യാത്രാസംഘം

കന്യാകുമാരി - ലഡാക്ക്​ 24 ദിവസം; ലഡാക്ക്​ - കന്യാകുമാരി 49.34 മണിക്കൂർ; ഇതാ ഒരു അപൂർവ റെക്കോഡ്​ ഡ്രൈവ്​

രാജ്യത്തിൻെറ വിരിമാറിലൂടെ ഏകദേശം 3900 കി.മീറ്റർ ദൂരം വരുന്ന റോഡ്. അതിൽ കല്ലുകൾ നിറഞ്ഞ വഴികളുണ്ട്, മഞ്ഞുരുകിവരുന്ന റിവർ ക്രോസിങ്ങുകളുണ്ട്, മനംമടുപ്പിക്കുന്ന നഗരത്തിരക്കുകളുണ്ട്, ആശ്വാസമേകുന്ന നാലുവരിപ്പാതകളുണ്ട്... ഇതെല്ലാം പിന്നിടാൻ 49 മണിക്കൂറും 34 മിനിറ്റും മാത്രമെടുത്ത് റെക്കോഡ് കുറിച്ചിരിക്കുകയാണ് മലയാളി യുവാക്കൾ. ഇന്ത്യയുടെ വടക്കേ അറ്റമായ ലഡാക്കിലെ ലേയിൽനിന്ന് തെക്കേയറ്റമായ കന്യാകുമാരി വരെ കുറഞ്ഞസമയംകൊണ്ട് കാറിൽ സഞ്ചരിച്ച ലിംക ബുക്ക് ഓഫ് റെക്കോഡ്​സാണ് സ്വന്തം പേരിലാക്കിയത്.

മലപ്പുറം ആക്കോട് സ്വദേശി നൗഫൽ, കോഴിക്കോട് ഫാറൂഖ് കോളജ് സ്വദേശി ബിബിൻ, ആലപ്പുഴ സ്വദേശി സമീർ എന്നിവരാണ് ടീം എഫ്1 ഇന്ത്യ എന്ന ട്രാവൽ പ്ലാറ്റ്ഫോമിന്‍റെ കീഴിൽ യാത്ര വിജയകരമായി പൂർത്തിയാക്കിയത്. ടാറ്റാ ഹെക്സയിലായിരുന്നു ഇവരുടെ യാത്ര. 'ഫാസ്​റ്റസ്​റ്റ്​ നോർത്ത് -സൗത്ത് ഇന്ത്യ ഫോർവീൽ എക്സ്പെഡിഷൻ ഗ്രൂപ്' വിഭാഗത്തിലാണ് ഇവർ റെക്കോഡിന് അർഹരായത്.

2021 സെപ്റ്റംബർ ഒന്നിന് രാവിലെ 07.05ന് ലഡാക്കിൽനിന്നും യാത്ര ആരംഭിച്ച് മൂന്നിന് രാവിലെ 08.39ന് കന്യാകുമാരിയിൽ എത്തിയതോടെ ഏഴു വർഷം മുമ്പുള്ള റെക്കോഡാണ് മൂവർ സംഘം തിരുത്തിക്കുറിച്ചത്. 2014ൽ തിരുവല്ലയിലുള്ള യുവാക്കൾ റെക്കോഡിടുേമ്പാൾ 52 മണിക്കൂറും 58 മിനിറ്റുമായിരുന്നു സമയം.

സുഹൃത്ത് മുഖേനയാണ് ലിംക ബുക്ക് ഓഫ് റെക്കോഡ്​സിനെക്കുറിച്ച് ഇവർ അറിയുന്നത്. തുടർന്ന്, കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയും ഇത്തരത്തിലൊരു യാത്ര ചെയ്യാൻ ആഗ്രഹമുണ്ടെന്ന് ലിംകയെ അറിയിക്കുകയും ചെയ്തു. ലിംക അനുമതി നൽകിയതോടൊപ്പം യാത്രചെയ്യേണ്ട റൂട്ടും നിഷ്കർഷിച്ചുനൽകി. പിന്നീടുള്ള മൂന്നു മാസങ്ങൾ യാത്രയെക്കുറിച്ചുള്ള വിശദ പഠനമായിരുന്നു. യാത്രക്കുള്ള ചെലവ് ആയിരുന്നു ഇവർക്കുമുന്നിലെ പ്രധാന വെല്ലുവിളി. യാത്രയെ സ്നേഹിക്കുന്ന സുഹൃത്തുക്കൾ സാമ്പത്തിക സഹായംകൂടി നൽകാൻ തയാറായതോടെ കാര്യങ്ങൾ കൂടുതൽ എളുപ്പമായി. രണ്ടു ലക്ഷം രൂപ ചെലവുവന്ന ഈ യാത്രയുടെ വലിയൊരു ഭാഗം ഇത്തരത്തിലുള്ള സ്നേഹസമ്മാനമായിരുന്നു.

