഞാറോട്ടു നീങ്ങിതുടങ്ങിയപ്പോഴാണ് കൊടിക്കുത്തിമലയുടെ ഉയരത്തിലേക്ക് ഞങ്ങള്‍ നടന്നു കയറിയത്. പാതി വഴിയില്‍ വീതിയുള്ള റോഡ് അവസാനിച്ചു. കൊടിക്കുത്തി മലയിലേക്കുള്ള പണി നടന്നുകൊണ്ടിരിക്കുന്നതിനാല്‍ റോഡില്‍ കരിങ്കല്ലു ചിതറികിടക്കുന്നു. മലയിലേക്കുള്ള പാതി ദൂരത്ത് ബൈക്കൊതുക്കി വെച്ച് ഞങ്ങള്‍ മല കയറാന്‍ തുടങ്ങി. കുന്നിനു മുകളിലേക്കത്തൊനുള്ള കൃത്യമായ വഴി അറിയാത്തതിനാല്‍ ഇടവഴി പിടിച്ചാണ് യാത്ര തുടര്‍ന്നത്. കാടും മുള്ളുകളും തിങ്ങിനില്‍ക്കുന്ന ചവിട്ടു വഴിയിലൂടെ ക്യാമറയും ഹെല്‍മറ്റും പിടിച്ച് മുകളിലേക്ക് ധൃതിയില്‍ വെച്ചു പിടിപ്പിച്ചു. മലക്കു മുകളിലെ വ്യൂ ടവര്‍ നിവര്‍ത്തി വെച്ച കൂണു പോലെ ദൂരെ നിന്നു തന്നെ കാണുന്നുണ്ട്. അതാണ് ലക്ഷ്യ സ്ഥാനം. ആ അടയാളം മനസ്സില്‍ കുറിച്ച് ഞങ്ങള്‍ മല കയറ്റം തുടര്‍ന്നു.

കാലുകളും ദേഹവും ക്ഷീണിച്ചു തുടങ്ങിയപ്പോള്‍ ആശ്വാസമായത് ചെറിയ മരത്തണലുകള്‍ മാത്രമാണ്. ലക്ഷ്യത്തിലേക്ക് എത്തിച്ചേരണമെന്ന അടങ്ങാത്ത വാശിയില്‍ നെഞ്ചിലേക്ക് ഒഴുകി വന്ന ശീതള കാറ്റിനേയും ആവാഹിച്ച് കുത്തനെയുള്ള  നടവഴിയിലൂടെ കിതപ്പൊതുക്കി നടന്നു. മുള്ളും, കാടും, കൂര്‍ത്ത പാറക്കല്ലുകളും ചാടിക്കടന്ന് ഒരുവിധം സാഹസിക പത്ര പ്രവര്‍ത്തനത്തിന്റെ പുതിയ തലം എന്താണെന്നറിയാനുള്ള ആവേശത്തില്‍ കൊടിക്കുത്തി മലയുടെ മൂര്‍ധാവിലത്തെി. എവറസ്റ്റോ, ഹിമാലയമോ കീഴടക്കിയതിന്റെ അനുഭൂതിയായിരുന്നു ഞങ്ങള്‍ക്ക്.

