ഓണത്തിന് നാടു കാണാം

കോടിയുടുത്ത് പൂക്കളമിട്ട് ഓണമുണ്ട് വീട്ടിലിരിക്കാതെ ഇത്തവണ കുടുംബത്തോടൊപ്പം നാടു കാണാന്‍ ഇറങ്ങുക. കേരളത്തിലെ മിക്ക വിനോദസഞ്ചാര കേന്ദ്രങ്ങളും ഓണം പ്രമാണിച്ച് ഒരുങ്ങിക്കഴിഞ്ഞു. ഓണാവധി ആഘോഷിക്കാനെത്തുന്ന സഞ്ചാരികളെ ലക്ഷ്യമിട്ട് പ്രത്യേക പാക്കേജുകള്‍ ടൂറിസം വകുപ്പ് നടപ്പാക്കിയിട്ടുണ്ട്. ഈ ഓണത്തിന് വിനോദസഞ്ചാരികളെ കാത്തിരിക്കുന്ന ചില കേന്ദ്രങ്ങളെക്കുറിച്ച്.

> ഓണത്തിന് ഇടുക്കി അണക്കെട്ട് സന്ദര്‍ശകര്‍ക്കായി തുറന്നു

ഓണം പ്രമാണിച്ച് ഇടുക്കി അണക്കെട്ട് സന്ദര്‍ശകര്‍ക്കായി തുറന്നു. ഒക്ടോബര്‍ 20 വരെ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. ഇത്തവണ ജലസമൃദ്ധിയിലാണ് ഡാം. ഏഷ്യയിലെ ആദ്യ കമാന അണക്കെട്ട് കാണാന്‍ ഇത്തവണ കൂടുതല്‍ സഞ്ചാരികളെത്തുമെന്നാണ് കരുതുന്നത്. പോയവര്‍ഷം വിദേശ സഞ്ചാരികളും തമിഴ്‌നാട്, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഇവിടെ എത്തിയിരുന്നു.


ജലസമൃദ്ധമായ ഇടുക്കി അണക്കെട്ട്‌
ഇത്തവണ സന്ദര്‍ശകര്‍ക്കായി മെച്ചപ്പെട്ട സൗകര്യങ്ങള്‍ ടൂറിസം വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡാമില്‍ ബോട്ടിങ്ങിന് സൗകര്യമുണ്ടായിരിക്കും. വൈശാലി ഗുഹയുള്‍പ്പെടെയുള്ള തുരങ്കങ്ങളും സന്ദര്‍ശിക്കാം. ചെറുതോണി അണക്കെട്ടില്‍നിന്ന് ഒരാള്‍ക്ക് 10 രൂപ നിരക്കില്‍ പാസ് ലഭിക്കും. കഴിഞ്ഞ ഓണക്കാലത്തുണ്ടായിരുന്നതിനേക്കാള്‍ ജലവുമായി തുളുമ്പി നില്‍ക്കുന്ന ഡാമിന്റെ കാഴ്ച കാണാനുള്ള അവസരം നഷ്ടപ്പെടുത്തരുത്.

how to reach
തൊടുപുഴയില്‍ നിന്ന് 55 കി.മീ.
ഇടുക്കി-തൊടുപുഴ റൂട്ടില്‍ ബസ് യാത്ര പുനഃസ്ഥാപിച്ചിട്ടുണ്ട്
കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും 133 കി.മീ.

ഇടുക്കി ജില്ലയിലെ മറ്റു പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

> വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഓണത്തിരക്ക്

ഓണക്കാലമായതോടെ വയനാട്ടിലേക്കുള്ള വിനോദ സഞ്ചാരികളുടെ ഒഴുക്ക് വര്‍ധിച്ചിരിക്കുകയാണ്. ജില്ലയിലെ ഹോംസ്‌റ്റേകള്‍, റിസോര്‍ട്ടുകള്‍, കോട്ടേജുകള്‍, ലോഡ്ജുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ ബുക്കിങ്ങിന്റെ തിരക്കേറിയിട്ടുണ്ട്.

സെപ്റ്റംബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് വയനാട്ടിലെ ടൂറിസം സീസണ്‍. മഴ മാറിയതോടെ വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഉന്മേഷത്തിലാണ്. വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ, തോല്‍പെട്ടി റേഞ്ചുകളില്‍ സന്ദര്‍ശക തിരക്കാണിപ്പോള്‍. വനഭംഗി നുകരാനും വന്യജീവികളെ ധാരാളമായി കാണാനും കഴിയുന്ന കാലമാണിത്.