ലഡാക്കിനും മണാലിക്കും ഇടയിലുള്ള 426 കി.മീ ദൂരം ഏറ്റവും ബുദ്ധിമുട്ടേറിയതാണ്. ഹിമാലയത്തിലെ പർവതങ്ങളിലൂടെയും താഴ്വാരങ്ങളിലൂടെയുമാണ് ഈ പാത കടന്നുപോകുന്നത്. അത്രയും ഭാഗം പിന്നിടാനുള്ള ഏറ്റവും നല്ല സമയം സെപ്റ്റംബർ ആയതുകൊണ്ടാണ് യാത്രചെയ്യാൻ ഈ മാസംതന്നെ തിരഞ്ഞെടുത്തത്. മാത്രമല്ല, കന്യാകുമാരി മുതൽ ലഡാക്ക് വരെയുള്ള റോഡിന്റെ അവസ്ഥ കൃത്യമായി പഠിക്കേണ്ടതും ആവശ്യമായിരുന്നു. അതുകൊണ്ടുതന്നെ ​ലഡാക്കിലേക്കുള്ള യാത്ര ഏകദേശം 24 ദിവസം കൊണ്ടാണ് ഇവർ പൂർത്തിയാക്കിയത്.

റോഡുകളും ജങ്​ഷനുമെല്ലാം മനഃപാഠമാക്കി. വളവുകളും തിരിവുകളുംവരെ പരിചിതമായിരുന്നു. ആഗസ്​റ്റ്​ രണ്ടിന് ആരംഭിച്ച യാത്രയുടെ ആദ്യ ഡെസ്​റ്റിനേഷൻ ആന്ധ്രപ്രദേശിലെ ഗണ്ഡികോട്ട ആയിരുന്നു. ശേഷം ഹൈദരാബാദിൽ എത്തി, രണ്ടു ദിവസം അവിടെ തങ്ങി. തുടർന്ന് നാഗ്പുർ, ഝാൻസി വഴി ആഗ്രയിലെത്തി. ഡൽഹിയിൽ എത്തിയപ്പോഴേക്കും പുതുതായി വാങ്ങിയ രണ്ട് ടയറുകൾ പഞ്ചർ ആയിരുന്നു. ആ ടയർ കൊണ്ട് എക്‌സ്പെഡിഷൻ സാധ്യമല്ല എന്ന് മനസ്സിലാക്കിയ ഇവർ നാല് പുതിയ ടയറുകൾ വാങ്ങി.

പിറ്റേന്ന്​ രാവിലെ ഹരിയാന, ചണ്ഡിഗഢ്​ വഴി ഹിമാചൽപ്രദേശിലെ ബർഷീനി വില്ലേജിൽ എത്തുമ്പോൾ യാത്ര തുടങ്ങിയിട്ട് 10 ദിവസം പിന്നിട്ടിരുന്നു. വാഹനത്തിന് കുറച്ചു ദിവസം വിശ്രമം അനുവദിച്ച് ഇവർ മലകൾ കയറാൻ തുടങ്ങി. ഹിമാചൽ പ്രദേശിലെ പുൽഗ, കൽഗ, കുട്​ല വില്ലേജുകളിലേക്ക് നടത്തിയ ട്രക്കിങ് വ്യത്യസ്തമായ അനുഭവങ്ങൾ സമ്മാനിച്ചു. പിന്നീട് നാലു ദിവസം മണാലിയിൽ മലയാളികളുടെ സ്നേഹത്തണലിൽ കഴിഞ്ഞു. ശേഷം, അടൽ ടണൽ വഴി തണ്ടിയിൽ എത്തി ടെൻറടിച്ചു. ജീവിതത്തിലെ ആദ്യത്തെ ടെൻറ് സ്​റ്റേ ആയതിനാൽ ഒരുദിവസം കൂടി അവിടെ ചെലവഴിച്ചു. സ്വന്തമായി തയാറാക്കിയ ഭക്ഷണവും ക്യാമ്പ് ഫയറുമെല്ലാം ആ ദിനങ്ങളെ മനോഹരമാക്കി.

