ജിസ്പയിലെ താഴ് വാരങ്ങള്‍

ഇനി മടക്കയാത്രയാണ്. ലഡാകിലെ കാഴ്ചകള്‍ക്ക് അര്‍ധവിരാമമിട്ട് തിരിച്ചുപോകാന്‍ സമയാമായി. തണുപ്പിനെ വകവെക്കാതെ വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചിന് തന്നെ എല്ലാവരും എണീറ്റു. അപ്പോഴേക്കും ഞങ്ങളുടെ ആതിഥേയ നല്ല ചുടുചായയുമായി എത്തി. പുലര്‍ച്ചെ എണീറ്റ് സ്നേഹത്തോടെ ചായയൊരുക്കി തന്ന അവരോടുള്ള കടപ്പാട് ഒരിക്കലും മറക്കാന്‍ കഴിയില്ല. ഞങ്ങളുടെ കൂടെ ചായ കുടിക്കാന്‍ അവരും കൂടി. നര്‍മസല്ലാപത്തിനിടെ അവരുടെ പേര് ചോദിച്ചെങ്കിലും നീളമേറിയ ലഡാകി നാമം ഞങ്ങള്‍ക്കാര്‍ക്കും മനസ്സിലായില്ല. ആതിഥേയയോട് യാത്ര പറഞ്ഞ് ബാഗുകളെല്ലാം എടുത്ത് വീണ്ടും വണ്ടിയില്‍ കയറി. ആറ് മണി ആയിട്ടേയുള്ളുവെങ്കിലും ലഡാകില്‍ നേരത്തെ സൂര്യനുദിക്കുന്നതിനാല്‍ പ്രദേശമാകെ പ്രകാശം പരന്നിട്ടുണ്ട്. എന്നാലും തണുപ്പിന് ഒട്ടും കുറവില്ല.
ദുര്‍ബുക്കില്‍നിന്ന് ലേഹിലേക്കുള്ള വഴിയിലൂടെയാണ് പ്രയാണം. മലമുകളിലേക്ക് വളഞ്ഞും തിരിഞ്ഞും പറ്റിപ്പിടിച്ച് കയറുന്ന റോഡ്. പാതയില്‍ ഇടക്കിടക്ക് മാത്രം ടാറിങ് വിരുന്നെത്തുന്നു. ബാക്കിസമയമെല്ലാം കുണ്ടും കുഴികളും നിറഞ്ഞിരിക്കുന്നു.

ദുര്‍ബുക്കിലെ ചെറിയ കവല
 


40 കിലോമീറ്റര്‍ പിന്നിട്ടതോടെ ലോകത്തിലെ രണ്ടാമത്തെ ഉയരം കൂടിയ റോഡായ ചാങ് ലാ പാസില്‍ എത്തി. 17,590 അടി ഉയരത്തിലാണ് ചാങ് ല. പാതക്ക്  ഇരുവശവും മഞ്ഞുമൂടിയിട്ടുണ്ട്. പുറത്തെ തണുപ്പ് മൈനസ് രണ്ട് വരെ എത്തിയതായി വാഹനത്തിനകത്തുള്ള മീറ്ററില്‍ അടയാളപ്പെടുത്തുന്നു. ചാങ് ല കഴിഞ്ഞതോടെ വീണ്ടും ഇറക്കം തുടങ്ങി. രാവിലത്തെ സൂര്യപ്രകാശമമേറ്റ് മഞ്ഞുപാളികള്‍ ഉരുകിയൊലിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. കാഴ്ചകളെ പിന്നിലാക്കി ഒമ്പത് മണിയായപ്പോഴേക്കും മനാലി-ലേഹ് ഹൈവേയിലെ കരുവില്‍ എത്തി. രണ്ട് ദിവസമായി ഡീസലടിച്ചിട്ട്. ഞങ്ങള്‍ മൂന്നുപേരും ഭക്ഷണം കഴിച്ചിട്ടില്ലെങ്കിലും ആദ്യം പജീറോയുടെ ടാങ്ക് നിറക്കാന്‍ തീരുമാനിച്ചു. അതിനുശേഷം കരുവില്‍ നിന്ന് ആലൂ പറാത്ത കഴിച്ച് വീണ്ടും എന്‍ജിന്‍ സ്റ്റാര്‍ട്ടാക്കി.