ബാണാസുര സാഗര്‍ അണക്കെട്ടിലെത്തിയ സഞ്ചാരികള്‍

സൗത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ സൂചിപ്പാറ വെള്ളച്ചാട്ടം, അമ്പലവയലിനടുത്ത എടക്കല്‍ ഗുഹ, പടിഞ്ഞാറത്തറയിലെ ബാണാസുര സാഗര്‍ ഡാം, കാരാപ്പുഴ, പൂക്കോട് തടാകം എന്നിവിടങ്ങളിലേക്ക് കുടുംബസമേതം പോകാം. കുറുവാ ദ്വീപ്, കാന്തന്‍പാറ, മീന്‍മുട്ടി വെള്ളച്ചാട്ടങ്ങള്‍ തുടങ്ങിയ ജലാശയങ്ങളില്‍ വെള്ളം കൂടുതലായണ്.

> പറമ്പിക്കുളവും ഒരുങ്ങി

ഓണത്തിന് വിനോദസഞ്ചാരികളെ വരവേല്‍ക്കാന്‍ പാലക്കാട് ജില്ലയിലെ പറമ്പിക്കുളവും ഒരുങ്ങി. ഓണത്തിന് വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പ്രത്യേക പാക്കേജുകള്‍ സര്‍ക്കാര്‍ അനുമതിയോടെ നടപ്പാക്കിയിട്ടുണ്ട്. മൂന്നുതരം ട്രക്കിങ്ങും ഏഴുതരം രാത്രി പാക്കേജും ഡേ പാക്കേജ് ഇനത്തില്‍ സ്‌പെഷല്‍ അട്രാക്ഷന്‍ പാക്കേജുകളും ഒരുക്കിയിട്ടുണ്ട്.

തൂണക്കടവിലെ പോണ്ടിയിലുള്ള (മുള കെട്ടിയുണ്ടാക്കിയ ചങ്ങാടം) യാത്രക്കായി ഇത്തവണ ഇക്കോളജിക്കല്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമില്‍ ഉള്‍പ്പെട്ട കൂടുതല്‍ ആദിവാസി യുവാക്കളെ നിയമിച്ചിട്ടുണ്ട്.

ജലസമൃദ്ധമായ തൂണക്കടവ്, പെരുവാരിപ്പള്ളം, പറമ്പിക്കുളം ഡാമുകള്‍  കാണാന്‍ നിരവധി വിനോദസഞ്ചാരികള്‍ പൊള്ളാച്ചി, കോയമ്പത്തൂര്‍, ഈറോഡ് തുടങ്ങിയ തമിഴ്‌നാട്ടിലെ പ്രദേശങ്ങളില്‍നിന്നും കേരളത്തിലെ വിവിധ ജില്ലകളില്‍നിന്നും എത്തുന്നുണ്ട്. പറമ്പിക്കുളത്തിന്റെ തനത് ഉല്‍പന്നങ്ങളായ മുള ഉല്‍പന്നങ്ങള്‍, മെഴുക് ബാം, തേന്‍ എന്നിവയുടെ ശേഖരവും ഇക്കോ ഷോപ്പുകളില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.

> നീലപ്പൂക്കളമിട്ട് മാടായിപ്പാറ

ഈ ഓണത്തിന് നീലക്കടലായി മാറിയിരിക്കുകയാണ് കണ്ണൂര്‍ ജില്ലയിലെ മാടായിപ്പാറ. മാടായിപ്പാറയിലൊന്നാകെ നീല നിറത്തിലുള്ള ഓണപ്പാള്‍ പൂക്കള്‍ വിടര്‍ന്നു നില്‍ക്കുകയാണ്. ഒരു വൈകുന്നേരം ചെലവിടാന്‍ ഇവിടെയെത്തുന്ന സഞ്ചാരിക്ക് കാണാന്‍ ജൂതക്കുളം, ദാരിഗന്‍ കോട്ട, വടുകുന്ന തടാകം എന്നിവയുമുണ്ട്. ഇരപിടിയന്‍ സസ്യങ്ങള്‍ തുമ്പികളെ പിടിക്കുന്ന കാഴ്ചയും ഇപ്പോള്‍ മാടായിപ്പാറയില്‍ കാണാനാകും.

how to reach
പഴയങ്ങാടി-മുട്ടം ബസില്‍ കയറി മാടായിപ്പാറ എത്താം.
കണ്ണൂര്‍ പഴയങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ നിന്നും 1. കി.മീ

> മഴക്കൊപ്പം തേക്കടിയുടെ മനോഹാരിത ആസ്വദിക്കാം

വൃഷ്ടിപ്രദേശമായ പെരിയാര്‍ വനമേഖലയില്‍ ഉള്‍പ്പെടെ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴ ലഭിച്ചതിനാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നിരിക്കുകയാണ്. ഇതോടെ തേക്കടി തടാകം ജലസമ്പന്നമായി വിസ്തൃതി വര്‍ധിച്ച് കൂടുതല്‍ സുന്ദരിയായി. ഇരുവശത്തെയും കരകളും തടാകത്തിന് നടുവിലെ ചെറിയ തുരുത്തുകളും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്.

