ഭൂമിശാസ്ത്രപരമായി അടുത്തുകിടക്കുന്ന കേരളവും ശ്രീലങ്കയും ഭക്ഷണകാര്യത്തിൽ ഏറെ സമാനമായ പാരമ്പര്യമാണ് പിന്തുടരുന്നത്. ഉപയോഗിക്കുന്ന ചേരുവകളിലും തയ്യാറാക്കുന്ന രീതിയിലും പ്രകടമായ ഈ സമാനതകൾ ഇരു നാടുകളും തമ്മിലുള്ള ദീർഘകാല ബന്ധത്തെയാണ് ഓർമ്മിപ്പിക്കുന്നത്. പുട്ടും പഴവും ഇതിനൊരു മികച്ച ഉദാഹരണമാണ്. കേരളത്തിൽ അരിപ്പൊടിയും തേങ്ങയും ചേർത്ത് ആവിയിൽ വേവിച്ചെടുക്കുന്ന പുട്ട് കടലക്കറിക്കൊപ്പമോ നേന്ത്രപ്പഴത്തിനൊപ്പമോ ആണ് കഴിക്കാറുള്ളത്. ശ്രീലങ്കയിൽ 'പിട്ടു' എന്ന പേരിലുള്ള വിഭവവും ഏതാണ്ട് ഇതുപോലെ തന്നെയാണ് തയ്യാറാക്കുന്നത്. ശ്രീലങ്കൻ രീതിയിൽ ഇത് തേങ്ങാപ്പാൽ, എരിവുള്ള സാംബോൾ, പരിപ്പുകറി എന്നിവയോടൊപ്പവും കഴിക്കാറുണ്ട്.
ഇരു നാടുകളിലും കാണുന്ന മറ്റ് സമാന വിഭവമാണ് അപ്പം. പുളിപ്പിച്ച അരിമാവ് കൊണ്ട് തയ്യാറാക്കുന്ന അപ്പത്തിൽ മുട്ട ചേർത്ത് 'മുട്ടയപ്പം' ആയും കഴിക്കാറുണ്ട്. കറികൾക്കോ ഉള്ളി ചേർത്ത 'സീനി സാംബോളിനോ' ഒപ്പമാണ് ഇത് പ്രധാനമായും വിളമ്പുന്നത്. ഇതോടൊപ്പം ആവിയിൽ വേവിച്ച നൂൽപുട്ട് അഥവാ ഇടിയപ്പവും ശ്രീലങ്കയിൽ പ്രചാരത്തിലുണ്ട്. അവിടെ 'കിരി ഹോദി' (മഞ്ഞക്കറി), 'പോൾ സാംബോൾ' എന്നിവയോടൊപ്പമാണ് ഇടിയപ്പം കഴിക്കാറുള്ളത്.
ഗോതമ്പ് പൊടിയും തേങ്ങയും ചേർത്ത് ചട്ടിയിൽ മൊരിച്ചെടുക്കുന്ന കട്ടിയുള്ള റൊട്ടിയാണ് പോൾ റൊട്ടി. എരിവുള്ള കറികൾക്കൊപ്പമാണ് ഇത് കഴിക്കുന്നത്. തേങ്ങാപ്പാലും കടുകും ചേർത്ത് തയ്യാറാക്കുന്ന പരിപ്പുകറിയാകട്ടെ ശ്രീലങ്കൻ ഭക്ഷണങ്ങളുടെ അവിഭാജ്യ ഘടകമാണ്. കേരളത്തിലെ പൊറോട്ടയ്ക്ക് സമാനമായ 'ഗോദംബ റൊട്ടി' കഷ്ണങ്ങളാക്കി പച്ചക്കറികൾ, മുട്ട, മാംസം എന്നിവ ചേർത്ത് കൊത്തിയെടുക്കുന്ന കൊത്തു റൊട്ടിയാണ് മറ്റൊരു പ്രശസ്തമായ ഭക്ഷണം. കേരളത്തിലെ തോരന് സമാനമാണ് ശ്രീലങ്കയിലെ 'മല്ലും'. പച്ചക്കറികളോ ഇലക്കറികളോ അരിഞ്ഞ് തേങ്ങയും ചേർത്ത് വറുത്തെടുക്കുന്ന രീതിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.