ലേഹ്-മനാലി ഹൈവേയില്‍ പാങ്ങിന് സമീപത്തെ ചെറിയ ഒരു താഴ് വര
 


ശ്രീനഗറില്‍ കര്‍ഫ്യു തീരാത്തതിനാല്‍ മനാലി വഴി തന്നെ മടങ്ങാന്‍ തീരുമാനിച്ചു. അഞ്ച് ദിവസം മുമ്പ് വന്ന വഴികളിലൂടെ തന്നെയാണ് ഇനി യാത്ര. കരു കഴിഞ്ഞതോടെ രണ്ട് പട്ടാളക്കാര്‍ വണ്ടിക്ക് കൈ കാണിച്ചു. അഞ്ച് കിലോമീറ്റര്‍ അടുത്തുള്ള ക്യാമ്പിലേക്ക് എത്തിച്ചുതരുമോ എന്ന് അവര്‍ ചോദിച്ചു. സ്വന്തം ജീവന്‍പോലും പണയംവെച്ച് ഹിമാലയത്തില്‍ അതിര്‍ത്തി കാക്കുന്ന അവരെ സഹായിക്കാതിരിക്കാന്‍ ഞങ്ങള്‍ക്കായില്ല. വണ്ടിയിലെ സീറ്റില്‍ വരെ നിറഞ്ഞുനില്‍ക്കുന്ന സാധനങ്ങള്‍ ഒരുഭാഗത്തേക്ക് മാറ്റിവെച്ച് അവര്‍ക്ക് ഇരിപ്പിടമൊരുക്കി. ലക്ഷദ്വീപ് സ്വദേശിയായ മുല്ലക്കോയ തങ്ങളും തമിഴ്നാട് സ്വദേശിയായ ശരവണനുമായിരുന്നു ഞങ്ങളുടെ പുതിയ സഹയാത്രികര്‍. കുറഞ്ഞസമയത്തിനിടയില്‍ അവരോട് ചങ്ങാത്തം കൂടി. മുല്ലക്കോയ തങ്ങളുടെ സംസാരം മലയാളത്തില്‍ തന്നെയാണ്. ലക്ഷദ്വീപിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ അദ്ദേഹം ഞങ്ങളെ ക്ഷണിച്ചു. അയാള്‍ രണ്ട് വര്‍ഷമേ ആയിട്ടുള്ളൂ പട്ടാളത്തില്‍ ചേര്‍ന്നിട്ട്. ശരവണന് അഞ്ച് വര്‍ഷത്തെ സര്‍വിസുണ്ട്. ക്യാമ്പിന് സമീപമെത്തിയപ്പോള്‍ അവര്‍ യാത്രപറഞ്ഞ് ഇറങ്ങി. പട്ടാള ക്യാമ്പ് പിന്നിട്ട് ഉപ്ഷിയില്‍ എത്തുമ്പോള്‍ റോഡ് രണ്ടായി തിരിയുന്നു. നേരെയുള്ള റോഡ് ലഡാകിലെ മറ്റൊരു പ്രശസ്തമായ തടാകമായ ടിസോമാരിയിലേക്കാണ്. ഏകദേശം 170 കിലോമീറ്റര്‍ ദൂരമുണ്ട് അങ്ങോട്ട്. മുമ്പ് തുര്‍തുക്ക് മാറ്റിവെച്ച പോലെ തിസോമാരിയും അടുത്തതവണ സന്ദര്‍ശിക്കാമെന്ന് മനസ്സിലുറപ്പിച്ച് വണ്ടി വലത്തേക്ക് തിരിച്ചു.

