ശക്തമായ കാറ്റ്; രാഹുൽ ഗാന്ധി സഞ്ചരിച്ച വിമാനം ലാൻഡ് ചെയ്തത് രണ്ടാം ശ്രമത്തിൽ
ലഖ്നോ: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സഞ്ചരിച്ച വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തത് രണ്ടാം ശ്രമത്തിൽ. വിമാനത്താവളത്തിൽ ലാൻഡിങ്ങിന് തൊട്ടുമുമ്പ് ശക്തമായ കാറ്റ് വീശിയതിനെ തുടർന്ന് വിമാനം ‘ഗോ എറൗണ്ട്’ നടത്തുകയായിരുന്നു. ലഖ്നോവിലെ ചൗധരി ചരൺ സിങ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം.
ഡൽഹിയിൽനിന്ന് ലഖ്നോവിലേക്ക് പറന്ന എയർ ഇന്ത്യയുടെ എഐ-1717 വിമാനത്തിലാണ് സംഭവം. ചൊവ്വാഴ്ച വൈകിട്ട് 3.45ഓടെയാണ് വിമാനം ആദ്യമായി ലാൻഡ് ചെയ്യാൻ ശ്രമിച്ചത്. എന്നാൽ പ്രതികൂല കാലാവസ്ഥയെ തുടർന്ന് ലാൻഡിങ് സുരക്ഷിതമല്ലെന്ന് മനസ്സിലാക്കിയതോടെ പൈലറ്റ് വിമാനം വീണ്ടും ഉയർത്തുകയായിരുന്നു. ഏകദേശം 10 മിനിറ്റിന് ശേഷം 3.55ഓടെ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. അതേസമയം, സംഭവത്തിൽ എയർ ഇന്ത്യ പ്രതികരിച്ചിട്ടില്ല. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
ലാൻഡിങ് ശ്രമം ഉപേക്ഷിച്ച് വിമാനം വീണ്ടും സുരക്ഷിതമായ ഉയരത്തിലേക്ക് ഉയർത്തി പിന്നീട് വീണ്ടും ലാൻഡ് ചെയ്യുന്നതിനെയാണ് ‘ഗോ എറൗണ്ട്’ എന്ന് പറയുന്നത്. വ്യോമയാന രംഗത്തെ സാധാരണ സുരക്ഷാ നടപടിയാണിത്. കാലാവസ്ഥാ സാഹചര്യം, റൺവേയിലെ സ്ഥിതി, ലാൻഡിങ്ങിന് അനുയോജ്യമല്ലാത്ത സാഹചര്യം തുടങ്ങിയ കാരണങ്ങളാൽ പൈലറ്റുമാർക്ക് ഗോ എറൗണ്ട് നടത്തേണ്ടിവരാം.
വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതിന് പിന്നാലെ രാഹുൽ ഗാന്ധി റായ്ബറേലിയിലേക്ക് പോയി. രണ്ട് ദിവസത്തെ സന്ദർശനത്തിൽ അദ്ദേഹം തന്റെ ലോക്സഭാ മണ്ഡലത്തിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.