പ്രിമിയർ ലീഗിൽ ഇന്നാണ് ആ പോരാട്ടം; പഴയ കണക്കുതീർക്കാൻ ഗണ്ണേഴ്സ്

കേളികേട്ട വമ്പന്മാരെ തത്കാലം അരികിൽ നിർത്തി കുതിപ്പുതുടരുന്ന രണ്ട് ടീമുകൾ തമ്മിലെ ആവേശ​​പ്പോരാണിന്ന് പ്രിമിയർ ലീഗിൽ. മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും ചെൽസിയും വാണ കളിമുറ്റങ്ങളിൽ എതിരാളികളെ ബഹുദൂരം പിറകിലാക്കി അതിവേഗ കുതിപ്പിന്റെ വഴിയിലാണ് ആഴ്സണൽ. ഒന്നാം സ്ഥാനത്ത് എതിരാളികളെക്കാൾ നിലവിലെ പോയിന്റ് അകലം ഏഴ്. അവസാന അഞ്ചു കളികളിലും ജയം മാത്രം പരിചയിച്ചവർ. സ്വന്തം കളിമുറ്റത്താണെങ്കിൽ അവസാന 10 മത്സരങ്ങളും ജയിച്ചവർ. കഴിഞ്ഞ മേയിൽ ന്യൂകാസിലിനോട് അവരുടെ തട്ടകത്തിലേറ്റ തോൽവി മാത്രമാണ് പറയാവുന്ന വീഴ്ച. അതുകഴിഞ്ഞ് 17 മത്സരങ്ങളിലും അവർ എതിരാളികളുടെ വലയിൽ പന്തെച്ചിട്ടുണ്ട്. സീസണിൽ പക്ഷേ, ഇത്രയും കളികൾ പൂർത്തിയായിട്ടും ടീം വഴങ്ങിയത് 11 ഗോളുകൾ മാത്രം. തോൽവിക്കഥകൾ ഏറെയായി മറന്നുനിൽക്കുന്ന ടീമിനെ എളുപ്പം ഓർമിപ്പിക്കാൻ ന്യുകാസിലിനാകുമോയെന്നാണ് കാൽപന്തുലോകം ഉറ്റുനോക്കുന്നത്. 16 കളികളിൽ 43 പോയിന്റാണ് ഗണ്ണേഴ്സിന് നിലവിലെ സമ്പാദ്യം. അതിൽ 14ഉം ജയിച്ച ടീം ഒന്നു മാത്രം സമനില പിടിച്ചപ്പോൾ ഒരു കളി തോറ്റു.

മറുവശത്ത്, അവസാന മത്സരത്തിൽ സമനിലയിൽ കുരുങ്ങിയത് ന്യൂകാസിലിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. അതും ദുർബലരായ ലീഡ്സിനോട്. സ്വന്തം ഗ്രൗണ്ടിൽ ഗണ്ണേഴ്സിനെ തോൽപി​ച്ചിട്ടുണ്ടെങ്കിലും ആഴ്സണലിന്റെ മൈതാനത്ത് സമീപ കാലത്തൊന്നും ജയിക്കാൻ ന്യൂകാസിലിനായിട്ടില്ലെന്നതും സമ്മർദമേറ്റും. 17 കളികളിൽ 34 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ടീം. രണ്ടാം സ്ഥാനത്ത് കരുത്തരായ സിറ്റിയുണ്ട്. 

ഓരോ പൊസിഷനിലും സ്ഥിരതയാർന്ന പ്രകടനവുമായി നിറഞ്ഞുനിൽക്കുന്ന താരനിരയാണ് ഇരു ടീമുകളുടെയും പ്രതീക്ഷ. 

Tags:    
News Summary - Arsenal welcomes Newcastle in EPL leaders’ clash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.