ലേഹ്-മനാലി ഹൈവേയില്‍ പാങ്ങിന് സമീപം റോഡ് പണി നടക്കുന്നതിനാല്‍ കുടുങ്ങിയ പട്ടാള വണ്ടികള്‍
 


മനാലിയിലേക്ക് തിരിച്ചിറങ്ങുമ്പോള്‍ കാഴ്ചകള്‍ക്കെല്ലാം വ്യത്യാസം വന്നപോലെ. നവരസങ്ങളില്‍ നിറഞ്ഞാടുന്ന ഹിമാലയത്തിന്റെ മറ്റൊരു വശം ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു. ഇങ്ങോട്ടു വന്നപ്പോള്‍ ഇതൊന്നും കണ്ടില്ലല്ലോ എന്ന് അതിശയിച്ചുപോയി. അതുകൊണ്ടു തന്നെ വന്ന വഴിയിലൂടെ തിരിച്ചു പോകുമ്പോഴുണ്ടാകുന്ന മടുപ്പ് ഇവിടെ വഴിമാറിപ്പോവുകയാണ്. മിരുവും ഡെബ്രിങ്ങും പിന്നിട്ട് പാങ്ങിലെത്തിയപ്പോഴേക്കും പട്ടാളവണ്ടികളുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടു. റോഡില്‍ ടാറിങ്ങ് നടക്കുന്നതിനാല്‍ വണ്ടികളൊന്നും മുന്നോട്ടുപോകുന്നില്ല. ഏകദേശം മുപ്പതിനടുത്ത് തലയുയര്‍ത്തിനില്‍ക്കുന്ന പട്ടാള ലോറികള്‍ അവിടെ കിടപ്പുണ്ട്. നെറ്റിപ്പട്ടം ചൂടി ഗമയോടെ നില്‍ക്കുന്ന ഗജവീരന്‍മാരെയാണ് ആ ലോറികള്‍ കണ്ടപ്പോള്‍ ഓര്‍മവന്നത്. അതിനിടയില്‍ പാവത്താനായി ഞങ്ങളുടെ പജീറോ.

ജിസ്പയിലെ പ്രഭാത ദൃശ്യം
 


വണ്ടിയിലിരുന്നുള്ള മുഷിപ്പ് മാറ്റാന്‍ പുറത്തിറങ്ങി. പട്ടാളക്കാരും വണ്ടിയില്‍നിന്നിറങ്ങിയിട്ടുണ്ട്. സൂര്യന്‍ മുകളില്‍ കത്തിനില്‍ക്കുമ്പോഴും മലനിരകളില്‍നിന്ന് തണുത്ത കാറ്റ് വീശുന്നതിനാല്‍ ചൂടിന് ഒട്ടും കാഠിന്യമില്ല. ഇതിനിടയില്‍ ഞങ്ങളുടെ വാഹനം കണ്ട കൊല്ലം സ്വദേശിയായ പട്ടാളക്കാരന്‍ ഗോപകുമാര്‍ അടുത്തെത്തി. യാത്രയുടെ വിവരങ്ങളെല്ലാം അദ്ദേഹം ചോദിച്ചറിഞ്ഞു. അദ്ദേഹത്തിന് ഒരു വര്‍ഷമായി സിയായിച്ചിനിലെ മഞ്ഞുമലയിലായിരുന്നവത്രെ ജോലി. ഇനി ജമ്മുവിലേക്ക് ട്രാന്‍സ്ഫറായി പോവുകയാണ്. അവിടെയുണ്ടായിരുന്ന വണ്ടികളെല്ലാം സിയാച്ചിന്‍ ബേസ് ക്യാമ്പില്‍ നിന്ന് പട്ടാളക്കാരുമായി സര്‍ച്ചു വരെ പോവുകയാണ്. സംസാരം തുടരുന്നതിനിടെ റോഡിലെ ബ്ലോക്ക് മാറി. അദ്ദേഹത്തിന്റെ കൂടെ ഒരു ഫോട്ടോയുമെടുത്ത് വീണ്ടും കാണാമെന്ന് പറഞ്ഞ് വണ്ടിയില്‍ കയറി.

