ഡൽഹിയിൽനിന്നും ലഡാക്ക്​ വഴി മണാലി

ജോലി തേടി ഉത്തരേന്ത്യയിലേക്ക് കുടിയേറുമ്പോൾ എന്റെ മുമ്പിൽ ഒരുപാട് ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു. ഇന്ത്യ ഒന്നു കാണണം. ഇന്ത്യയുടെ ആത്മാവ് തൊട്ടറിഞ്ഞുകൊണ്ട് പലയിടങ്ങളിൽ കൂടി യാത്ര ചെയ്യണം. മമ്മൂട്ടിയുടെ സിനിമയിൽ നമ്മൾ കേട്ടതുപോലെ അക്ഷരത്താളുകളിൽനിന്ന്​ നമ്മൾ പഠിച്ച ഇന്ത്യയല്ല യഥാർത്ഥ ഇന്ത്യയെന്ന്​ മനസ്സിലാക്കാൻ എനിക്ക് ഒരുപാടൊന്നു​ം യാത്ര ചെയ്യേണ്ടി വന്നില്ല. കേരളത്തെ അപേക്ഷിച്ചു നോക്കുമ്പോൾ വടക്കേയിന്ത്യൻ കാലാവസ്ഥയും സംസ്കാരവും വിദ്യാഭ്യാസവുമെല്ലാം വേറേ തന്നെയാണ്​.

അവരുടെ ബാർബർ ഷോപ്പും ടൈലർ ഷോപ്പും ഒക്കെ നടപ്പാതയിൽ തന്നെയാണ്​

ഓരോ യാത്രയും അനുഭവങ്ങളുടെ കലവറ നിറയ്​ക്കുന്നു. ജനങ്ങളുടെ മനസ്സറിഞ്ഞ്​ അവരുടെ സംസ്കാരം തൊട്ടുതൊട്ട്​ ഒരു യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അവരുടെ ഇടയിൽ കൂടി തന്നെ സഞ്ചരിക്കണം. അങ്ങനെയാണ്​ ബുള്ളറ്റിൽ ഡൽഹിയിൽ നിന്നും കശ്മീർ വഴി ലഡാക്കിലേക്കും അവിടെ നിന്നും മണാലി വഴി ഡൽഹിയിലേക്കും യാത്ര പ്ലാൻ ചെയ്തത്. കൂട്ടിനു ചങ്ക് പറിച്ചു തരുന്ന കുറച്ചു കൂട്ടുകാരെയും കൂട്ടി. ഉത്തരേന്ത്യൻ തെരുവോരങ്ങളിൽ കൂടി ചുമ്മാ അങ്ങ് നടക്കണം. ഒരു നേരത്തെ അന്നത്തിനു വേണ്ടി കഷ്ടപ്പെട്ടു പണി എടുക്കുന്ന പാവങ്ങൾ. അന്തിയുറങ്ങാൻ കൂരയില്ലാതെ പകലന്തിയോളം റിക്ഷ വലിച്ചു ആ റിക്ഷയിൽ തന്നെ മരം കോച്ചുന്ന തണുപ്പത്തും ചുട്ടു പൊള്ളുന്ന ചൂടുകാലത്തും പാർപ്പുറപ്പിച്ചവർ. വിദ്യാഭ്യാസം എന്താണെന്നു പോലും അറിയാത്തവർ. നമ്മൾ കാണാത്ത പഴയ വാഹനങ്ങൾ ആണ് അവരുടെ നിരത്തിൽ. ബാർബർ ഷോപ്പും ടൈലർ ഷോപ്പും ഒക്കെ നടപ്പാതയിൽ നമുക്ക്​ കാണാം.

തെരുവില്‍ അവര്‍ ജീവിതം ചുട്ടെടുക്കുന്നു...

ഉത്തർ പ്രാദേശിലും ഡൽഹിയിലും ഒക്കെ എല്ലാ ദിവസവും മാർക്കറ്റ് ഉണ്ടാകും. കൃഷി ചെയ്ത ഉൽപന്നങ്ങൾ വിൽക്കാൻ ആഴ്ചയിൽ ഒരു ദിവസം ഒരു സ്ഥലത്തു ക്യാമ്പ് ചെയ്യും. ഇന്ന് ഒരു സ്ഥലത്താണെങ്കിൽ നാളെ മറ്റൊരു സ്ഥലത്ത്. നമ്മൾ അരിഭക്ഷണം ആണ് കഴിക്കുന്നതെങ്കിൽ ഇവിടെ ഗോതമ്പ് വിഭവം ആണ് മുഖ്യം. ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കഷ്ണം തിന്നണം എന്ന് പറയാറുണ്ടല്ലോ. തെരുവോരങ്ങളിൽ കൂടി രുചി വൈഭവങ്ങൾ തേടി നടക്കാൻ ഇറങ്ങിയപ്പോൾ, ക്യാമറ കണ്ണുകൾ പല കടയിലേക്കും ഫോക്കസ് ചെയ്തു. പലരും പോസ് ചെയ്തു തന്നു. മറ്റു ചിലർ വിസമ്മതിച്ചു. ചിലർ ചോദിച്ചു എന്തിനാണ് ഫോട്ടോസ് എടുക്കുന്നത്...? ചാനലിൽ കൊടുക്കാൻ ആണോ...? എന്നൊക്കെ.

