‘സ്റ്റാലിനെ പരിഹസിച്ചിട്ടില്ല, ശരീരഭാഷ യാദൃച്ഛികം മാത്രം...’; വിശദീകരണവുമായി മുഖ്യമന്ത്രി വിജയ്

ചെന്നൈ: നിയമസഭയിൽ മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ അധിക്ഷേപിക്കുന്ന തരത്തിൽ ആംഗ്യം കാട്ടിയെന്ന ആരോപണത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി സി. ജോസഫ് വിജയ്. കഴിഞ്ഞദിവസം പൊലീസ് വകുപ്പിന്റെ ധനാഭ്യർഥന ചർച്ചക്ക് മറുപടി പറയുന്നതിനിടെ തന്റെ ശരീരഭാഷ യാദൃച്ഛികമായി സംഭവിച്ചതാണെന്നും അതിൽ വ്യക്തിപരമായി ആരെയും മനഃപൂർവം വേദനിപ്പിക്കണമെന്ന ഉദ്ദേശമുണ്ടായിരുന്നില്ലെന്നും വിജയ് ‘എക്സി’ൽ വ്യക്തമാക്കി.

മിസാ കാലത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ വിജയ് താടിയിൽ കൈ വെച്ചതാണ് വിവാദമായത്. അടിയന്തരാവസ്ഥക്കാലത്ത് പൊലീസ് മർദനത്തിൽ സ്റ്റാലിന്റെ താടിയെല്ല് തകർന്ന സംഭവത്തെ പരിഹസിക്കുന്നതായിരുന്നു ആംഗ്യമെന്ന് ഡി.എം.കെയും ടി.വി.കെ സർക്കാറിനെ പുറമെനിന്ന് പിന്തുണക്കുന്ന സി.പി.എമ്മും ആരോപിച്ചു. വിജയിയുടെ ആംഗ്യത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി പി. ഷൺമുഖം രൂക്ഷമായി വിമർശിച്ചിരുന്നു. സ്റ്റാലിനെ പൊലീസ് മർദിച്ച് താടിയെല്ല് തകർന്ന ചരിത്രസംഭവത്തെ പരിഹസിക്കുന്നത് അപലപനീയമാണെന്നാണ് അദ്ദേഹം പ്രസ്താവിച്ചത്.

അതേസമയം, വിജയ് ഡി.എം.കെക്കെതിരെ നടത്തിയ അഴിമതി ആരോപണങ്ങളെച്ചൊല്ലി ചൊവ്വാഴ്ച തമിഴ്‌നാട് നിയമസഭ പ്രക്ഷുബ്ദമായി. ഇ.ഡിയുടെ കണ്ടെത്തലുകളും സർക്കാരിയ കമീഷൻ റിപ്പോർട്ടും ഉദ്ധരിച്ച് ഡി.എം.കെക്കെതിരെ മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങൾ സഭാ രേഖകളിൽനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. തുടർന്ന് സ്പീക്കറുടെ നിർദേശപ്രകാരം ഡി.എം.കെ എം.എൽ.എമാരെ മാർഷൽമാരെ ഉപയോഗിച്ച് സഭയിൽ നിന്ന് ബലംപ്രയോഗിച്ച് പുറത്താക്കി.

സഭ ചേർന്നയുടൻ ഡി.എം.കെ ചീഫ് വിപ്പ് എ.വി. വേലുവിന്റെ നേതൃത്വത്തിലാണ് വിഷയം ഉന്നയിച്ചത്. ഇ.ഡി ആരോപണങ്ങളും സർക്കാരിയ കമീഷൻ പരാമർശങ്ങളും സഭയിൽ ഉന്നയിച്ചത് നിയമസഭാ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ഇവ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ ഡി.എം.കെയുടെ ഈ ആവശ്യം സ്പീക്കർ ജെ.സി.ഡി പ്രഭാകർ തള്ളി. മുമ്പ് പലതവണ സഭയിൽ ചർച്ച ചെയ്യപ്പെട്ട കാര്യങ്ങൾ തന്നെയാണ് മുഖ്യമന്ത്രിയും പരാമർശിച്ചതെന്നും, അതുകൊണ്ട് പരാമർശങ്ങൾ നീക്കേണ്ടതില്ലെന്നും സ്പീക്കർ വ്യക്തമാക്കി. ഇതിന് പിന്നാലെ ഡി.എം.കെ എം.എൽ.എമാർ മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലിറങ്ങി ബഹളം വെക്കുകയായിരുന്നു.

Tags:    
News Summary - CM Vijay Clarifies His Gesture In Tamil Nadu Assembly After Backlash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.