ലേഹ്-മനാലി ഹൈവേയില്‍ വാഹനങ്ങളെ അനുഗമിക്കുന്ന ചെമ്മരിയാടുകള്‍
 


സമയം ഒരു മണിയായിട്ടുണ്ട്. വിശക്കാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും എവിടെയും ഒരു ഭക്ഷണശാല പോലും കാണാനില്ല. ഇനി വഴിയരികില്‍ ഒറ്റപ്പെട്ട സ്ഥലത്ത് ഏതെങ്കിലും ഭക്ഷണശാല കണ്ടാല്‍ തന്നെ അവിടെയെല്ലാം നേരത്തെ കണ്ട പട്ടാളക്കാരുടെ തിരക്കുമാണ്. ഒടുവില്‍ മൂന്ന് മണിയായപ്പോഴേക്കും സര്‍ച്ചുവിലെ ഒരു ഹോട്ടലിന് മുമ്പില്‍ വാഹനം നിര്‍ത്തി. ന്യൂഡില്‍സ്, പച്ചയരി ചോറും പരിപ്പുകറിയും എന്നിവ മാത്രമാണ് അവിടെയുള്ളത്. ന്യൂഡില്‍സ് കഴിച്ച് മടുത്തതിനാല്‍ ഞങ്ങള്‍ ചോറും പരിപ്പുകറിയും തന്നെ ഓര്‍ഡര്‍ ചെയ്തു. കറി ആദ്യമേ തയാറാക്കിവെച്ചിട്ടുണ്ട്. എന്നാല്‍, അരി ഞങ്ങള്‍ ഓര്‍ഡര്‍ ചെയ്തശേഷം മാത്രമാണ് അടുപ്പത്തുവെക്കുന്നത്. അരി വേവാന്‍ കാത്തുനില്‍ക്കുന്നതിനിടെ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനിലെ ഒരു ഉദ്യോഗസ്ഥന്‍ വന്നു. അയാള്‍ക്ക് വേണ്ടത് ബിയറായിരുന്നു. അവിടെയുള്ള ചെറിയ കടകളിലെല്ലാം മദ്യം ലഭിക്കും, പക്ഷെ ഇരട്ടി വില നല്‍കണമെന്ന് മാത്രം.

റോഹ്ത്തങ് പാസിന് സമീപം
 


ഭക്ഷണം കഴിച്ച ശേഷം വീണ്ടും വണ്ടി മുന്നോട്ടുനീങ്ങാന്‍ തുടങ്ങി. ഇതിനിടയില്‍ ഞങ്ങള്‍ മുമ്പ് താമസിച്ച ടെന്റ് കാണാനിടയായി. അന്ന് രാത്രി സംഭവിച്ച കാര്യങ്ങള്‍ ഓര്‍ത്തപ്പോള്‍ മനസ്സിലൂടെ ഒരു ഭയം മിന്നിമാഞ്ഞുപോയി. ലേഹ്-മനാലി പാതയിലൂടെ സഞ്ചരിക്കുമ്പോള്‍ കഴിവതും താമസം സര്‍ച്ചു, പാങ്ങ് എന്നിവിടങ്ങളില്‍ ഹൈ ആള്‍ട്ടിറ്റ്യൂഡ് സിക്ക്നസ് കാരണം ഒഴിവാക്കുന്നതായിരിക്കും നല്ലതെന്ന് അന്ന് ഞങ്ങള്‍ പഠിച്ച പാഠമാണ്. സര്‍ച്ചു കഴിഞ്ഞതോടെ ജമ്മു കശ്മീരിനോട് വിടപറഞ്ഞ് വീണ്ടും ഹിമാചലിന്റെ ഭൂമികയിലെത്തി. ഇതോടെ റോഡിന്റെ അവസ്ഥ മോശമാകാന്‍ തുടങ്ങി. കുണ്ടും കുഴികളും നിറഞ്ഞ റോഡിലൂടെയുള്ള യാത്ര നടുവൊടിക്കുന്നു. ഇരുട്ടായതോടെ റോഡ് കാണാന്‍ കഴിയാത്ത സ്ഥിതി. പലപ്പോഴും ജങ്ഷ്നുകളില്‍ വണ്ടിയില്‍നിന്ന് ഇറങ്ങി നോക്കിയിട്ട് വേണം വഴി കണ്ടുപിടിക്കാന്‍. ഏകദേശം സിങ്സങ് ബാര്‍ എന്ന സ്ഥലം കഴിഞ്ഞതോടെ റോഡില്‍ വീണ്ടും ടാര്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. എന്നാല്‍, കുഴികള്‍ക്ക് കുറവൊന്നുമില്ല.