ജിസ്‌പ വഴി ദാർച്ചയിൽ എത്തിയ ഇവർ 200 രൂപ വാടക കൊടുത്ത്​ ടെൻറ് അടിക്കാനുള്ള സ്ഥലം റെഡിയാക്കി. അഞ്ചു പർവതങ്ങളുടെ ഒത്ത നടുവിലുള്ള കൊച്ചു ഗ്രാമമാണ് ദാർച്ച. രാത്രി തണുപ്പ് പ്രതീക്ഷിച്ചതിലും കൂടുതലായിരുന്നു. രാവിലെ ഗൂഗ്​ളിൽ നോക്കിയപ്പോഴാണ് 2 ഡിഗ്രിയിലാണ് ആ ടെൻറിനുള്ളിൽ കിടന്നുറങ്ങിയതെന്ന് മനസ്സിലായത്. അങ്ങനെ കഠിനമായ കാലാവസ്ഥകളെ തരണം ചെയ്ത് പിറ്റേന്ന്​ വൈകീട്ട് അഞ്ചുമണിയോടെ ലഡാക്കിലെത്തി. അവർക്കായി റൂം ഒരുക്കിയത് മലയാളികളായ ജോഷ്നയും സുധിയുമാണ്. ഒരു ലഡാക്കി ഫാമിലിയുടെ ഹോംസ്​റ്റേയിലായിരുന്നു താമസം. മൂന്നു പേർക്ക് 500 രൂപ മാത്രം. ഹോട്ട് വാട്ടർ, വൈഫൈ എന്നിവക്കുപുറമെ ഭക്ഷണം പാകംചെയ്യാനുള്ള സൗകര്യവും കൊതി തീരുംവരെ പറിച്ചു കഴിക്കാനുള്ള ഗ്രീൻ ആപ്പിളുമെല്ലാം ഹോംസ്റ്റേയെ വ്യത്യസ്തമാക്കി.

നാലു ദിവസം അവിടെ താമസിച്ച്​ എക്സ്‌പെഡിഷന്റെ പേപ്പർ വർക്കുകൾ തീർത്തു. ശേഷം നുബ്രാ വാലിയിലും പാൻഗോങ് തടാകത്തിലുമെല്ലാം വണ്ടിയോടിച്ചെത്തി. യാത്രയുടെ രണ്ടു ദിവസം മുമ്പ് മറ്റു കാര്യങ്ങൾ ഉറപ്പാക്കുന്ന തിരക്കിലായിരുന്നു. ഭക്ഷണമെല്ലാം വണ്ടിയിൽ വെച്ചുതന്നെ കഴിക്കണം. അതിനാൽ, ഡ്രൈഫ്രൂട്ട്സ്, ബ്രെഡ്, ചോക്ലറ്റ്, ബിസ്ക്കറ്റ് പോലെയുള്ളവ റെഡിയാക്കിവെച്ചു. 40 ലിറ്ററോളം വെള്ളം സംഭരിച്ചു. വണ്ടിയുടെ അവസാനഘട്ട പരിശോധന നടത്തി.

ആഗസ്​റ്റ്​ 31ന് പൂർണമായും വിശ്രമമെടുത്തു. നന്നായി ഉറങ്ങണം എന്നുകരുതി നേര​േത്ത കിടന്ന ഇവർ ശരിക്കും ഉറങ്ങിയില്ല എന്നുമാത്രമല്ല, അലാറംവെച്ചതിൻെറ ഒരു മണിക്കൂർ മു​േമ്പ എഴുന്നേൽക്കുകയും ചെയ്തു. അത്രക്കുമുണ്ടായിരുന്നു സ്വന്തമാക്കാൻ പോകുന്ന നേട്ടത്തെ കുറിച്ചുള്ള ആകാംക്ഷ. മുമ്പ് തീരുമാനിച്ചപോലെ സെപ്റ്റംബർ ഒന്നിന് രാവിലെ 07.05ന് ലേയിലെ എസ്.എൻ.എം ഹോസ്പിറ്റലിൽ നിന്നും എക്‌സ്പെഡിഷൻ ആരംഭിച്ചു. ഇവിടത്തെ സി.എം.ഒ ഡോ. റീചാനാണ് ഫ്ലാഗ് ഓഫ്‌ ചെയ്തത്. അദ്ദേഹം തന്നെയാണ് റെക്കോഡിന് സമർപ്പിക്കാനുള്ള രേഖയിൽ ഒപ്പിട്ടതും. യാത്ര തുടങ്ങിയ കാര്യം ലിംക ബുക്ക് ഓഫ് റെക്കോഡ്സിനെ അറിയിക്കുകയും ചെയ്തു.