മഴയെ അവഗണിച്ചും സഞ്ചാരികള്‍ തേക്കടിയിലേക്ക് ഒഴുകുകയാണ്. ഗള്‍ഫ് രാജ്യങ്ങളിലെ കടുത്ത ചൂടില്‍നിന്ന് ആശ്വാസം തേടി നിരവധി അറബികള്‍ കുടുംബസമേതം തേക്കടിയിലെത്തുന്നുണ്ട്. തേക്കടി കനാല്‍ ശുചീകരണത്തെ തുടര്‍ന്ന് തമിഴ്‌നാട്ടിലേക്കുള്ള ജലമൊഴുക്ക് രണ്ടാഴ്ചയിലധികം നിര്‍ത്തിവെച്ചത് തേക്കടി തടാകത്തിനും ബോട്ട് സവാരിക്കും ഏറെ പ്രയോജനം ചെയ്യുന്നുണ്ട്. തേനി ജില്ലയിലും മഴ ശക്തമായതോടെ വൈഗ അണക്കെട്ടിലെയും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.

how to reach
വിവിധ നഗരങ്ങളില്‍ നിന്നും തേക്കടിയിലേക്ക് റോഡ് മാര്‍ഗം സുഗമമായി എത്തിച്ചേരാം. കൊച്ചിയില്‍ നിന്നും 165 കി.മീ, മൂന്നാറില്‍ നിന്നും 90 കി.മീ, കോട്ടയത്തു നിന്നും 108 കി.മീ.
കെ.എസ്.ആര്‍.ടി.സിയും സ്വകാര്യ ഡീലക്‌സ് ബസ്സുകളും തേക്കടിയിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്.

ഏറ്റവും അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍ കോട്ടയം (114 കി.മീ). സ്‌റ്റേഷനില്‍ നിന്നും തേക്കടിയിലെത്താന്‍ ടാക്‌സികളെയോ ബസുകളെയോ ആശ്രയിക്കാം.

മധുര വിമാനത്താവളത്തില്‍ നി്ന്നും 136 കി.മീ. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും 190 കി.മീ.

> പെരിയാര്‍ കടുവ സങ്കേതം

കേരളത്തിലെ ആദ്യ വന്യജീവി സങ്കേതമായ പെരിയാര്‍ കടുവ സംരക്ഷിത പ്രദേശം സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. കഴിഞ്ഞാഴ്ച സങ്കേതത്തിനുള്ളില്‍ പച്ചക്കാട് ഭാഗത്ത് കടുവ കുടുംബത്തെ വനപാലകര്‍ കണ്ടെത്തിയിരുന്നു. കാട്ടുപോത്തിനെ ആഹാരമാക്കിയ ശേഷം തടാകത്തില്‍ 'നീരാട്ടിനിറങ്ങി'യതായിരുന്നു അമ്മയും മൂന്ന് കുട്ടികളും ഉള്‍പ്പെടുന്ന കടുവ കുടുംബം.

പെരിയാര്‍ കടുവ സങ്കേതത്തില്‍ കടുവകളെ കാണാന്‍ കഴിയുന്നത് ഏറെ അപൂര്‍വമായി മാത്രമാണ്. കടുവകളെ കാണാനുള്ള മോഹവുമായി തേക്കടി തടാകത്തില്‍ ബോട്ടുസവാരി നടത്തുന്ന വിനോദസഞ്ചാരികള്‍ക്കും നിരാശ മാത്രമാണ് ബാക്കിയാകുന്നത്. അതുകൊണ്ടുതന്നെ വനമേഖലക്കുള്ളില്‍ കടുവ കുടുംബത്തെ കണ്ടെത്തിയത് വനസംരക്ഷണ പ്രവര്‍ത്തകരെ ആവേശത്തിലാക്കുന്നതിനൊപ്പം തേക്കടി ഉള്‍പ്പെടുന്ന വിനോദസഞ്ചാര മേഖലക്കും ഉണര്‍വ് പകര്‍ന്നിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.