ലേഹ്-മനാലി ഹൈവേ. റോഹ്ത്തങ് പാസിന് സമീപത്തുനിന്നുള്ള ദൃശ്യം
 


രാത്രി എട്ട് മണിയായപ്പോഴേക്കും ജിസ്പയിലെത്തി. താമസിക്കാന്‍ നിരവധി ഹോട്ടലുകള്‍ ജിസ്പയിലുണ്ട്. പക്ഷെ, എവിടെയും കഴുത്തറപ്പന്‍ വിലയാണ്. കൂടാതെ ഞങ്ങളുടെ പജീറോ കണ്ടാല്‍ തന്നെ ഹോട്ടലുകാര്‍ ചുമ്മാ നിരക്ക് വര്‍ധിപ്പിക്കുകയും ചെയ്യുന്നു. അവസാനം ഞങ്ങള്‍ വണ്ടി ഒരു ഭാഗത്ത് ഒതുക്കിനിര്‍ത്തി നടന്നുപോയി റൂം അന്വേഷിക്കാന്‍ തുടങ്ങി. തണുത്തുവിറക്കുന്ന രാത്രി അന്വേഷണം കഴിഞ്ഞ് അവസാനം മിതമായ നിരക്കില്‍ ഒരു റൂം കിട്ടിയപ്പോഴേക്കും ഒമ്പത് മണിയായി. ഞങ്ങളുടെ യാത്രയില്‍ ഒരിടത്തും താമസിക്കാന്‍ മുന്‍കൂട്ടി റൂം ബുക്ക് ചെയ്തിരുന്നില്ല. മിക്കദിവസവും വിചാരിച്ചതിനേക്കള്‍ കൂടുതല്‍ ദൂരം യാത്ര ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. നേരത്തെ റൂം ബുക്ക് ചെയ്താല്‍ പിന്നെ അവിടെത്തന്നെ തങ്ങേണ്ടതായി വരും. പിന്നെ വിചാരിച്ച സ്ഥലത്ത് എത്താന്‍ സാധിച്ചില്ലെങ്കിലും പ്രശ്നം തന്നെയാണ്.