അതിവേഗം ബഹുദൂരം

കൂടുതൽ ആശങ്കകളില്ലാതെ, കഴിഞ്ഞ ഒരു മാസത്തെ യാത്ര അവലോകനം ചെയ്തും നല്ല നല്ല നിമിഷങ്ങൾ ഓർത്തെടുത്തും നേരിട്ട പരീക്ഷണങ്ങളിൽനിന്ന്​ പഠിച്ച കാര്യങ്ങൾ പരസ്പരം ഓർമപ്പെടുത്തിയുമായിരുന്നു ഇവരുടെ ഡ്രൈവിങ്. ഇതിനിടയിൽ ലഡാക്ക്-മണാലി റൂട്ടിൽ അവിചാരിതമായി മണ്ണുവീഴ്ചയുണ്ടായി. ഏറെ സമയം വൈകുമെന്ന് കരുതിയെങ്കിലും ഇവിടെയും മലയാളി രക്ഷക്കെത്തി. ഒരു മണിക്കൂറെങ്കിലും തടസ്സപ്പെടുമായിരുന്ന കുരുക്ക് വെറും അഞ്ചു മിനിറ്റാക്കി കുറച്ചുതന്നത് മിലിട്ടറിയിൽ ജോലിചെയ്യുന്ന ചെങ്ങന്നൂരുകാരനായ മണ്ണുമാന്തി ഡ്രൈവർ ബോബിയാണ്.

റോഡുകളിലെ വരാനിരിക്കുന്ന ട്രാഫിക്കും മറ്റു അപ്ഡേറ്റുകളും തത്സമയം ഡൽഹിയിലെ ട്രാവൽസ് ഡ്രൈവർ രാഗേഷ് ഏട്ടൻ ഇവരെ അറിയിക്കുന്നുണ്ടായിരുന്നു. ഓരോ ലാപ്പുകളും നിശ്ചയിച്ച സമയത്തിൽതന്നെ പിന്നിടാൻ സാധിച്ചത് ആത്മവിശ്വാസം ഉയർത്തിക്കൊണ്ടായിരുന്നു. തിരക്കേറിയ ഡൽഹിയും ആഗ്രയും ബംഗളൂരുവും പിന്നിട്ടത് പുലർച്ചയാണ്.

നാഗ്പുരിലും ഹൈദരാബാദിലും ഔട്ടർ റിങ് റോഡുകൾ വഴി യാത്ര ചെയ്തതിനാൽ വലിയൊരു സമയംതന്നെ ലാഭിക്കാൻ കഴിഞ്ഞു. ഡീസൽ റീഫിൽ ചെയ്യാൻ ആറും പ്രാഥമിക കാര്യങ്ങൾക്കുവേണ്ടി നാലും തവണ വണ്ടി നിർത്തേണ്ടിവന്നു. ഒടുവിൽ, സെപ്റ്റംബർ മൂന്നിന് രാവിലെ 08:39ന് കന്യാകുമാരിയിൽ സുരക്ഷിതമായി യാത്ര അവസാനിപ്പിച്ച് പുതിയൊരു ചരിത്രം കുറിക്കാൻ ഇവർക്ക് സാധിച്ചു. മലയാളി കൂടിയായ ഐ.സ്.ആർ.ഒ അസിസ്​റ്റൻറ്​ കമാൻഡൻറ്​ ശശികുമാറാണ് ഇവരെ സ്വീകരിച്ചത്.

ഇത്രയും നേരത്തെ യാത്രക്കിടയിൽ വാഹനം ഒരിക്കൽപോലും ഓഫ് ചെയ്തിട്ടില്ല. 45,000 രൂപയുടെ ഡീസലാണ് റെക്കോഡ് ഡ്രൈവിനായി വേണ്ടിവന്നത്. ഗ്രാഫിക് ഡിസൈനറായ നൗഫലും ഫറോക്ക് സ്​റ്റേഷൻ ജനമൈത്രി ടീമിൻെറ അംഗമായ ബിബിനും വട്ടവടയിൽ 'മാജിക് വാലി' എന്ന ക്യാമ്പിങ് സൈറ്റ് നടത്തുന്ന സമീറും ഇനി ലക്ഷ്യമിടുന്നത് ഗിന്നസ് വേൾഡ് റെക്കോർഡാണ്.

Tags:    
News Summary - Kanyakumari - Ladakh 24 days; Ladakh - Kanyakumari 49.34 hours; Here is a rare record drive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.