അതുവരെ അനുഭവിച്ച ക്ഷീണവും ശരീര വേദനയും ഞങ്ങള്‍ മറന്നു കഴിഞ്ഞിരുന്നു. അങ്ങ് ദൂരെയുള്ള പൊന്നാനിയിലെ തുറമുഖം ഒരു പൊട്ടു പോലെ കാണാം. കുറച്ചു നേരം മലയുടെ മുകളിലെ വ്യൂ ടവറില്‍ ശരീരത്തെ നിവര്‍ത്തി. വിയര്‍പ്പ് പതിയെ വറ്റി തുടങ്ങുകയായിരുന്നു. തൊണ്ടയില്‍ ഉമിനീരു പടര്‍ന്നു. ശരീരത്തിനു ജീവന്‍ വന്നതു പോലെ. കൊടിക്കുത്തി മലയുടെ സൗന്ദര്യത്തെ ക്യാമറയിലാക്കാന്‍ ഫൊട്ടോഗ്രാഫര്‍ ബിജുവേട്ടന്‍ ധൃതി പിടിച്ചു നടന്നു. മലയുടെ വിവിധ  ദൃശ്യങ്ങള്‍ പല ആംഗിളുകളിലാക്കി അദ്ദേഹം ഒപ്പിയെടുത്തുകൊണ്ടിരുന്നു. വാച്ച് ടവറിനു താഴെ വനം വകുപ്പിന്റെ പണി പൂര്‍ത്തിയാവാത്ത ഓഫീസ്. പതിയെ അങ്ങോട്ടു നടന്നു. തൊണ്ട നനക്കാന്‍  ഇത്തിരി വെള്ളം തേടിയ ഞങ്ങള്‍ക്ക് നിരാശരാകേണ്ടി വന്നില്ല. ചെറിയൊരു ടാങ്കില്‍ ഇത്തിരി വെള്ളം തെളിഞ്ഞു കിടക്കുന്നു. അധികമൊന്നും ആലോചിച്ചില്ല, ടാങ്കില്‍ നിന്ന് വെള്ളം കോരി വരണ്ട തൊണ്ട നനച്ചു.


സമയം അതിക്രമിച്ചു കൊണ്ടിരിക്കുന്നു. എനിക്ക് തിരികെ ജോലിയില്‍ പ്രവേശിക്കണം. സുഹൃത്തിനു വീടണയണം. പതിയെ  വേറൊരു ദിശയിലൂടെ ഞങ്ങള്‍ മലയിറങ്ങാന്‍  തുടങ്ങി. സൂര്യന്‍ പടിഞ്ഞാറോട്ടു കൂടുതല്‍ ശക്തിയില്‍ നീങ്ങുന്നതു പോലെ തോന്നി. ഞങ്ങള്‍ നടത്തത്തിനു വേഗത കൂട്ടി. എത്ര നടന്നിട്ടും വന്ന വഴി കണ്ടത്തൊന്‍  കഴിഞ്ഞില്ല. ഇറക്കത്തില്‍ കൂറ്റന്‍ കാടുകള്‍ മുന്നോട്ടുള്ള യാത്രയെ തടസ്സപെടുത്തി. ഇരുട്ട് കൂടുതല്‍ ശക്തിയാവുകയാണ്. പുതിയ  വഴി കണ്ടത്തൊന്‍  മറ്റൊരു ദിശയിലേക്ക് തിരിച്ച് ഞങ്ങള്‍ പിന്നെയും കുതിച്ച് നടന്നു.  മലയും കുന്നുകളും പല തവണ കയറിയിറങ്ങിയ എനിക്ക് ഈ മലകയറ്റം അത്ര പുത്തരിയല്ലായിരുന്നു. രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതിലും ദുര്‍ഘടം പിടിച്ച പാത ചാടിക്കടന്നാണ് കുടജാദ്രി മലയിലെ സര്‍വ്വഞ്ജാന പീഠത്തിലത്തെിയത്. സര്‍വ്വഞ്ജാന പീഠത്തിന്റെ മുകളിലെ ശ്രീശങ്കരാചാര്യ ക്ഷേത്രത്തില്‍ വീശിയടിച്ച കാറ്റും തണുപ്പും സഹിച്ച് അന്നത്തെ രാത്രി ഉറങ്ങാതെ ചിലവഴിച്ചത് ജീവിതത്തില്‍ മറക്കാനൊക്കില്ല.