ലേഹ്-മനാലി ഹൈവേ. റോഹ്ത്തങ് പാസിന് സമീപത്തുനിന്നുള്ള ദൃശ്യം
 


വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് തന്നെ വണ്ടിയുമായി ഹോട്ടലില്‍നിന്ന് പുറത്തിറങ്ങി. പുറത്തെ കാഴ്ച ഏവരെയും അമ്പരിപ്പിക്കും വിധം സുന്ദരമായിരുന്നു. പച്ചവിരിച്ചുനില്‍ക്കുന്ന താഴ്വാരങ്ങളും ദൂരെ മഞ്ഞുമൂടിയ മലകളും അവിടെ വീണ്ടും തങ്ങാന്‍ ഞങ്ങളെ മോഹിപ്പിക്കുന്നു. ആഷിഖ് അബു സംവിധാനം ചെയ്ത റാണി പത്മിനി സിനിമയുടെ പ്രധാന ലൊക്കേഷന്‍ ഹിമാലയത്തിന്റെ മടിത്തട്ടിലുള്ള ഈ കൊച്ചുഗ്രാമമായിരുന്നു. മനസ്സില്ലാ മനസ്സോടെയാണ് ജിസ്പയോട് വിടപറയുന്നത്. ഹിമാചല്‍ പ്രദേശിന്റെ തലസ്ഥാന നഗരിയായ ഷിംലയാണ് ഇനി ലക്ഷ്യം. ജിസ്പ മുതലുള്ള റോഡും കാഴ്ചകളും ഒട്ടും മോശമല്ല. കാഴ്ചകള്‍ക്ക് നിറംകൂട്ടി കൃഷികളും താഴ്വാരങ്ങളും വലിയ പാറക്കെട്ടുകളും. പിന്നെ റോഡില്‍ അകമ്പടിയായി ചെമ്മരിയാടുകളും ചേരുന്നു. മുമ്പു പറഞ്ഞതുപോലെ ലേഹിലേക്ക് പോയപ്പോള്‍ കാണാത്ത പല കാഴ്ചകളും വണ്ടിയുടെ ജാലകത്തിനുള്ളിലൂടെ നിറയുന്നു.

മനാലിക്ക് സമീപം റോഡില്‍ തീറ്റതേടിയിറങ്ങിയ കുതിരകള്‍
 


ഒമ്പത് മണിയായപ്പോഴേക്കും കീലോങ്ങ് എത്തി. അവിടെനിന്ന് പ്രഭാത ഭക്ഷണം കഴിച്ച് യാത്ര തുടര്‍ന്നു. റോഹ്ത്തങ് പാസിന് മുമ്പ് സിസു എത്താറായപ്പോള്‍ വലിയ തുരങ്കത്തിന്റെ പ്രവൃത്തി നടക്കുന്നത് കണ്ടു. നിലവില്‍ മനാലി-ലേഹ് ഹൈവേ മഞ്ഞുമൂടുന്നതിനാല്‍ വര്‍ഷത്തില്‍ പകുതിയിലധികം സമയവും അടച്ചിടാറാണ് പതിവ്. ഇത് സൈനിക ആവശ്യങ്ങള്‍ക്കുള്ള വാഹനങ്ങളുടെ യാത്രയെ സാരമായി ബാധിക്കും. ഈ പ്രതിസന്ധി മറികടക്കാന്‍ വേണ്ടിയാണ് എട്ട് കിലോമീറ്റര്‍ നീളമുള്ള റോഹ്ത്തങ് പാസ് തുരങ്കം നിര്‍മിക്കുന്നത്. തുരങ്കം വരുന്നതോടെ മനാലി-ലേഹ് ഹൈവേയിലെ ദൂരം 60 കിലോമീറ്ററിനടുത്ത് കുറയും. കൂടാതെ നാല് മണിക്കൂറിലേറെ സമയവും ലാഭിക്കാം. അതേസമയം, ലാഹുല്‍-സ്പിതി വാലിയിലെ ഒരുപാട് നയനമനോഹരമായ കാഴ്ചകളും അനുഭവങ്ങളും യാത്രക്കാര്‍ക്ക് ചിലപ്പോള്‍ നഷ്ടപ്പെട്ടേക്കാം. 2010ല്‍ തുടങ്ങിയ തുരങ്ക നിര്‍മാണം 2019 ആകുമ്പോഴേക്കും പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.

ലേഹ്-മനാലി ഹൈവേക്ക് സമീപത്തെ മലനിരകളും വെള്ളച്ചാട്ടവും.
 