ഞാൻ പറഞ്ഞു, 'അങ്ങനെ ഒന്നുമല്ല നമ്മള് ബെർതെ തിന്നാൻ കൊതി ഉള്ളത് കൊണ്ട് ഇറങ്ങിയതാണ്...'

അവരു​ടെ തെരുവു തന്നെ ഒരു ഭക്ഷണശാലയാണ്​..

കഞ്ഞിയും ചമ്മന്തിയും കൂടെ മത്തി പൊരിച്ചതും, പുട്ടും ബീഫും, കപ്പയും ബോട്ടിയും, ചോറും മുളകിട്ട മീൻകറിയും, അപ്പവും മുട്ടക്കറിയും, പുട്ടും കടലയും, നെയ്പത്തിലും ബീഫ് വരട്ടിയതും, ദം ഇട്ട ചിക്കൻ ബിരിയാണിയും, പൊറോട്ടയും ബീഫും, ഇഢലിയും സാമ്പാറും അങ്ങനെ അങ്ങനെ കിടിലൻ കോമ്പിനേഷൻ ഒക്കെ അങ്ങ് കേരളത്തിൽ. ഇനി അത്തരം സാധനം ഇവിടെ എവിടെയെങ്കിലും കാണണമെങ്കിൽ ഏതെങ്കിലും മലയാളി ഹോട്ടലിൽ കയറണം. പിന്നെ എന്താണ് ഇവിടെ ഉള്ളത് എന്നല്ലേ, പൊറോട്ട ഒന്ന് പേര് മാറ്റി ആലൂ പറാത്ത, ഒനിയൻ പറാത്ത, പന്നീർ പറാത്ത എന്നൊക്കെ ആക്കി. ഒരു ദിവസം മൂന്നു പേര് താമസിക്കുന്ന വീട്ടിൽ രണ്ട്​ കിലോ ഉരുളക്കിഴങ്ങ്​ നിർബന്ധമാണ്​. കൂടെ പരിപ്പ്‌. മൊഞ്ചിനു വേണേൽ ദാൽ ഫ്രൈയും കൂടി ഉണ്ടേൽ സംഭവം കളർ ആയി എന്നു പറയാം.

റൊട്ടിയുടെ വ്യത്യസ്ത അവതാരങ്ങൾ ആണ് മൂന്നു നേരവും ആഹാരം. അതിന്റെ കൂടെ പേരറിയാത്ത കുറെ ഇലകൾ കൊണ്ടും പന്നീർ കൊണ്ടും ഒക്കെ ഉണ്ടാക്കിയ പലതരം കറികൾ. നമ്മളെ പോലെ എണ്ണയിൽ പൊരിച്ച ആഹാരവും കടികളും ഉപയോഗിക്കുന്നത് വളരെ കുറവാണ്. പച്ചക്കറികൾ മാത്രം ഉപയോഗിച്ച് ജ്യൂസ്, മമൂസ്, സമൂസ, ബർഫി അങ്ങനെ എന്തെല്ലോ ഐറ്റം വേറെയും. വലിയ അരി കൊണ്ട് ഉണ്ടാക്കിയ ബിരിയാണി മുതൽ ചിക്കന്റെ പല ജാതി വിഭവങ്ങൾ വേറെയുമുണ്ട്​. പക്ഷേ, രുചികൾ എല്ലാം വ്യത്യസ്തം തന്നെ എന്ന് പറയാതിരിക്കാനാവില്ല. കടൽ ഇല്ലാത്തതുകൊണ്ട്​ മത്സ്യങ്ങൾ ഉപയോഗിച്ച് ഉണ്ടാകുന്ന വിഭവങ്ങൾ കുറവാണ്. വിളമ്പുന്ന പത്രവും ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുന്ന പത്രവും ഒന്ന് വേറെ തന്നെ. ചോറും, എണ്ണയിൽ കുതിർത്ത കടികളും കഴിക്കാത്തത്ത് കൊണ്ടാണോ എന്നറിയില്ല നമ്മുടെ നാട്ടിൽ കണ്ടു വരുന്ന പല രോഗങ്ങളും ഇവിടെ കാണാനില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 04:46 GMT