1000 വിദ്യാർത്ഥികൾക്ക് യു.പി.എസ്.സി സ്കോളർഷിപ്പ്; പദ്ധതിക്ക് തുടക്കമിട്ട് സഞ്ജു സാംസൺ ഫൗണ്ടേഷൻ
സിവിൽ സർവീസ് എന്ന സ്വപ്നം നെഞ്ചേറ്റുന്ന മിടുക്കരായ വിദ്യാർഥികൾക്ക് താങ്ങായി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. സഞ്ജു സാംസൺ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ രാജ്യത്തെ 1000 വിദ്യാർഥികൾക്ക് സൗജന്യമായി യു.പി.എസ്.സി സിവിൽ സർവീസ് പരിശീലനം നൽകുന്ന പദ്ധതിക്കാണ് തുടക്കമാകുന്നത്. പ്രമുഖ പരിശീലന കേന്ദ്രമായ 'ലീഡ് ഐ.എ.എസ് അക്കാദമി'യുമായി സഹകരിച്ചാണ് ഈ വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുന്നത്.
അടുത്തിടെ സമാപിച്ച 'ലീഡ് ഇന്ത്യ സമ്മിറ്റ് 2026' വേദിയിലായിരുന്നു കായികലോകത്തിന് മാതൃകയായ ഈ സ്കോളർഷിപ്പ് പ്രഖ്യാപനം. പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെടുന്ന ആയിരം പ്രതിഭകൾക്ക് ലീഡ് ഐ.എ.എസ് അക്കാദമിയിൽ കോച്ചിങ്ങിനുള്ള പൂർണ സ്പോൺസർഷിപ്പ് സഞ്ജു സാംസൺ ഫൗണ്ടേഷൻ നൽകും. സഞ്ജുവിന്റെ ജന്മനാടായ വിഴിഞ്ഞത്തെയും കേരളത്തിലെ മറ്റ് പ്രദേശങ്ങളിലെയും വിദ്യാർഥികൾക്ക് പദ്ധതിയിൽ പ്രത്യേക പരിഗണന ലഭിക്കുമെന്നാണ് വിവരം. കായിക താരങ്ങൾക്ക് പുറമെ മറ്റ് മേഖലയിലുള്ള കുട്ടികൾക്കും കൈത്താങ്ങാകുന്ന സഞ്ജുവിന്റെ ഇടപെടലിന് വലിയ അഭിനന്ദനമാണ് ഇപ്പോൾ ലഭിക്കുന്നത്.
അതേസമയം, ക്രിക്കറ്റ് കരിയറിൽ നിർണായകമായ ഒരു ഘട്ടത്തിലൂടെയാണ് സഞ്ജു ഇപ്പോൾ കടന്നുപോകുന്നത്. വരാനിരിക്കുന്ന അഫ്ഗാനിസ്ഥാൻ ടി20 പരമ്പരയ്ക്കുള്ള കഠിന പരിശീലനത്തിലാണ് താരമിപ്പോൾ. സിംബാബ്‌വെ പരമ്പരയിലെ വിശ്രമത്തിന് ശേഷമുള്ള ഈ തിരിച്ചുവരവ് സഞ്ജുവിനെ സംബന്ധിച്ച് ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ്. അഭിഷേക് ശർമ, ഇഷാൻ കിഷൻ, വൈഭവ് സൂര്യവംശി തുടങ്ങിയ യുവതാരങ്ങൾ വിക്കറ്റ് കീപ്പർ-ബാറ്റർ റോളിൽ കടുത്ത മത്സരം ഉയർത്തുന്നതിനാൽ, ടീമിലെ സ്ഥാനം നിലനിർത്താൻ അഫ്ഗാനെതിരെ മികച്ച പ്രകടനം പുറത്തെടുക്കേണ്ടത് അനിവാര്യമാണ്.
ഇതിനിടെ, കേരള ക്രിക്കറ്റ് ലീഗ് (കെ.സി.എൽ) ഫൈനലിന് ശേഷമുള്ള സമ്മാനദാന ചടങ്ങിൽ മുൻ ഇന്ത്യൻ താരം ശ്രീശാന്തും സഞ്ജുവും പരസ്പരം അവഗണിച്ചത് കായികരംഗത്ത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. വേദിയിൽ മറ്റ് താരങ്ങൾക്ക് ഹസ്തദാനം നൽകിയ ശ്രീശാന്ത് സഞ്ജുവിനെ കണ്ടില്ലെന്ന് നടിച്ചതും, ഇരുവരും പരസ്പരം മുഖത്തോടുമുഖം നോക്കാതെ ഒഴിഞ്ഞുമാറിയതും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി. ഇത്തരം പുറത്തുള്ള സമ്മർദ്ദങ്ങളെ അതിജീവിച്ച് അഫ്ഗാൻ പരമ്പരയിലെ മികച്ച പ്രകടനത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്താനുള്ള ഒരുക്കത്തിലാണ് മലയാളി താരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.