റോഹ്ത്തങ്ങ് പാസും മനാലിയും പിന്നിട്ട് ഉച്ചയോടെ കുളുവില്‍ എത്തി. കുളു മനാലി എയര്‍പോര്‍ട്ട് കഴിഞ്ഞതോടെ വഴിയോരത്തായി മലബാര്‍ ഹോട്ടല്‍ എന്ന ബോര്‍ഡ് കണ്ടു. പിന്നെ മറുത്തൊന്നും ചിന്തിച്ചില്ല, ഉച്ചഭക്ഷണം അവിടെനിന്ന് തന്നെയാക്കി. എന്നാല്‍, പേരില്‍ മാത്രമെ മലബാറുള്ളൂ. ജീവനക്കാരും ഭക്ഷണവുമെല്ലാം തനി നാടന്‍ ഹിമാചല്‍ തന്നെ. ഞങ്ങളുടെ പതിവു ഉച്ചഭക്ഷണമായ തന്തൂരി റൊട്ടിയാണ് ഓര്‍ഡര്‍ ചെയ്തത്. കൂടെ ചിക്കന്‍ കറിയും. ഭക്ഷണമെല്ലാം കഴിച്ച് വീണ്ടും യാത്ര തുടങ്ങി. മാന്‍ഡി പിന്നിട്ടതോടെ പിന്നെ ചെറിയ ചെറിയ നഗരങ്ങളും റോഡുകളില്‍ തിരക്കും പ്രത്യക്ഷപ്പെടുന്നു. ഇടക്കുവന്ന സമതല പ്രദേശങ്ങള്‍ കഴിഞ്ഞ് വീണ്ടും റോഡ് മലമുകളിലേക്ക് കയറാന്‍ തുടങ്ങി.

വാഹനത്തിനകത്തേക്ക് അടിച്ചുകയറുന്ന തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങളണിഞ്ഞിരിക്കുന്നു
 


മനാലിയിലെ കുന്നും മലകള്‍ക്കും വിഭിന്നമായി ഷിംലയിലോട്ടുള്ള വഴികളിലെ മലനിരകളും പാതകളും നമ്മുടെ പശ്ചിമഘട്ടത്തെ അനുസ്മരിപ്പിക്കും വിധമാണ്. സംസ്ഥാനത്തിന്റെ തലസ്ഥാന നഗരിയിലേക്കുള്ള പാതയായതിനാല്‍ 24 മണിക്കൂറും വാഹനങ്ങളുടെ കുത്തൊഴുക്കാണ്. സുന്ദര്‍നഗറും ബര്‍മാനയുമെല്ലാം പിന്നിട്ട് ഷിംലയിലെത്തിയപ്പോഴേക്കും രാത്രി ഒമ്പത് മണിയായിട്ടുണ്ട്. നഗരത്തില്‍ അപ്പോഴും തിരക്കൊഴിഞ്ഞിട്ടില്ല. കൂട്ടിന് നല്ല മഞ്ഞുമുണ്ട്. താഴെ താഴ് വാരങ്ങള്‍ വൈദ്യുത പ്രകാശത്താല്‍ വെട്ടിത്തിളങ്ങുന്നു. ടൂറിസ്റ്റ് കേന്ദ്രമായതിനാല്‍ തന്നെ എവിടെയും ഹൈ ക്ളാസ് ഹോട്ടലുകള്‍ മാത്രമേയുള്ളൂ. ഒരു ബഡ്ജറ്റ് ഹോട്ടല്‍ കണ്ടുപിടിക്കാന്‍ കുറച്ചുസമയം തന്നെ വേണ്ടിവന്നു. ഒടുവില്‍ ഭക്ഷണമെല്ലാം കഴിച്ച് ഉറങ്ങാന്‍ കിടന്നപ്പോള്‍ 11 മണി കഴിഞ്ഞിരുന്നു.

തുടരും....

Day 15 (september 8, 2016, Thursday)
Durbuk to Jispa (Himachal Pradesh) ^ 383 KM
Route: Karu, Upshi, Miru, Pang, Sarchu, Zing Zang Bar
Stay: Jispa
Journey Time: 6.00 AM^8.00 AM (14 hrs)

Day 16 (september 9, 2016, Friday)
Jispa to Shimla (Himachal Pradesh) ^ 387 KM
Route: Keylong, Manali, Kullu, Mandi, Sundernagar, Barmana, Namoli
Stay: Shimla
Journey Time: 7.00 AM^ 9.00 PM (14 hrs)

 

 

Tags:    
News Summary - jispa valley

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 04:46 GMT