ഈ യാത്രക്ക് എന്തോ പ്രത്യേകത ഉള്ളതു പോലെ. അതു കൊണ്ടായിരിക്കണം മടക്കയാത്രയില്‍ വഴി ഞങ്ങള്‍ക്ക് മുന്നില്‍ നിഗൂഢമായത്. ലക്ഷ്യസ്ഥാനത്ത് ശൂന്യതമാത്രം. എങ്ങനെയിറങ്ങണം, ഏതു ദിശയിലൂടെ ഇറങ്ങണം എന്നറിയാതെ വിവിധ ദിശകളിലൂടെ ഞങ്ങള്‍ കിതച്ചു നടന്നു. സൂര്യന്‍ പടിഞ്ഞാറില്‍ താഴ്ന്നു കൊണ്ടിരിക്കുകയാണ്. മരുഭൂമിയില്‍ ഒട്ടകം നഷ്ടപ്പെട്ട യാത്രക്കാരെ പോലെ, ലക്ഷ്യത്തിലേക്കുള്ള മാര്‍ഗത്തില്‍ ഇരുളടഞ്ഞ ഞങ്ങള്‍ നടന്നത്തെിയ ചെറിയ പാറക്കു മുകളില്‍ യാത്രയവസാനിപ്പിച്ചു. ദിശയറിയാത്ത ഞങ്ങള്‍ക്ക് മുന്നില്‍ മുന്നില്‍ ഇരുട്ട് മാത്രം.  പാറക്കു മുകളില്‍  നിന്ന് മുന്നോട്ടും പുറകോട്ടും പോവാനാവാതെ ഞങ്ങള്‍ ആരെക്കെയോ പ്രതീക്ഷിച്ച് അവിടെ തന്നെ നിന്നു.

ഒഫീസിലേക്കും മറ്റു സുഹൃത്തുകളേയും വിളിച്ച് മലയില്‍ അകപ്പെട്ട കഥ ഒരുവിധം പറഞ്ഞൊപ്പിച്ചു. ഒടുവില്‍ സുഹൃത്തുക്കളുകളുടെയും സഹപ്രവര്‍ത്തകരുടെയും ശ്രമത്താല്‍ പ്രദേശത്തെ കരുണ വറ്റാത്ത രണ്ടു ചെറുപ്പക്കാര്‍ വലിയ ടോര്‍ച്ചിന്റെ വെട്ടവുമായി മല കയറാന്‍ തുടങ്ങി. ദൂരെ ആകാശത്ത് കണ്ട വെളിച്ചത്തെ ഞങ്ങളിലേക്ക് അടുപ്പിക്കാന്‍ ഞങ്ങള്‍ ഉറക്കെ കൂവി വിളിക്കാന്‍  തുടങ്ങി. വഴിതെറ്റിയവനു മുന്നില്‍ ഇതാ ദൈവം പുതിയ  വെളിച്ചവും മാര്‍ഗവും തുറന്നിട്ടിരിക്കുന്നു. വെളിച്ചം അടുത്തേക്ക് വന്നുകൊണ്ടിരുന്നപ്പോള്‍ മനസ്സില്‍ സന്തോഷത്തിന്റെ പൊരുമ്പറ. ഒടുവില്‍ വെളിച്ചം കണ്ടിടത്തേക്ക് ഞങ്ങള്‍ നീണ്ടു നടന്നു.

കൊടിക്കുത്തി മലയുടെ താഴ്വരയില്‍ താമസിക്കുന്ന ഷാജഹാനും അമീറുമാണ്  ഞങ്ങളുടെ രക്ഷക്കായി എത്തിയത്. അവര്‍ കാണിച്ചു തന്ന ദിശയിലൂടെ ഞങ്ങള്‍ മുന്നോട്ടു നടന്നു. ഒടുവില്‍ വന്ന വഴിയില്‍ തന്നെ ഞങ്ങള്‍ എത്തിച്ചേര്‍ന്നു. ചില യാത്രകള്‍ അങ്ങനെയാണ്. എത്രയൊക്കെ കരുതിയാലും ചില ദിശകളില്‍ നമ്മളില്‍ നിന്ന് വഴിയകന്നു പോകും. ഈ ചെറിയ യാത്ര അത്തരത്തിലുള്ളതായിരുന്നു. ദിശയറിയാനും കൃത്യമായ ദിശയേതെന്ന് മനസില്ലാക്കി യാത്ര ചെയ്യണമെന്നും പഠിപ്പിച്ച യാത്ര....

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.