ദേശീയപാതയിൽ കാറിടിച്ച് പരിക്കേറ്റ് പുലി; രക്ഷിക്കുന്നതിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥനെ ആക്രമിച്ചു, ദൃശ്യങ്ങൾ പുറത്ത്
ബംഗളൂരു: കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ പുലിയെ പിടികൂടി ചികിത്സ നൽകാനുള്ള ശ്രമത്തിനിടെ, വനവകുപ്പ് ഉദ്യോഗസ്ഥനെ പുലി ആക്രമിച്ചു. കർണാടകയിലെ ദാവൻഗരെ ജില്ലയിലാണ് സംഭവം. ദേശീയപാതക്ക് സമീപം കാറിടിച്ചു വീണ പുലിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥന് നേർക്ക് പുലി ചാടിവീഴുകയായിരുന്നു.
ദേശീയപാതയിൽ വാഹനമിടിച്ച് പരിക്കേറ്റ നിലയിലാണ് പുലിയെ കണ്ടെത്തിയത്. കാലിന് പരിക്ക് പറ്റി നടക്കാന്‍ കഴിയാത്ത നിലയിലായിരുന്നു. വിവരമറിഞ്ഞതിനെ തുടർന്ന് വനവകുപ്പ് സംഘം സ്ഥലത്തെത്തി. പുലിയെ പിടികൂടി ചികിത്സിക്കാനായിരുന്നു ശ്രമം. മൃഗഡോക്ടർ പുലിയെ മയക്കുമരുന്ന് കുത്തിവെക്കുകയും ചെയ്തു. എന്നാൽ, പുലി ഉദ്യോഗസ്ഥന് നേർക്ക് കുതിച്ചു ചാടുകയായിരുന്നു. നിലത്തുവീണ ഉദ്യോഗസ്ഥനെ പുലി ആക്രമിച്ചു. ഇതിനിടെ സഹപ്രവർത്തകർ വടി ഉപയോഗിച്ച് പുലിയെ അകറ്റുകയായിരുന്നു.
തുടർന്ന് പുലി ഇഴഞ്ഞ് ദേശീയപാതക്ക് അരികിലെ പുല്ലുകൾക്കിടയിലേക്ക് മാറി. വനവകുപ്പ് സംഘം പിന്നീട് സുരക്ഷിതമായി പുലിയെ പിടികൂടി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കാറിടിച്ചതിനെ തുടർന്ന് പുലിക്ക് ശരീരത്തിൽ പരിക്കേറ്റിട്ടുണ്ട്. പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ വനവകുപ്പ് ഉദ്യോഗസ്ഥനും ചികിത്സ തേടി. വനംവകുപ്പ് ഉദ്യോഗസ്ഥനെ പുലി ആക്രമിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സംഭവസമയത്ത് സ്ഥലത്ത് വലിയ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. ആളുകൾ ബഹളം വെക്കുകയും മൊബൈൽ ഫോണുകളിൽ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തിരുന്നതായി മുതിർന്ന വനവകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇത് പുലിയെ പ്രകോപിപ്പിച്ചതായും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.