ജോലി നേടാൻ പഠിക്കാം! എം.ജി സർവകലാശാലയിൽ ഒരുവർഷ പി.ജി പ്രോഗ്രാം വരുന്നു

കോട്ടയം: നാലു വർഷ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളിലെ അപാകത പരിഹരിക്കാനും വ്യവസായ സൗഹൃദവും തൊഴിലധിഷ്ഠിതവും നൈപുണ്യ വികസനവും ഉറപ്പുവരുത്തുന്ന സിലബസ് തയാറാക്കാനും എം.ജി സർവകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചു. ഉന്നത വിദ്യാഭ്യാസ കൗൺസിലിന്‍റെ ശിപാർശ പ്രകാരം രണ്ടുവർഷ പി.ജി പ്രോഗ്രാമുകളുടെ സിലബസ് പരിഷ്കരിക്കാനും ഒരുവർഷ പി.ജി പ്രോഗ്രാമുകൾ ആരംഭിക്കാനും നടപടി തുടങ്ങി.

മുൻ സിൻഡിക്കേറ്റിന്‍റെ കാലത്ത് യു.ജി.സി ചട്ടങ്ങൾക്ക് വിരുദ്ധമായി അനുവദിച്ച ഗവേഷണ കേന്ദ്രങ്ങളിൽ പുനഃപരിശോധന നടത്തും. ഗവേഷണ കേന്ദ്രങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തും. യൂനിവേഴ്സിറ്റി സെനറ്റിലേക്കുള്ള വിദ്യാർഥി പ്രതിനിധികളുടെ തെരഞ്ഞെടുപ്പിൽ 2021 വരെ തുടർന്ന് വന്നിരുന്ന സിംഗിൾ ബാലറ്റ് സിസ്റ്റം പുനഃസ്ഥാപിക്കാനും സിൻഡിക്കേറ്റ് തീരുമാനിച്ചു.

സർവകലാശാല ഡിപ്പാർട്ട്മെന്‍റുകളിലെ വിദ്യാർഥികൾക്കായി ഹോപ് ഫണ്ട് എന്ന പേരിൽ ജീവകാരുണ്യ സഹായനിധിക്ക് സിൻഡിക്കേറ്റ് അംഗീകാരം നൽകി. ദുരന്തങ്ങളിലോ അപകടങ്ങളിലോ സഹായം ആവശ്യമുള്ള വിദ്യാർഥികൾക്കായാണ് ഈ ഫണ്ട് വിനിയോഗിക്കുന്നതെന്ന് സിൻഡിക്കേറ്റ് അംഗവും സ്റ്റുഡന്‍റ് വെൽഫെയർ കമ്മിറ്റി കൺവീനറുമായ ആൻ സെബാസ്റ്റ്യൻ അറിയിച്ചു.

വിവിധ കാരണങ്ങളാൽ അടിയന്തര സാമ്പത്തിക സഹായം ആവശ്യമുള്ള വിദ്യാർഥികൾക്ക് കൈത്താങ്ങായാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. നിലവിലെ വിദ്യാ‍ർഥി സഹായനിധി വഴി പരമാവധി 10,000 രൂപയാണ് നൽകാനാകുന്നത്. എന്നാൽ, പുതിയ ഫണ്ടിൽ പരമാവധി തുക ഒരുലക്ഷം രൂപയാണ്.

യോഗത്തിൽ വൈസ് ചാൻസല‍ർ പ്രഫ. ഡി. മാവൂതു അധ്യക്ഷത വഹിച്ചു. സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. തോമസ് കുരുവിള, പ്രഫ. പി.കെ. മോഹൻരാജ്, ഡോ. ജോബിൻ ജോസ്, ഡോ. അൽസൺ മാർട്ട്, ഡോ. മജോ. വി. കുരിയാക്കോസ്, ഡോ. രാജേഷ് കോമത്ത്, അഡ്വ. കെ.എം. മിജാസ്, ഡോ. ആതിര പ്രകാശ്, പ്രഫ. റോബിനെറ്റ് ജേക്കബ്, പ്രഫ. ആർ. വസന്തഗോപാൽ, പ്രഫ. പ്രമോദ് ഗോപിനാഥ്, ഡോ. ജി.എസ്. ഗിരീഷ് കുമാർ, ഡോ. ഐസൺ വി. വഞ്ചിപ്പുരയ്ക്കൽ, ഡോ. പി. ഷഹവാസ് ഷെരീഫ്, ഡോ. പി.കെ. റെജിമോൻ, അബ്ദുൽ ലത്തീഫ്, മാത്യു കുഴൽനാടൻ എം.എൽ.എ, ആൻ സെബാസ്റ്റ്യൻ, രജിസ്ട്രാ‍ർ ബിനു ജോർജ് വർഗീസ്, സംസ്ഥാന ഫിനാൻസ് വകുപ്പ് അഡീഷനൽ സെക്രട്ടറി കെ. അനിൽ കുമാർ, ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ പ്രതിനിധി ഡാർലി ജോസഫ് തുടങ്ങിയവ‍ർ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.